സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വിവാദ പരമാര്‍ശം നടത്തിയ അലന്‍സിയറിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണമെന്നും പറഞ്ഞ അലന്‍സിയര്‍ ഇത്ര ചീപ്പാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അലന്‍സിയര്‍ എങ്ങാനും ആ ഖജുരാഹോ ക്ഷേത്രത്തില്‍ പോയാല്‍ ഉള്ള അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കണേ എന്നാണ് ഫേസ്ബുക്കില്‍ വന്ന ഒരു പ്രതികരണം.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇറങ്ങിയ മലയാള സിനിമകളിലെ കഥാപാത്രങ്ങളില്‍ ഏറ്റവും വെറുപ്പും, ദേഷ്യവും തോന്നിയ കഥാപാത്രം അപ്പന്‍ എന്ന സിനിമയില്‍ അലന്‍സിയര്‍ അവതരിപ്പിച്ച ഇട്ടിയായിരുന്നുവെന്നും ഇട്ടിയോട് തോന്നുന്ന അതെ വെറുപ്പും ദേഷ്യവും അലന്‍സിയറെന്ന നടനോട് ഇപ്പോള്‍ തോന്നുന്നുണ്ടെന്നുമാണ് അജയ് വി.എസ്. കുറിച്ചത്.
‘സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച, കേരള ചലച്ചിത്രം അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് അലന്‍സിയര്‍ പറഞ്ഞത് പുരസ്‌കാരമായി നല്‍കുന്ന പെണ്‍പ്രതിമ കൊടുത്ത് പ്രലോഭിപ്പിക്കരുത് എന്നാണ്. ഇത്രയും വലിയ വൃത്തികേട് പരസ്യമായി പറയുമ്പോള്‍ ഇയാളുടെയുള്ളിലെല്ലാം അടിഞ്ഞുകൂടി കിടക്കുന്ന സ്ത്രീവിരുദ്ധത എത്രമാത്രമായിരിക്കും. അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പരമാര്‍ശം പ്രതിഷേധാര്‍ഹമാണ്, അയാള്‍ മാപ്പ് പറയണം,’ അജയ് വി.എസ്. കുറിച്ചു.
‘സ്ത്രീയുടെ രൂപത്തിലെ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്ന് അലന്‍സിയര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ചു പ്രസംഗിക്കുന്ന വേളയിലാണ് ഈ പരാമര്‍ശം ഇദ്ദേഹം നടത്തിയത്. ഇദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള തുണികടകള്‍ കൃത്യമായി രാത്രി അടയ്ക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ അവിടെ ഡിസ്‌പ്ലേക്ക് വയ്ക്കുന്ന പ്രതിമകളുടെ അവസ്ഥ ആലോചിച്ചു പേടിയാവുന്നു,’ എന്നാണ് ജില്‍ ജോയ് കുറിച്ചത്.
‘ഈ സ്ത്രീ വിരുദ്ധന്‍ പല സിനിമകളിലും വളരെ തന്‍മയത്വത്തോടെയാണ് സ്ത്രീ വിരുദ്ധ കഥാപാത്രങ്ങള്‍ ആടി തിമര്‍ക്കുന്നതെന്നും ‘അപ്പന്‍ ‘ എന്ന സിനിമയില്‍ അലന്‍സിയര്‍ വളരെ ആസ്വദിച്ചു സ്ത്രീകളെ അപമാനിക്കുന്നതും കണ്ണുകള്‍ കൊണ്ട് ആസ്വദിക്കുന്നതും കാണാന്‍ കഴിയുമെന്നുമാണ് വന്ദന വിശ്വനാഥ് കുറിച്ചത്.
അലന്‍സിയര്‍. താങ്കള്‍ പറഞ്ഞ വാക്കുകളെ കുറ്റം പറയാനും ചീത്ത വിളിക്കാനും ഒരുപാടു പേര് ഉണ്ടാകും, അതില്‍ ഞാനും ഉണ്ടാകും എന്നാണ് നിനേഷ് മോഹനന്‍ കുറിച്ചത്.
‘മീ ടൂ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ വന്നപ്പോള്‍ തിരിച്ചറിഞ്ഞതാണ് അലന്‍സിയര്‍ എന്ന വ്യക്തി ആരാണെന്ന്. പ്രതിമ കണ്ടാല്‍ പോലും പ്രലോഭനം തോന്നുന്ന ഒരുത്തന്‍. ഇതേ മനുഷ്യന്‍ തന്നെയാണ് അപ്പനിലും ചതുരത്തിലും ‘ജീവിച്ചത്’. എന്നിട്ട് അഭിമാനത്തോടെ അതൊരു പൊതുവേദിയില്‍ വിളിച്ചു പറയുക,’ രേഷ്മ ശാന്താ അശോകന്‍ പറഞ്ഞു.
അലന്‍സിയറിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുമുള്‍പ്പെടെ വരുന്നത്.
Content Highlight: Social media criticized Alencier