| Tuesday, 13th September 2022, 9:11 am

ഒന്നാന്തരം കള്ളനാണയം, അധികാരത്തോട് ഒട്ടിനില്‍ക്കുന്നയാള്‍; പ്രേം കുമാറും സുദീപും തമ്മില്‍ വാക്‌പോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മുന്‍ ജഡ്ജി എസ്. സുദീപും പ്രേംകുമാറും തമ്മിലുള്ള വാക്‌പോര്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പിന്തുണച്ചുകൊണ്ട് ഇടതുസഹയാത്രികന്‍ പ്രേം കുമാര്‍ രംഗത്തുവന്നിരുന്നു. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഒരു പ്രതീക്ഷയാണെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിന്റെ ഉള്ളടക്കം.

എന്നാല്‍ ഇതിനെ പരസ്യമായി വിമര്‍ശിച്ച് എസ്. സുദീപ് രംഗത്തുവന്നിരുന്നു. പ്രേംകുമാര്‍ അധികാരത്തോട് ഒട്ടിയിരിക്കാന്‍ ആഗ്രഹിക്കുന്നയാളാണെന്ന് പറഞ്ഞുകൊണ്ട് സി.പി.ഐ.എമ്മിനെയും പാര്‍ട്ടി പ്രവര്‍ത്തകരേയും കടന്നാക്രമിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ മുന്‍കാല പോസ്റ്റുകളെല്ലാം പങ്കുവെച്ചുകൊണ്ടായിരുന്നു സുദീപ് രംഗത്തുവന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരെ കഴുതകളെന്ന് വിളിക്കുന്നതും, നോട്ടുനിരോധനത്തില്‍ മോദിയെ സ്തുതിക്കുന്നതുമടക്കമുള്ള പ്രേംകുമാറിന്റെ പോസ്റ്റുകളുടെ ഉള്ളടക്കമായിരുന്നു സുദീപ് പങ്കുവെച്ചത്.

എന്നാല്‍ ഇതിനെ ന്യായീകരിച്ച് പ്രേം കുമാര്‍ രംഗത്തുവന്നിരുന്നു. താന്‍ അധികാരത്തോട് ഒട്ടിയിരിക്കാന്‍ വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും താന്‍ ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ളത് സി.പി.ഐമ്മിനെയും പിണറായി വിജയനെയുമാണെന്നും എന്നാല്‍ അതെല്ലാം തന്നെ ക്രിയാത്മക വിമര്‍ശനമായിരുന്നെന്നും അദ്ദേഹം പറയുന്നു.

‘ഓര്‍മ ശരിയാണെങ്കില്‍, ഞാനേറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ള പാര്‍ട്ടി സി.പി.ഐ.എം.തന്നെയാണ്. ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള നേതാവ് സ. പിണറായി വിജയനാണ്.

പലപ്പോഴും ദൂരെ സെയ്ഫ് ആയി മാറി നിന്ന് കുറ്റം പറയലായിരുന്നു എന്റെ പരിപാടി. പറയാനിടം കിട്ടുന്നിടത്തൊക്കെ ഞാന്‍ തന്നെയിത് പറയുന്നതാണ്; എന്നെ അറിയാവുന്ന എല്ലാവര്‍ക്കും ഇതറിയാവുന്നതുമാണ്. കൂടെ നിന്ന് പറയുകയും വിമര്‍ശിക്കേണ്ടപ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് അനുഭവം പാഠമായപ്പോള്‍ അങ്ങനെ പറയാന്‍ തുടങ്ങിയതാണ്.

നാടെങ്ങും ശത്രുക്കളുടെ എണ്ണം പലമടങ്ങായെന്നാലും അതിനിശിതമായ് നിരന്തരം ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നാലും പിഴച്ചുപോകാവുന്നൊരു വാക്കിന് വേണ്ടി പലരും കാത്തിരിക്കുന്നുണ്ടെന്നാലും പഴയതിനേക്കാള്‍ ശരിയായ നിലപാട് ഇതാണെന്നും നല്ല ബോധ്യമുണ്ട്,’ എന്ന് തുടങ്ങുന്ന കുറിപ്പായിരുന്നു പ്രേംകുമാര്‍ പങ്കുവെച്ചത്.

രാഹുലിനെ പരിഹസിക്കുന്നതിലൂടെ അതിന്റെ ദോഷം കോണ്‍ഗ്രസിനല്ല, മറിച്ച് ഇടതിനാണ് ദോഷം ചെയ്യുക എന്നും അദ്ദേഹം കുറിപ്പില്‍ എഴുതിയിരുന്നു.

