ട്രെന്‍ഡിങ്ങായി 'ഗോ ബാക്ക് മോദി'; ശാഖയില്‍ പോയവര്‍ക്ക് ഗോഡ്സെയെ മാത്രേ അറിയാന്‍ കഴിയുവെന്ന് സോഷ്യല്‍ മീഡിയ
national news
ട്രെന്‍ഡിങ്ങായി 'ഗോ ബാക്ക് മോദി'; ശാഖയില്‍ പോയവര്‍ക്ക് ഗോഡ്സെയെ മാത്രേ അറിയാന്‍ കഴിയുവെന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2024, 11:13 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ശാഖയില്‍ പോയൊരാള്‍ക്ക് തീവ്ര ഹിന്ദുത്വ നേതാവായ നാഥുറാം ഗോഡ്സെയെ മാത്രമേ അറിയാന്‍ വഴിയുള്ളുവെന്നാണ് വിമര്‍ശനം.

1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വിമര്‍ശനമുയര്‍ന്നത്.

മഹാത്മാ ഗാന്ധിയെ കുറിച്ച് ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിക്കുന്ന വീഡിയോകളും പത്രവാര്‍ത്തകളും പങ്കുവെച്ചുകൊണ്ടാണ് ഭൂരിഭാഗം ആളുകളും മോദിയെ വിമര്‍ശിക്കുന്നത്. ടൈം മാഗസിനിലെ മുഖചിത്രം അടക്കമുള്ള വാര്‍ത്തകളാണ് എക്സില്‍ പങ്കുവെക്കപ്പെടുന്നത്.

മോദിയുടെ ഗാന്ധി പരാമര്‍ശത്തില്‍ വിമര്‍ശനവുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. മഹാത്മാ ഗാന്ധിയെക്കുറിച്ച് അറിയാന്‍ ഒരു ‘എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്’ വിദ്യാര്‍ത്ഥിക്ക് മാത്രമേ സിനിമ കാണേണ്ടതുള്ളൂ എന്ന് മോദിയുടെ ബിരുദാനന്തര ബിരുദത്തെ പരിഹസിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ ബിരുദം നേടിയിരിക്കുന്നത് എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലാണെന്ന മോദിയുടെ അവകാശവാദത്തെ മുന്‍നിര്‍ത്തിയാണ് രാഹുലിന്റെ പരാമര്‍ശം.


മോദിയ്ക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ലെന്നും എന്നാല്‍ താന്‍ ഇവിടെ ഉണ്ടെന്നറിയിക്കുന്നതിനായി അദ്ദേഹം എന്തൊക്കെയോ സംസാരിക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം മോദിക്കെതിരെ ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ്ടാഗോട് കൂടിയ ക്യാമ്പയിന്‍ എക്സില്‍ ട്രെന്‍ഡിങ്ങിലാണ്.


നിരന്തരമായ വിദ്വേഷ പരാമര്‍ശങ്ങളിലൂടെ മോദി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ചരിത്രത്തെ വളച്ചൊടിച്ചും കീറിമുറിച്ചും മോദിയും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

സംഘപരിവാറും തീവ്ര ഹിന്ദുത്വ സംഘടനകളും ഇക്കാലയളവില്‍ നടത്തിയ അതിക്രമങ്ങളുമായി സംബന്ധിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും മറ്റും പങ്കുവെച്ചുകൊണ്ടാണ് മോദിക്കെതിരെ വിമര്‍ശനമുയര്‍ത്തുന്നത്.


മോദിക്ക് ഒരിക്കലും തമിഴ്നാട്ടിലെ ജനങ്ങളെ ഭരിക്കാന്‍ കഴിയില്ലെന്ന് ചില സൗത്ത് പ്രൊഫൈലുകള്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നുണ്ട്. മോദിയുടെ ഭരണം തങ്ങള്‍ക്ക് മതിയായെന്നും എക്‌സ് ഉപയോക്താക്കള്‍ പറയുന്നു.

വാര്‍ത്താ ചാനനലായ എ.ബി.പിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരമാര്‍ശം.

മഹാത്മാഗാന്ധി ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നെങ്കിലും ലോകം അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് മോദി അഭിമുഖത്തില്‍ അവകാശപ്പെട്ടത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഗാന്ധിക്ക് ആഗോളതലത്തില്‍ അംഗീകാരം നല്‍കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമല്ലേയെന്നും മോദി ചോദിച്ചിരുന്നു.

Content Highlight: Social media criticized statement of Prime Minister Narendra Modi relate to the gandhi