ആണ്‍കുട്ടികളുടെ കണ്ണ് പതിയാതെ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളിലേക്ക് പോവാനൊരു നിര്‍മിതി; അമല്‍ ജ്യോതി കോളേജിലെ ആകാശ നടപ്പാതക്കെതിരെ വിമര്‍ശനം
Kerala News
ആണ്‍കുട്ടികളുടെ കണ്ണ് പതിയാതെ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളിലേക്ക് പോവാനൊരു നിര്‍മിതി; അമല്‍ ജ്യോതി കോളേജിലെ ആകാശ നടപ്പാതക്കെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2023, 3:26 pm

കോട്ടയം: അമല്‍ ജ്യോതി കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമിടയില്‍ കോളേജിലെ ആകാശ നടപ്പാത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നിരവധിപേരാണ് ആകാശനടപ്പാതയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് കോളേജ് മാനേജ്‌മെന്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഇങ്ങനെയൊരു ആകാശ നടപ്പാത കോളേജ് അധികൃതര്‍ ഉണ്ടാക്കിയിരിക്കുന്നത് ആണ്‍കുട്ടികളുമായി ഇടപഴകാതെ പെണ്‍കുട്ടികള്‍ക്ക് കോളേജില്‍ നിന്നും ഹോസ്റ്റലുകളിലേക്ക് പോവാനാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ലോകത്തിലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും വലിയ ആകാശനടപ്പാതയാണിതെന്നും സോഷ്യമീഡിയയിലെ പോസ്റ്റുകളില്‍ പറയുന്നു.

ക്യാമ്പസുകളില്‍ തീര്‍ച്ചയായും ആരോഗ്യകരമായ ചുറ്റുപാടുകള്‍ വേണം. അവിടെ ഒരിക്കലും വിദ്യാര്‍ത്ഥികളുടെ ജെന്‍ഡര്‍ അവര്‍ക്ക് ആശയവിനിമയം നടത്തുന്നതിനോ ഒരു ടീമായി വര്‍ക്ക് ചെയ്യുന്നതിനോ സംവാദങ്ങള്‍ നടത്തുന്നതിനോ ആരോഗ്യകരമായ മത്സരങ്ങള്‍ നടത്തുന്നതിനോ തടസ്സമാവരുതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്നാല്‍ അവിടെ സെക്ഷ്വല്‍ ആക്റ്റിവിറ്റീസ് മാത്രമാണു നടക്കാന്‍ പോകുന്നതെന്ന മുന്‍വിധി എത്രമാത്രം ലജ്ജാവഹമാണെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറയുന്നു. ഇങ്ങനെ ലൈംഗികമായി മാത്രം ചിന്തിക്കുന്ന കോളേജ് അധികൃതരും സ്റ്റാഫും ചേര്‍ന്ന് കുട്ടികളെ നിരന്തരം ഹരാസ് ചെയ്യുന്നതും ക്യാമ്പസില്‍ താലിബാനിസം പോലെ പെണ്ണിടങ്ങളും ആണിടങ്ങളും വേര്‍ത്തിരിക്കുന്നതും നമ്മളിനിയും അഡ്രസ് ചെയ്തില്ലെങ്കില്‍ പിന്നെയെന്നാണ്? പോസ്റ്റില്‍ ചോദിക്കുന്നത്.

ഇത് മെട്രോ പാലമല്ല, അഫ്ഗാനിസ്ഥാനില്‍ നിന്നും വെറും 5820 മീറ്റര്‍ അകലെയുള്ള അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ ആകാശനടപ്പാത ആണ്. കോളേജിലെ ആണ്‍കുട്ടികളുടെ കണ്ണ് പതിയാതെ പെണ്‍കുട്ടികള്‍ക്ക് കോളേജില്‍ നിന്നും ഹോസ്റ്റലുകളിലേക്ക് പോവാനുള്ള നിര്‍മിതിയാണിത്.
എന്തൊരു പ്രാകൃതം എന്നായിരുന്നു മറ്റൊരു പോസ്റ്റ്.

Content Highlight: Social media discuss about amaljyothi college skywalk