മലയാളസിനിമയെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമാണ് 2024. മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമായി മാറിയപ്പോള്‍ പ്രേമലു, ആടുജീവിതം, ആവേശം, ഭ്രമയുഗം എന്നീ സിനിമകള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് വലിയ വിജയം സ്വന്തമാക്കി. 2024ന്റെ ആദ്യപകുതിയില്‍ മാത്രം നാല് സിനിമകള്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടി. ഓണം റിലീസുകളായി എത്തിയ എ.ആര്‍.എം, കിഷ്‌കിന്ധാ കാണ്ഡം എന്നീ സിനിമകളും വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്.
എന്നാല്‍ തിയേറ്ററില്‍ ഹിറ്റായ പല സിനിമകളും ഒ.ടി.ടി റിലീസാകുമ്പോള്‍ വലിയ രീതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതും ഈ വര്‍ഷത്തെ സ്ഥിരം കാഴ്ചകളിലൊന്നായി മാറി. വിഷു റിലീസായെത്തിയ വര്‍ഷങ്ങള്‍ക്കു ശേഷത്തിനാണ് ഇത്തരത്തില്‍ ഏറ്റവും വലിയ വിമര്‍ശനം നേരിടേണ്ടി വന്നത്.
തിയേറ്ററില്‍ നിന്ന് 80 കോടിയോളം നേടി വലിയ വിജയമായ ചിത്രം ഒ.ടി.ടിയിലെത്തിയപ്പോള്‍ കീറിമുറിച്ച് വിമര്‍ശിക്കപ്പെട്ടു. പ്രണവിന്റെ മേക്കപ്പും, തിരക്കഥയുടെ ബലമില്ലായ്മയും, വിനീതിന്റെ സ്ഥിരം ചെന്നൈ പാസവും ട്രോളന്മാര്‍ക്ക് കണ്ടന്റായി മാറി.
പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാനവേഷത്തിലെത്തിയ ഗുരുവായൂരമ്പല നടയിലിനും ഇതേ ഗതിയായിരുന്നു. കോമഡി ഴോണറിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 90 കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കി. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന് നേരെ സമാനമായ വിമര്‍ശനമുണ്ടായി. ചിരിക്കാന്‍ ഒന്നുമില്ലാത്ത ചിത്രം എന്നാണ് ഒ.ടി.ടി റിലീസിന് ശേഷം പലരും അഭിപ്രായപ്പെട്ടത്.
ബേസിലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിക്കും അതേ വിധി തന്നെയായിരുന്നു. ഏറ്റവുമൊടുവില്‍ ഒ.ടി.ടിയിലെത്തിയ വാഴയും അതേ പാതയിലൂടെ സഞ്ചരിക്കുകയാണ്. ഒരുകൂട്ടം യുവാക്കളുടെ സ്‌കൂള്‍, കോളേജ് കാലഘട്ടവും ജോലിയില്ലാത്ത അവസ്ഥയും ചിത്രീകരിച്ച വാഴ ഒ.ടി.ടി റിലീസിന് ശേഷം കീറിമുറിക്കപ്പെടുകയാണ്. ഉഴപ്പന്മാരെ ഗ്ലോറിഫൈ ചെയ്യുന്നു, ഇമോഷണല്‍ സീന്‍ കാണുമ്പോള്‍ ചിരി വരുന്നു, പി.ആര്‍ വര്‍ക്കിലൂടെ ഊതിപ്പെരുപ്പിച്ച ഹിറ്റ് എന്നൊക്കെയാണ് വാഴക്ക് നേരെ വരുന്ന വിമര്‍ശനം.
സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കും പരിചിതമായ സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, സാഫ്‌ബോയ്, ഹാഷിര്‍ എന്നിവരാണ് വാഴയിലെ പ്രധാന താരങ്ങള്‍. ഒ.ടി.ടി റിലീസിന് ശേഷം ഇവരെയെല്ലാം വിമര്‍ശിക്കുകയാണ് പലരും. ചിത്രത്തിലെ അമിത് മേനോന്റെ ഇമോഷണല്‍ സീനിനെ പലരും വലിയ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്.
