| Sunday, 6th March 2022, 1:43 pm

'ഒരു നടനെ എത്രത്തോളം മോശമാക്കാമെന്നും മികച്ചതാക്കാമെന്നുമുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണം'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വം തരംഗമായതോടെ മമ്മൂട്ടിക്കൊപ്പം ചര്‍ച്ചയായ കഥാപാത്രമാണ് സൗബിന്റേത്. ആദ്യ പകുതിയില്‍ ഒതുങ്ങി നിന്ന് രണ്ടാം പകുതിയില്‍ നിര്‍ണായക വഴിത്തിരിവ് സംഭവിക്കുന്ന കഥാപാത്രമാണ് സൗബിന്റെ അജാസ്.

ഭീഷ്മ പര്‍വ്വത്തിലെ അജാസിനൊപ്പം സൗബിന്റെ മറ്റു കഥാപാത്രങ്ങളും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഭീഷ്മക്ക് തൊട്ടുമുന്നേ ഇറങ്ങിയ ബ്രോ ഡാഡിയിലേതായിരുന്നു. ചിത്രത്തിലെ സൗബിന്റെ കഥാപാത്രമായ ഹാപ്പി പിന്റോയ്ക്ക് നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

‘ഒരു നടനെ എത്രത്തോളം മോശമാക്കാമെന്നും എത്രത്തോളം മികച്ചതാക്കാമെന്നുമുള്ളതിന്റെയും ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ഉദാഹരണം,’ എന്നാണ് ബ്രോ ഡാഡിയിലേയും ഭീഷ്മ പര്‍വ്വത്തിലേയും കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സിനിമ പാരഡൈസ് ക്ലബ് എന്ന മൂവി ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റ്.

ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ സൗബിന്റെ നിരവധി കഥാപാത്രങ്ങളാണ് ചര്‍ച്ചയായത്. സൗബിന്റെ ഏറ്റവും മികച്ച കഥാപാത്രം കുമ്പളങ്ങിയിലേതും സുഡാനി ഫ്രം നൈജീരിയയിലേതാണെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. പറവയിലെ വില്ലനായുള്ള പ്രകടനവും ചിലര്‍ എടുത്തു പറയുന്നുണ്ട്.

ഭീഷ്മ പര്‍വ്വത്തിലെ ഒരു ഘട്ടത്തില്‍ മമ്മൂട്ടിയോളം പ്രാധാന്യം ലഭിക്കുന്ന കഥാപാത്രമാണ് സൗബിന്റെ അജാസ്. ചിത്രത്തിലെ അജാസിന്റെ പ്രാധാന്യം റിലീസിന് മുന്നേ തന്നെ അണിയറ പ്രവര്‍ത്തകര്‍ തന്നിരുന്നു.

മൈക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം പുറത്തു വിട്ട ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ സൗബിന്റേതായിരുന്നു. റിലീസിന് തൊട്ടുമുന്നേ മൈക്കിളും അജാസും ഒന്നിച്ചുള്ള പോസ്റ്ററിലും ഇതേ സൂചന തന്നെയാണ് നല്‍കിയത്.

അമല്‍ നീരദിന്റെ ആദ്യ സിനിമയില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത സൗബിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമയില്‍ നായകനൊപ്പമെത്തുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ്. പല തിയേറ്ററുകളും സോഷ്യല്‍ മീഡിയ പേജുകളില്‍ തിയേറ്ററിലെ തിരക്കും എക്‌സ്ട്രാ പ്ലാസ്റ്റിക് കസേരകളിട്ട് ആളുകള്‍ ഇരിക്കുന്നതുമായ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും മ്യൂസികിലും ഭീഷ്മ പര്‍വ്വം വലിയ മികവ് പുലര്‍ത്തുന്നുണ്ട്. സംവിധായകന്‍ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗ് തന്നെയാണ് ഭീഷ്മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം.


Content Highlight: social media discudded the characters of saubin shahir

We use cookies to give you the best possible experience. Learn more