| Sunday, 20th December 2020, 1:50 pm

മോദീ, ഇനിയൊന്ന് കര്‍ഷകരെ സന്ദര്‍ശിക്കൂ, പറ്റുമെങ്കില്‍ അവരോട് മാപ്പ് ചോദിക്കൂ; ഗുരുദ്വാര സന്ദര്‍ശനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുരുദ്വാര സന്ദര്‍ശനത്തില്‍ മോദിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ദല്‍ഹിയിലെ സിഖ് ആരാധനാലയമായ ഗുരുദ്വാര രാകബ് ഗഞ്ച് സന്ദര്‍ശിച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ടും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ടുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുന്നത്.

മോദിയും മറ്റു കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇതുവരെ കര്‍ഷക പ്രതിഷേധം നടക്കുന്നിടത്ത് പോവുകയോ അവരെ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ മോദിക്ക് സമയം കിട്ടുന്നുണ്ടെന്ന തരത്തിലും പ്രതിഷേധം ഉയരുന്നുണ്ട്.

‘ഇപ്പോള്‍ ഗുരുദ്വാര സന്ദര്‍ശിച്ചത് പോലെ ഇനി ദല്‍ഹിയൊന്ന് സന്ദര്‍ശിക്കൂ…കര്‍ഷകരെ കാണൂ’, ‘കര്‍ഷക പ്രതിഷേധം നടക്കുന്നിടത്തേക്ക് ചെല്ലൂ, അവിടെ പോയി ഫോട്ടോയെടുക്കൂ, ‘ ഇങ്ങനെ ചിത്രങ്ങള്‍ പങ്കുവെച്ചത് കൊണ്ട് ഒരു കാര്യവുമില്ല’ തുടങ്ങിയ പ്രതികരണങ്ങളാണ് മോദിയുടെ ചിത്രങ്ങള്‍ക്ക് കീഴെ വന്നുകൊണ്ടിരിക്കുന്നത്.

ഇങ്ങനെ നാടകം കളിക്കാതെ കര്‍ഷകരെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങ് എന്നും തീവ്രവാദികളെന്നും വിളിപ്പിച്ചവരെകൊണ്ട് കര്‍ഷകര്‍ക്ക് മുന്നില്‍ മാപ്പ് പറയിക്കുകയാണ് വേണ്ടതെന്നും കര്‍ഷകരെ പോയി സന്ദര്‍ശിക്കുകയാണ് വേണ്ടതെന്നും ചിലര്‍ പ്രതികരിച്ചു.

ദല്‍ഹി അതിര്‍ത്തി സന്ദര്‍ശിച്ച് രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കൂ എന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

അതേസമയം മോദിയുടെ ‘അപ്രതീക്ഷിത’ സന്ദര്‍ശന നാടകം നിര്‍ത്തിപ്പോകാന്‍ കര്‍ഷകര്‍ തീര്‍ത്ത് പറഞ്ഞിട്ടുണ്ട്.
തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നാണ് കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് ഇന്ന് ‘അപ്രതീക്ഷിതമായി’ മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ദല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. നേരത്തെ നിശ്ചയിക്കപെടാത്തതിനാല്‍ സന്ദര്‍ശന സമയത്ത് ഗുരുദ്വാരയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കില്‍ അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.

എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Social media criticizes Modi over Gurdwara visit

We use cookies to give you the best possible experience. Learn more