A.M.M.A യെ തിരിഞ്ഞുകൊത്തി അന്നത്തെ മമ്മൂട്ടിയുടെ വാക്കുകള്‍ ; ദിലീപിനെ പുറത്താക്കുമ്പോള്‍ പറഞ്ഞത് ഇങ്ങനെ
Kerala News
A.M.M.A യെ തിരിഞ്ഞുകൊത്തി അന്നത്തെ മമ്മൂട്ടിയുടെ വാക്കുകള്‍ ; ദിലീപിനെ പുറത്താക്കുമ്പോള്‍ പറഞ്ഞത് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th June 2018, 3:59 pm

കൊച്ചി: താര സംഘടനയായ A.M.M.Aയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഘടനയുടെ നടപടിക്കെതിരെ രാഷ്ട്രീയരംഗത്തുനിന്നും സാമൂഹ്യരംഗത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ദിലീപിന്റെ തിരിച്ചുവരവിനെ ന്യായീകരിക്കുന്നവര്‍ ഇരയെ അപമാനിക്കുകയാണെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകഴിഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ തിനെ തുടര്‍ന്നായിരുന്നു നടന്‍ ദിലീപിനെ A.M.M.Aയില്‍ നിന്നും പുറത്താക്കുന്നത്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.


Dont Miss ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ക്കുമറിയണം; അടിയന്തിര എക്‌സിക്യൂട്ടീവ് വിളിക്കണമെന്നാവശ്യപ്പെട്ട് A.M.M.A യിലെ ഡബ്ല്യു.സി.സി അംഗങ്ങള്‍


അന്ന് ദിലീപിനെ പുറത്താക്കിയ തീരുമാനം മാധ്യമങ്ങളെ അറിയിച്ചുകൊണ്ടുള്ള നടന്‍ മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. “കേസ് പുതിയ വഴിത്തിരിവിലേക്ക് മാറുകയും ദിലീപിനെ അറസ്റ്റു ചെയ്യുകയും പൊലീസ് അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അമ്മ ഒരു അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൂടുകയും ഇരയാക്കപ്പെട്ടത് ഞങ്ങളുടെ ഒരംഗം കൂടിയായതുകൊണ്ടും ദിലീപിനെതിരെ ഇങ്ങനെയൊരു കേസ് വന്നതുകൊണ്ടും പൊലീസ് അറസ്റ്റ് ചെയ്തതുകൊണ്ടും ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി അദ്ദേഹത്തെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനും അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കാനുമാണ് ഈ കമ്മിറ്റി തീരുമാനിച്ചത്.


Also Read ഇടതുപക്ഷ ജനപ്രതിനിധികള്‍ A.M.M.A വിടുക, അല്ലെങ്കില്‍ എല്‍.ഡി.എഫ് ഇവരെ പുറത്താക്കുക: പാര്‍ട്ടിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു


വിശദമായ എക്‌സിക്യൂട്ടീവ് ഉടന്‍ തന്നെ കൂടുന്നതും അങ്ങോട്ടുള്ള നടപടികള്‍ എന്താണെന്ന് ആലോചിക്കുകയും ചെയ്യും. ഇത് വരെ ഞങ്ങള്‍ ഇരയാക്കപ്പെട്ട ഞങ്ങളുടെ സഹോദരിക്കൊപ്പമായിരുന്നെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇനിയും ഞങ്ങള്‍ ഞങ്ങളുടെ സഹോദരിക്കൊപ്പമായിരിക്കും. വ്യക്തിപരമായും സംഘടനാപരമായും ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ്. ഞങ്ങള്‍ ആദ്യം മുതല്‍ തന്നെ ഞങ്ങളുടെ സര്‍വാത്മനായുള്ള പിന്തുണ സഹോദരിക്ക് നല്‍കിയിട്ടുണ്ട്. വ്യക്തിപരമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇനി മുന്‍പോട്ടും അങ്ങനെ തന്നെ ആയിരിക്കും.

സംഘടനയില്‍ ക്രിമിനലുകളുള്ളത് നാണക്കേടാണെന്നും പക്ഷേ ഓരോരുത്തരേയും തിരിച്ചറിയുക എന്നത് സംഘടനയെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്നും ഇരയ്ക്ക് വേണ്ടി ഇനിമേല്‍ തങ്ങള്‍ ഒപ്പമുണ്ടാകുമെന്നും അന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

എന്നാല്‍ അന്ന് ദിലീപിനെ പുറത്താക്കിയ സാഹര്യത്തിന് നിലവില്‍ ഒരു മാറ്റവും ഇല്ലാതിരിക്കെ എന്തിന്റെ പേരിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ച നടന്‍മാരില്‍ മറ്റൊരാള്‍ പൃഥ്വിരാജായിരുന്നു. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ യോഗത്തില്‍ ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ പറയുമെന്നും പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു.

“ഒരാളെ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ കുറ്റവാളിയാണെന്ന് ഒരു സംഘടനയ്ക്കും പറയാന്‍ സാധിക്കില്ല എന്ന് എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും അറിയാം. പൊലീസിന്റെ നിഗമനം ഇന്നലെയാണ് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിയുന്നത്. അതിനെ തുടര്‍ന്ന് ഇന്ന് ഒരു യോഗം കൂടുകയും തൃപ്തികരമായ ഒരു തീരുമാനം എടുക്കുകയും ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ അവിടെ എത്തി അഞ്ച് മിനുട്ടിനുള്ളില്‍ എല്ലാതീരുമാനവും എടുത്തിട്ടുണ്ട്. എല്ലാവരും അത് ഏകകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു” എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍.


മനുഷ്യാവകാശ ലംഘനം, ബലാത്സംഗം, അക്രമം; സിനിമാമേഖലയിലെ ഈ അക്രമകാരികളെ അടക്കി നിര്‍ത്താന്‍ രാഷ്ടീയകേരളമേ നിനക്കേ കഴിയൂ: ആഷിഖ് അബു


എന്നാല്‍ വിഷയം ഇത്രയേറെ ചര്‍ച്ചയായിട്ടും ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ A.M.M.Aയുടെ പ്രധാനഭാരവാഹികളായ മോഹന്‍ലാലോ മമ്മൂട്ടിയോ ഇന്നസെന്റോ മുകേഷോ ഗണേഷ് കുമാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നസെന്റും ഇടവേള ബാബുവും ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ അടിയന്തിര എക്‌സിക്യുട്ടീവ് വിളിക്കണമെന്നാവശ്യവുമായി A.M.M.A യിലെ ഡബ്ല്യൂ.സി.സി അംഗങ്ങളായ രേവതി, പത്മപ്രിയ,പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്.

A.M.M.Aയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം തങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നെന്ന് ഇവര്‍ പറയുന്നു. അക്രമത്തെ അതിജീവിച്ച നടിക്ക് A.M.M.A യിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ A.M.M.A യിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ A.M.M.Aയുടെ യഥാര്‍ത്ഥ നിലപാടെന്താണെന്ന് ഞങ്ങള്‍ക്കറിയേണ്ടതുണ്ട്. A.M.M.A യുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച നടത്തേണ്ടതുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ നടിമാര്‍ ആവശ്യപ്പെട്ടിരുന്നു.