കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് കാരുണ്യ ‘മാന്‍ ഓഫ് ദി ഇയര്‍ 2024’ പുരസ്‌കാരം ലഭിച്ചതില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. തൃശൂര്‍ പഴുവില്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ നടത്തിയ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ചാരിറ്റബിള്‍ സൊസൈറ്റി പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 26ന് പഴുവില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നാണ് വിവരം.
എന്നാല്‍ ‘കാരുണ്യ’ പുരസ്‌കാരം നേടിയ ആന്റോ അഗസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ഉള്‍പ്പെട്ട മരംമുറി കേസിനെ മുന്‍നിര്‍ത്തി ട്രോളിയും വിമര്‍ശിച്ചുമാണ് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം പ്രതികരണങ്ങളും.
കാരുണ്യവാന്‍ എന്നാണ് ഞാന്‍ എന്നെ തന്നെ വിളിക്കുന്നതെന്നും വീരപ്പന് ശേഷം ഈ അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാണ് ആന്റോയെന്നും വിമര്‍ശനമുണ്ട്.
തക്കാളിപ്പെട്ടിക്കും ഗോദറേജിന്റെ പൂട്ട്, വീരപ്പന്റെ ആത്മാവ് മന്ത്രിക്കുന്നുണ്ടാവും…പിറക്കാതെ പോയ എന്റെ മകന്‍, ശത്രുക്കളാണ് ഈ അവാര്‍ഡിന് പിന്നില്‍, Best tree cutter award, കാതല്‍ അറിഞ്ഞ് വെട്ടുന്നവന്‍ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.
അവാര്‍ഡ് നേട്ടം ഫേസ്ബുക്കിലൂടെ അറിയിച്ച റിപ്പോര്‍ട്ട് ടി.വി നിലവില്‍ കാര്‍ഡ് പോസ്റ്റിന്റെ കമന്റ് ബോക്‌സ് പൂട്ടിയിരിക്കുകയാണ്. അതേസമയം വാര്‍ത്ത പങ്കുവെച്ചക്കൊണ്ടുള്ള പോസ്റ്റിന് താഴെ ഇപ്പോഴും ആളുകള്‍ പ്രതികരിക്കുന്നുണ്ട്.
പുരസ്‌കാരം നല്‍കുന്നത് ഫര്‍ണിച്ചര്‍ സംരക്ഷണ സമിതിയാണെന്നും മുഴുവന്‍ വെട്ടി എടുക്കാതെ കുറച്ചു ബാക്കിവെച്ച് ലോകത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയോട് കാരുണ്യം കാട്ടിയതിന് ആന്റോ അഗസ്റ്റിന് മിനിമം വേള്‍ഡ് പീസ് പ്രൈസ് എങ്കിലും കിട്ടണമെന്നും ആളുകള്‍ പ്രതികരിക്കുന്നു.