'മെസിയും നെയ്മറും സ്ത്രീശാക്തീകരണവും'; നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
Kerala News
'മെസിയും നെയ്മറും സ്ത്രീശാക്തീകരണവും'; നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th March 2023, 12:35 pm

തിരുവനന്തപുരം: നെയ്മര്‍ ഫാനായത് കൊണ്ട് മെസിയെക്കുറിച്ചുള്ള ഉത്തരം എഴുതില്ലെന്ന് പറഞ്ഞ നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കടുത്ത ബ്രസീല്‍ ആരാധികയായ തിരൂര്‍ പുതുപ്പള്ളി ശാസ്താ എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി റിസ ഫാത്തിമയാണ് വൈറല്‍ ഉത്തരത്തിന് പിന്നില്‍. നാലാം ക്ലാസ് പരീക്ഷക്ക് മെസിയെ കുറിച്ച് കുറിപ്പെഴുതാനുള്ള ചോദ്യത്തിനാണ് റിസ ഫാത്തിമയുടെ വൈറല്‍ ഉത്തരം വന്നത്.

ഉത്തരക്കടലാസ് വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ചിലര്‍ ഉത്തരത്തില്‍ കുട്ടിയുടെ നിഷ്‌കളങ്കത തിരയുമ്പോള്‍ ഇത്ര ചെറുപ്പത്തില്‍ തന്നെ മറ്റൊരാളോട് വെറുപ്പ് പ്രകടിപ്പിക്കാന്‍ കുട്ടിയെ ആരാണ് പഠിപ്പിച്ചതെന്ന തരത്തിലൊക്കെ കമന്റുകള്‍ നിറയുന്നുണ്ട്.

അതിനിടെ റിസയുടെ ഉത്തരത്തെ സ്ത്രീ ശാക്തീകരണത്തിന് ഉദാഹരണമായി ചിലര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതോടെ പുതിയ വാക്കുതര്‍ക്കങ്ങള്‍ക്കും സോഷ്യല്‍ മീഡിയ സാക്ഷിയായി. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നിരാകരിക്കാന്‍ പെണ്‍കുട്ടികള്‍ പഠിച്ച് തുടങ്ങിയതിന്റെ ഉദാഹരണമാണ് റിസയുടെ ഉത്തരമെന്നും കുട്ടിയുടെ നിലപാട് പ്രതീക്ഷ നല്‍കുന്നതാണെന്നും എഴുത്തുകാരി ശാരദക്കുട്ടിയാണ് പോസ്റ്റിട്ടത്. ഇതോടെ അവരെ വിമര്‍ശിച്ചും ചിലയാളുകള്‍ രംഗത്തെത്തി.

കുട്ടിയുടെ നിലപാടും നിശ്ചയദാര്‍ഢ്യവും തനിക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും പെണ്‍കുട്ടികള്‍ വ്യവസ്ഥകളെ വെല്ലുവിളിക്കാന്‍ തുടങ്ങിയതിന്റെ ഉദാഹരമാണിതെന്നുമാണ് ശാരദക്കുട്ടി പറഞ്ഞത്. മലപ്പുറത്തുള്ള അധ്യാപകന്‍ തയ്യാറാക്കിയതാകും ചോദ്യമെന്നും ഇഷ്ടമില്ലാത്തതിന് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവുകയാണെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

പോസ്റ്റിന് പിന്നാലെ ശാരദക്കുട്ടിക്ക് നേരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി.
കുട്ടിയുടെ ഉത്തരം ആദ്യം കണ്ടപ്പോള്‍ തമാശയായി കരുതിയെന്നും എന്നാല്‍ അതിനെ സ്ത്രീ ശാക്തീകരണവുമായി ചേര്‍ത്ത് കെട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും ഡോ.ജെ.എസ് വീണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ വേണ്ടെന്ന് വെക്കുന്നതിനേക്കാളും ഉത്തരമെഴുതി ഇഷ്ടക്കേട് കാണിക്കാനുള്ള ആര്‍ജവമാണ് പെണ്‍കുട്ടികള്‍ കാണിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. കുട്ടികളുടെ പ്രതികരണം കുട്ടിത്തമായി കണ്ടാല്‍ മതിയെന്നും തല്‍ക്കാലം അവര്‍ കുട്ടികളായി തുടരട്ടെയെന്നുമാണ് വീണയുടെ പോസ്റ്റ്.

ഇതോടെ മറ്റുപലരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ ക്വാളിറ്റിയുള്ള വിദ്യാഭ്യാസമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും കുട്ടികളുടെ ഇത്തരം കുറുമ്പുകള്‍ കാര്യമാക്കേണ്ടെന്നും ചിലര്‍ പറയുന്നുണ്ട്.

Content Highlight: Social media discuss about answer sheet