| Sunday, 23rd October 2022, 9:32 pm

നീയൊക്കെ കണ്ടത്തില്‍ ക്രിക്കറ്റ് കളിക്കുന്ന സമയത്ത് അന്താരാഷ്ട്ര തലത്തില്‍ കളിക്കാന്‍ തുടങ്ങിയവനാണ്; ചര്‍ച്ചയായി അശ്വിന്റെ ടാക്ടിക്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

അത്യന്തം ആവേശവും അതിലേറെ നാടകീയതയും നിറഞ്ഞതായിരുന്നു ഇന്ത്യ – പാകിസ്ഥാന്‍ മെല്‍ബണ്‍ ടി-20. അടിയും തിരിച്ചടിയുമായി ഇരുടീമുകളും അവസാന ഓവര്‍ വരെ പോരാടിയപ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പേറുകയായിരുന്നു.

തോറ്റു എന്ന് ഉറപ്പിച്ചടത്ത് നിന്നുമാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അപരാജിത ഇന്നിങ്‌സ് ഇന്ത്യക്ക് തുണയായപ്പോള്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ കട്ടക്ക് കൂടെ നിന്നു.

ഇവരുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയൊരുക്കിയത്. അവസാന രണ്ട് ഓവറുകളിലായിരുന്നു പാകിസ്ഥാനില്‍ നിന്നും ഇന്ത്യ മത്സരം പിടിച്ചടക്കിയത്.

19ാം ഓവറില്‍ ഹാരിസ് റൗഫിന് ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറിന് തൂക്കിയായിരുന്നു വിരാട് അവസാന ഓവറില്‍ വരാനിരിക്കുന്ന വെടിക്കെട്ടിന് തിരികൊളുത്തിയത്.

എന്നാല്‍ മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ പുറത്താവുകയായിരുന്നു. താരത്തെ ബാബറിന്റെ കൈകളിലെത്തിച്ചാണ് നവാസ് വിരാട്-ഹര്‍ദിക് കൂട്ടുകെട്ടിന് വിരാമമിട്ടത്.

തുടര്‍ന്നെത്തിയത് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കായിരുന്നു. അവസാന ഓവറില്‍ വിജയത്തിന് നിര്‍ണായകമായ നീക്കങ്ങള്‍ നടത്തിയെങ്കിലും അഞ്ചാം പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം പുറത്താവുകയായിരുന്നു.

നവാസിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച താരം ബീറ്റണാവുകയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയുമായിരുന്നു.

വെറ്ററന്‍ താരം ആര്‍. അശ്വിനായിരുന്നു പിന്നാലെയെത്തിയത്. ഒരു ബോളില്‍ രണ്ട് റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെയാണ് അശ്വിന്‍ ക്രീസിലെത്തുന്നത്.

ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കിയ അതേ തന്ത്രം അശ്വിന് നേരെയും പ്രയോഗിക്കാനായിരുന്നു നവാസിന്റെ ശ്രമം. എന്നാല്‍ ഇക്കാര്യം തിരിച്ചറിഞ്ഞ അശ്വിന്‍ ആ പന്ത് ലിവ് ചെയ്യുകയും വൈഡിലൂടെ വിലപ്പെട്ട ഒരു റണ്‍സ് സ്വന്തമാക്കി സ്‌കോര്‍സ് ലെവല്‍ ചെയ്യുകയുമായിരുന്നു.

അടുത്ത പന്തില്‍ സിംഗിള്‍ നേടി വിജയം കുറിച്ചെങ്കിലും അഞ്ചാം പന്തിലെ താരത്തിന്റെ ടാക്ടിക്കല്‍ നീക്കമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഒരുപക്ഷേ അശ്വിന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ പാകിസ്ഥാന്‍ ഒരു റണ്‍സിന് മത്സരം ജയിക്കുന്ന സ്ഥിതി പോലും ഉണ്ടാവുമായിരുന്നു.

എന്നാല്‍ അതിന് മുതിരാത്ത അശ്വിന്റെ പ്രസെന്‍സ് ഓഫ് മൈന്‍ഡും ടാക്ടിക്‌സും കൂടിയാണ് ഇന്ത്യയുടെ വിജയത്തിന് നിദാനമായ ഒരി ഘടകം.

അര്‍ഷ്ദീപിന്റെയും ഭുവനേശ്വറിന്റെയും ബൗളിങ് പ്രകടനത്തിനും ഹര്‍ദിക്കിന്റെ ഓള്‍ റൗണ്ട് മികവിനും വിരാടിന്റെ മൈന്‍ഡ് ബ്ലോവിങ് ഇന്നിങ്‌സിനും പുറമെ അശ്വിന്റെ ഈ ടാക്ടിക്‌സും ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിലെ മേജര്‍ മൊമെന്റില്‍ ഒന്നായിരുന്നു.

Content highlight: Social media discusses R Aswin’s tactics in the last over of Indian innings

We use cookies to give you the best possible experience. Learn more