താന്‍ സി.പി.ഐ.എം പോലൊരു പാര്‍ട്ടിയെ കുഴിയില്‍ ചാടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയെ പറ്റിയുള്ള തെറ്റായ ധാരണ കൊണ്ടാണെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുചേരിയില്‍ നിന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നയാളാണ് പ്രേം കുമാര്‍. പോസ്റ്റുകളില്‍ സ്വയം കടന്നല്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കാറുണ്ടായിരുന്നു. സി.പി.ഐ.എം സൈബര്‍ പോരാളികളെ വിശേഷിപ്പിക്കുന്ന പേരാണ് കടന്നലുകള്‍. ഇതിന് പുറമെ ന്നാ താന്‍ കേസുകൊട് എന്ന ചിത്രത്തിന്റെ ബഹിഷ്‌കരണാഹ്വാനത്തിന് മുന്‍പന്തിയില്‍ നിന്നതും പ്രേം കുമാറായിരുന്നു.

എന്നാല്‍ പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉന്നയിക്കാറില്ലെന്നും അത്രനാളും പാര്‍ട്ടി വിരുദ്ധത മാത്രം കൈമുതലായിരുന്നവര്‍ പാര്‍ട്ടിക്കെതിരെ അത്രയും കാലം നടത്തിയിരുന്നതൊന്നും വിമര്‍ശനങ്ങളല്ല, മറിച്ച് പാര്‍ട്ടിയെ നശിപ്പിക്കണമെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള നശീകരണാത്മക ആക്രമണങ്ങള്‍ തന്നെയാണ് എന്നു മനസിലാക്കാന്‍ നമുക്കു കഴിയണമെന്നുമായിരുന്നു സുദീപ് പറഞ്ഞത്.

ഇതിന് പുറമെ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയാണെന്ന പ്രേംകുമാറിന്റെ വാദത്തിനും സുദീപ് മറ്റൊരു പോസ്റ്റിലൂടെ മറുപടി നല്‍കിയിരുന്നു.

തുടര്‍ന്നുള്ള സുദീപിന്റെ മറ്റു രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും പ്രേം കുമാറിനുള്ള മറുപടിയെന്നോണമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളതും. ‘

‘കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വാഴ്ത്തിക്കൊണ്ട് ഇടതുപക്ഷം നടന്നാല്‍ അതിന്റെ ഗുണം ഇടതുപക്ഷത്തിനല്ല, മറ്റുള്ളവര്‍ക്കാണ്. കോട്ടം ഇടതിനും.

അതു മനസിലാക്കാന്‍ പി.എച്ച്.ഡി വേണ്ട. ഡോക്ടറാവണ്ട. എല്‍.എല്‍.ബി വേണ്ട. ജഡ്ജിയായിട്ട് രാജിവയ്ക്കുകയും വേണ്ട.
അങ്കനവാടിയില്‍ അങ്കം വെട്ടുന്ന ഏതു കുമാരനും അതറിയാന്‍ പറ്റും.

രാഹുലിനെ നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയായി ഏതെങ്കിലും കോണ്‍ഗ്രസ് കുമാരന്‍ പോലും കരുതുമെന്ന് രാഹുല്‍ സ്വപ്‌നേപി വിചാരിച്ചിട്ടില്ല.

എന്നിട്ടും ചില കുമാരന്മാരുടെ പ്രതീക്ഷ മുഴുവന്‍ രാഹുലിലാണ്.

കോണ്‍ഗ്രസിന്റെ ബി ടീം ആണ് ഇടതുപക്ഷം എന്ന് ലേബല്‍ ചെയ്യിച്ച് ഇടതുപക്ഷത്തിനെ ക്ഷീണിപ്പിക്കാനുള്ള കുമാരന്മാരുടെ കുടില തന്ത്രമാണത്. അങ്ങനെ കോണ്‍ഗ്രസ്/സംഘപരിവാര്‍ പ്രഭൃതികള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനുളള ശ്രമമാണത്. കരാറാണ്, ക്വട്ടേഷനാണ്,’ എന്നായിരുന്നു സുദീപ് ഫേസ്ബുക്കിലെഴുതിയത്.

ഏതായാലും ഇരുവരുടെയും പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്.

Content Highlight: Social media discuss the Facebook posts of former judge S Sudeep and Prem Kumar

Latest Stories

We use cookies to give you the best possible experience. Learn more