ന്യൂദല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടതില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഇതൊരു തരം നെപ്പോട്ടിസം ആണെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായുടെ മകനാണ് ജയ് ഷാ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ ഐ.സി.സി ചെയര്‍മാനെതിരെ വിമര്‍ശനം ഉയരുന്നത്.
നിലവില്‍ ജയ് ഷാ ബി.സി.സി.ഐ ചെയര്‍മാനാണ്. 2019 ഒക്ടോബര്‍ മുതല്‍ ബി.സി.സി.ഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയ് ഷാ 2021 ജനുവരി മുതല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിരുന്നു. 2024 ഡിസംബര്‍ ഒന്നിന് ജയ് ഷാ ഔദ്യോഗികമായി ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് ചുമതലയേല്‍ക്കും.
നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബര്‍ക്ലെ മൂന്നാം തവണയും സ്ഥാനത്ത് തുടരേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് ജയ് ഷാ എതിരില്ലാതെ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ജയ് ഷാക്കും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
യാതൊരു വിശ്വാസ്യതയുമില്ലാത്ത തെരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് പദവി നല്‍കുന്നതിലൂടെ കളിക്കാരെ അവരുടെ മെറിറ്റിനേക്കാള്‍ ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ തെറ്റായ റിക്രൂട്ട്മെന്റിലേക്ക് നയിച്ചേക്കാമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഇന്ന് ‘സ്വയം പ്രഖ്യാപിതനായ’ ക്രിക്കറ്റ് പ്ലെയര്‍ ജയ് ഷാ ഐ.സി.സി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതിഹാസ ക്രിക്കറ്റ് താരം, കരിസ്മാറ്റിക് പ്രഭാഷകന്‍, ഗംഭീര അഡ്മിനിസ്‌ട്രേറ്റര്‍, സ്വജനപക്ഷപാത വിരുദ്ധ പ്രവര്‍ത്തകന്‍, എളിയ പശ്ചാത്തലത്തില്‍ നിന്നുള്ള വ്യക്തി എന്നിവയാണ് ജയ് ഷായുടെ യോഗ്യതകളെന്ന് പറഞ്ഞ് ഈ തെരഞ്ഞെടുപ്പിനെ സോഷ്യല്‍ മീഡിയ പരിഹസിക്കുകയും ചെയ്തു.
നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ജയ് ഷായ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനുമുമ്പ് ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. 2014 മുതല്‍ 2015 വരെ എന്‍. ശ്രീനിവാസന്‍, 2015 മുതല്‍ 2020 വരെ ശശാങ്ക് മനോഹര്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന ഇന്ത്യക്കാർ.
ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാർ എത്തിയിരുന്നു. 1997 മുതല്‍ 2000 വരെ ജഗ്മോഹന്‍ ഡാല്‍മിയയും 2010 മുതൽ 2012 വരെ ശരദ് പവാര്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്.
Content Highlight: Social media criticized Jai Shah’s election as the chairman of the International Cricket Council