| Tuesday, 27th December 2022, 8:41 pm

'ഭാര്യയോട് ദേഷ്യപ്പെടാതിരിക്കുന്നത് ഔദാര്യം'; പദ്മകുമാറിന്റെ വീഡിയോക്ക് വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും സംവിധായകനുമായ എം.ബി. പദ്മകുമാര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ‘ഭാര്യ ഒരു ശല്യമോ’യെന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. വീടിന് പുറത്തിറങ്ങുമ്പോള്‍ ഭാര്യ തന്നെ എപ്പോഴും വിളിച്ച് കൊണ്ടിരിക്കുമെന്നും ഇതിന്റെ പേരില്‍ സുഹൃത്തുക്കള്‍ ഭാര്യയെ ശകാരിക്കാന്‍ പറയാറുണ്ടെന്നുമാണ് പദ്മകുമാര്‍ വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്.

സുഹൃത്തുക്കള്‍ ഭാര്യയെ ചീത്ത വിളിക്കാനും ഇങ്ങനെ വിളിക്കുന്നത് നിര്‍ത്തിക്കാനൊക്കെ തന്നോട് പറയാറുണ്ടെന്നും പറഞ്ഞ അദ്ദേഹം തുടര്‍ന്ന് വീഡിയോയില്‍ പറയുന്നത് വീട്ടില്‍ ഭാര്യ ചെയ്യുന്ന ജോലികളെക്കുറിച്ചാണ്. നാല് മണിയാകുമ്പോള്‍ തന്റെ ഭാര്യ എഴുന്നേല്‍ക്കുമെന്നും പിന്നീട് വീട്ടില്‍ അവര്‍ ചെയ്യുന്ന ജോലികളെക്കുറിച്ചും സംസാരിക്കുന്ന പദ്മകുമാര്‍ തന്റെ ഒരു ദിവസത്തെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്.

രാവിലെ ഓടാന്‍ പോയി പത്രം വായിച്ച് സ്വന്തം കാര്യങ്ങളുമായിട്ട് മുന്നോട്ട് പോകുമെന്നാണ് പറയുന്നത്. ഭാര്യ ഇത്രയും ജോലികള്‍ ഒരു ദിവസം ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് പുറത്ത് പോകുമ്പോള്‍ തന്നെ വിളിച്ച് ശല്യം ചെയ്യുന്ന ഭാര്യയെ ചീത്ത പറയാന്‍ തോന്നില്ലെന്നുമാണ് വീഡിയോയുടെ ഒടുവിലേക്ക് പദ്മകുമാര്‍ പറയുന്നത്.

രാവിലെ തൊട്ട് വൈകുന്നേരം വരെ വീട്ട് ജോലി ചെയ്യുന്ന മറ്റ് വിനോദങ്ങള്‍ ഇല്ലാത്ത ഭാര്യമാരെക്കുറിച്ച് വാചാലനാകുകയും വീട്ടിലെ ജോലികള്‍ ചെയ്യാന്‍ ഇവര്‍ കഷ്ടപ്പെടുന്നതിനെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ ഭാര്യയെ താന്‍ സഹായിക്കുന്നതിനെക്കുറിച്ചോ, അവരുടെ ജോലി ഭാരം കുറക്കാനായി ചെയ്യുന്ന സഹായങ്ങളെക്കുറിച്ചോ ഒന്നും തന്നെ പറയുന്നില്ല.

എന്നാല്‍ ഇത്തരത്തില്‍ ഭാര്യ ചെയ്യുന്ന ജോലികളുടെ കഷ്ടപാടുകളെക്കുറിച്ച് പറയുന്ന പദ്മകുമാര്‍ ഒടുവില്‍ പ്രേക്ഷകരോട് പറഞ്ഞ് വെക്കുന്നത് അവരെ സഹായിക്കണം, ദേഷ്യപ്പെടരുത്, സ്‌നേഹിക്കണമെന്നൊക്കെയാണ്.

ഈ വീഡിയോയിലെ വിരോധാഭാസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇത്തരം മോട്ടിവേഷന്‍ നടത്താതെ രാവിലെ എഴുന്നേറ്റ് ഭാര്യയെ സഹായിച്ച് കൂടെയെന്നാണ് നിരവധി ആളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.

ഭാര്യ ഫോണ്‍ വിളിക്കുമ്പോള്‍ ദേഷ്യപ്പെടാത്തതിനെ ഒരു ഔദാര്യം പോലെയാണ് വിളിച്ച് പറയുന്നതെന്നാണ് ചിലരുടെ കമന്റ്. ‘ചുരുക്കി പറഞ്ഞാല്‍ കഠിനാധ്വാനികള്‍ ആയ ജോലിക്കാരോട് ഫാക്ടറി ഉടമസ്ഥര്‍ കാണിക്കാറുള്ളത് പോലെ കുറച്ച് കൂടുതല്‍ പരിഗണനയൊക്കെ ഭാര്യക്ക് നല്‍കണം എന്ന്, അല്ലേ…

സ്വന്തം ഇഷ്ടങ്ങള്‍ക്കായി പുരുഷന്‍ സ്ത്രീയെ ചെല്ലും ചെലവും കുറച്ച് സ്‌നേഹവും കൊടുത്തു വളര്‍ത്തുന്ന ഈ ഏര്‍പ്പാടിനെയാണ് പുരുഷധിപത്യം എന്ന് പറയുന്നത്’ എന്നുമാണ് ഒരു കമന്റ്.

സ്വന്തം ജീവിതത്തിലും ഇതൊക്കെ ഒന്ന് പ്രാവര്‍ത്തികമാക്കിക്കൂടെയെന്നും ഇത് പോലെ ആവാതിരിക്കാനാണ് ഇന്നത്തെ ആണുങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് ചിലര്‍ പദ്മകുമാറിനെ ട്രോളി കൊണ്ട് കമന്റ് ചെയ്യുന്നുണ്ട്.

‘ചിരി വരുന്നത് വീഡിയോകണ്ടിട്ടല്ല, നിങ്ങളുടെ ഭാര്യ എന്ത് ഭാഗ്യവതി ആണെന്ന് സ്ത്രീകളുടെ കമെന്റ് കണ്ടിട്ടാണ്. നടന്നു തുടങ്ങാത്തിടത്തോളം കാലം കാലില്‍ ചങ്ങല ഉണ്ടെന്ന് അറിയുന്നില്ലല്ലോ’. തുടങ്ങി നിരവധി വ്യക്തികളാണ് കമന്റ് ബോക്‌സിലും പോസ്റ്റുകളായും പദ്മകുമാറിനെ വിമര്‍ശിച്ച് രംഗത്ത് വരുന്നത്. അതേസമയം പദ്മകുമാറിനെ അനുകൂലിച്ചും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

content highlight: social media criticized in actor padhma kumar’s video 

We use cookies to give you the best possible experience. Learn more