മലയാള സിനിമിയില്‍ ഒരു താരം ഏതെങ്കിലും ഒരു വേഷം ചെയ്ത് ഫലിപ്പിക്കുകയാണെങ്കില്‍ തുടര്‍ന്ന് വരുന്ന പല ചിത്രങ്ങളിലും സമാനമായ വേഷങ്ങളാവും അവരെ തേടിയെത്തുക.
നാദിര്‍ഷ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തിയ കട്ടപ്പനയിലെ ഹൃത്തിക് റോഷന്‍ എന്ന ചിത്രത്തില്‍ പറയുന്നത് പോലെ സ്ഥിരം കള്ളനും സ്ഥിരം ഗുണ്ടയും സ്ഥിരം പൊലീസും സ്ഥിരം വഴിപോക്കനുമൊക്കെയായിട്ടായിരിക്കും മലയാള സിനിമയില്‍ അയാളെ പിന്നെ കാണാന്‍ സാധിക്കുക.
ഇത്തരത്തിലുള്ള സ്റ്റീരിയോ ടൈപ്പിങ്ങുകളെ കുറിച്ച് മലയാള സിനിമയില്‍ തന്നെ ഏറെ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. ജഗന്നാഥ വര്‍മയെ ഒരിക്കലും സാധാരണക്കാരനായി മലയാളികള്‍ക്ക് കാണാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. പൊലീസ് റോള്‍ ആണെങ്കില്‍ മിനിമം ഒരു ഡി.ഐ.ജി ആയല്ലാതെ അദ്ദേഹത്തെ കാണാന്‍ സാധിക്കില്ല.
എല്ലാ സിനിമകളിലും നായകനെ ഒപ്പം നിന്ന് ചതിക്കുന്ന ബിട്രേയല്‍ സ്റ്റാര്‍ വിജയകുമാറും എല്ലാ സിനിമകളിലും മരിക്കേണ്ടി വരുന്ന ദി ഡെത്ത് സ്റ്റാര്‍ സന്തോഷ് കീഴാറ്റൂമെല്ലാം ഇങ്ങനെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയവരാണ്.
മലയാളത്തിലെ ഇത്തരം സ്റ്റീരിയോടൈപ്പിങ്ങുകളെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാവുകയാണ്. മലയാളത്തിലെ ഒരു പ്രമുഖ സിനിമാ ഗ്രൂപ്പില്‍ വന്ന പോസ്റ്റിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.
ജഗന്നാഥവര്‍മ, വിജയകുമാര്‍, രണ്‍ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരുടെ ചിത്രമാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. ജഗന്നാഥവര്‍മയെ ഹൈക്ലാസ് സ്റ്റാര്‍ എന്നും വിജയകുമാറിനെ ബിട്രേയല്‍ സ്റ്റാര്‍ എന്നും സന്തോഷ് കീഴാറ്റൂരിനെ ഡെത്ത് സ്റ്റാര്‍ എന്നും എപ്പോഴും എയര്‍ പിടിച്ചു നടക്കുന്നതിനാല്‍ രണ്‍ജി പണിക്കരെ ഓക്‌സിജന്‍ സ്റ്റാര്‍ എന്നും വിശേഷിപ്പിച്ചാണ് ഇവര്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഈ പോസ്റ്റിന് പിന്നാലെയെത്തുന്ന കമന്റുകളും രസകരമാണ്. മലയാള സിനിമയിലെ മറ്റ് സ്റ്റീരിയോടൈപ്പിങ്ങുകളെയാണ് ആരാധകര്‍ കമന്റിലും ചൂണ്ടിക്കാണിക്കുന്നത്.
പഴയ കാല സിനിമകളില്‍ മയക്കുമരുന്ന് കടത്തും കള്ളക്കടത്തലുമായി വെള്ളിത്തിരയില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ട മധുപാലിനെ ‘ഡ്രഗ് സ്റ്റാര്‍’ എന്നും സമീപ കാല ചിത്രങ്ങളില്‍ ഡോക്ടറായി പ്രത്യക്ഷപ്പെടുന്ന മാലാ പാര്‍വതിയെ ‘മെഡിക്കല്‍ സ്റ്റാര്‍’ എന്നുമാണ് ആരാധകര്‍ വിളിക്കുന്നത്.
തന്റെ മിക്കവാറും ചിത്രങ്ങളില്‍ പണിക്കരുടെ റോളിലെത്തുന്ന എം.എസ്. തൃപ്പൂണിത്തുറയെ ‘കണിയാര്‍ സ്റ്റാര്‍’ എന്നും മിക്ക ചിത്രങ്ങളിലും ക്രൂരനായ മന്ത്രിയോ എം.എല്‍.എയോ ആയി രംഗത്തെത്തുന്ന കൊല്ലം തുളസിയെ ‘പൊളിറ്റിക്കല്‍ സ്റ്റാര്‍’ എന്നും ജാഫര്‍ ഇടുക്കിയെ ‘ഹൈറേഞ്ച് സ്റ്റാര്‍’ എന്നുമാണ് ഇവര്‍ വിളിക്കുന്നത്.
തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അര്‍ജുന്‍ ലാലിനെ ഡെക്കോഡ് സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്. ഒരോ പതിറ്റാണ്ടിലും ഓരോ ചിത്രം ചെയ്യുന്നു എന്നാണ് ആരാധകര്‍ ഇതിന് വിശദീകരണം നല്‍കുന്നത്. 2005ല്‍ തന്മാത്ര, 2014ല്‍ ആശാ ബ്ലാക്ക്, 2022ല്‍ ഡിയര്‍ ഫ്രണ്ട് തുടങ്ങിയവയാണ് താരത്തിന്റെതായി പുറത്തുവന്ന ചിത്രങ്ങള്‍.
ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ‘ഇന്റര്‍വ്യൂ സ്റ്റാര്‍’, ഹണി റോസ് ‘ഇനാഗുറേഷന്‍ സ്റ്റാര്‍’, ജയറാം ‘ശവം സ്റ്റാര്‍’, മുകേഷ് ‘പുല്ല് സ്റ്റാര്‍’, ആന്റണി പെരുമ്പാവൂര്‍ ‘ഗസ്റ്റ് റോള്‍ സ്റ്റാര്‍’ എന്നിങ്ങനെ നീണ്ടുപോവുകയാണ് മലയാളത്തിലെ സ്റ്റീരിയോടൈപ്പിങ് റോളുകളും അവരുടെ വിളിപ്പേരുകളും.
Content Highlight: Social media discusses about the stereotyping in Malayalam cinema