തിയേറ്ററില്‍ ഭൂരിഭാഗം ആളുകളും കണ്ട് ഇഷ്ടപ്പെട്ട് മികച്ച കളക്ഷന്‍ നേടിയ സിനിമകളാണ് മേല്‍പ്പറഞ്ഞവയെല്ലാം. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ അതാണ് സൂചിപ്പിക്കുന്നത്. എല്ലാവര്‍ക്കും എല്ലാ സിനിമയും തിയേറ്ററില്‍ നിന്ന് തന്നെ കാണാന്‍ പറ്റില്ലെന്നും പലരും ഒ.ടി.ടി റിലീസ് വരെ കാത്തിരിക്കുന്നതും അതിനാലാണെന്നുമാണ് ചിലരുടെ വാദം. ഒ.ടി.ടിയില്‍ കണ്ട ശേഷം സിനിമ വര്‍ക്കായില്ലെങ്കില്‍ അതിനെ വിജയിപ്പിച്ചവര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് പലരും വരുത്തി തീര്‍ക്കുന്നതെന്നാണ് ഇതിനെ വിമര്‍ശിച്ചുകൊണ്ട് പലരും പറയുന്നത്.
വ്യത്യസ്ത അഭിപ്രായം പറഞ്ഞാല്‍ ശ്രദ്ധിക്കപ്പെടുമെന്ന ചിന്താഗതിയുള്ളവരും ഇതേ അഭിപ്രായം ഏറ്റുപിടിക്കുന്നുവെന്നും പിന്നീട് ആ സിനിമയെ സോഷ്യല്‍ മീഡിയയില്‍ ഒന്നിനും കൊള്ളാത്തതാക്കി വരുത്തി തീര്‍ക്കുന്നു. കുറച്ചുകാലങ്ങളായി മലയാളത്തില്‍ കണ്ടുവരുന്ന പ്രതിഭാസമാണിതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രോമാഞ്ചത്തിനും ഇത്തരത്തില്‍ വിമര്‍ശനം കേട്ടിരുന്നു.
സിനിമ ഇഷ്ടമാകുന്നതും ഇഷ്ടമാകാത്തതും ഓരോരുത്തരുടെയും പേഴ്‌സണല്‍ ചോയ്‌സാണ്. എന്നാല്‍ ഇഷ്ടമാകാതെ പോയാല്‍ ആ സിനിമയെ വിജയപ്പിച്ചവര്‍ മോശക്കാരാണെന്ന് വരുത്തിത്തീര്‍ക്കുന്നത് തെറ്റായ പ്രവണതയാണ്. സിനിമ വിജയിപ്പിച്ച പ്രേക്ഷകരെ കുറ്റം പറയുന്നതുമുതല്‍ അതില്‍ അഭിനയിച്ചവരെ വ്യക്തിഹത്യ ചെയ്യുന്നതുവരെ നീളുന്നു ഇത്തരക്കാരുടെ ചെയ്തികള്‍.
എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷവും തിയേറ്ററില്‍ കേട്ട അതേ അഭിപ്രായം നിലനിര്‍ത്താന്‍ കഴിഞ്ഞ സിനിമകളുമുണ്ട്. ഫഹദ് ഫാസില്‍ നായകനായ ആവേശം ഒ.ടി.ടി റിലീസിന് ശേഷം കേരളത്തിന് പുറത്ത് വലിയ ചര്‍ച്ചയായി മാറി. ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം, പ്രേമലു എന്നീ സിനിമകളും ഈ ഗണത്തില്‍ പെടും.
എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഒരു സിനിമക്കും സാധിക്കില്ല. തിയേറ്ററിലും ഒ.ടി.ടിയിലും വര്‍ക്കാകുന്ന സിനികമള്‍ എപ്പോഴും ചെയ്യാന്‍ പറ്റണമെന്നുമില്ല. മാറേണ്ടത് സിനിമാക്കാരാണോ, പ്രേക്ഷകരാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
Content Highlight: Social media criticize malayalam movies after its OTT release