Spoiler Alert
വലിയ പ്രതീക്ഷയോടെയാണ് സോണി ലിവില്‍ അഞ്ജലി മേനോന്‍ ചിത്രം വണ്ടര്‍ വുമണ്‍ റിലീസ് ചെയ്തത്. അഞ്ജലി മേനോന്റെ മുന്‍ ചിത്രങ്ങളും വണ്ടര്‍ വുമണില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടാക്കി. എന്നാല്‍ റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പുറത്ത് വലിയ പുരോഗമനവും സ്ത്രീ സമത്വവും പറയുന്ന അഞ്ജലി മേനോന്‍ സിനിമയിലെ ആശയങ്ങള്‍ തല തിരിച്ചാണ് പറയുന്നതെന്ന് സോഷ്യല്‍ മീഡിയ അക്കമിട്ട് പറയുന്നു.
ഒന്ന്, ചിത്രത്തിലെ നന്ദിത കുട്ടിയില്ലാത്തതിനാല്‍ സ്വയം നിര്‍ഭാഗ്യവതിയായി കരുതുന്നു. കുട്ടികള്‍ ഉള്ള പെണ്ണുങ്ങള്‍ മാത്രം അല്ല വണ്ടര്‍ വുമണ്‍. കുട്ടികള്‍ ഇല്ലാത്തവരെ ‘അണ്‍ലക്കി’ ആയി അഞ്ജലി മേനോന് തോന്നാം, എന്നാല്‍ ആ ചിന്ത മറ്റുള്ളവരിലും അടിച്ചേല്‍പ്പിക്കണ്ട ആവശ്യം ഇല്ല.
രണ്ട്, തന്നെ ബോര്‍ഡിങ് സ്‌കൂളില്‍ പഠിപ്പിച്ചത് അമ്മ ചെയ്ത തെറ്റായി ഒരു കഥാപാത്രം പറയുന്നു. നല്ല പഠിപ്പ് ഉണ്ടാകാനും, നല്ല സ്‌കൂള്‍ നോക്കിയും ബോര്‍ഡിങ് സ്‌കൂളില്‍ ആകുന്നത് അത്ര വലിയ തെറ്റ് അല്ല. എത്രയോ കുട്ടികള്‍ ഈ പറഞ്ഞ ഹോസ്റ്റലില്‍ പഠിച്ചു തന്നെ ആണ് വളര്‍ന്നത്. സ്വന്തം പാഷനും സ്വപ്‌നങ്ങളും വിട്ട് നോറ ഗര്‍ഭത്തെ അതിനും മേലെ പ്രതിഷ്ഠിക്കുന്നു.
‘കുട്ടികള്‍ നല്ല രീതിയില്‍ വളരണം എങ്കില്‍ അമ്മമാര്‍ ജോലിക്ക് പോകാന്‍ പാടില്ല, അവരെ നോക്കി വീട്ടില്‍ ഇരിക്കണം’ എന്ന കാലങ്ങളായി പഴയ കാരണവന്മാര്‍ പറയുന്ന സെയിം ഡയലോഗ് തന്നെയല്ലേ ഇവിടെ അഞ്ജലി മോനോന്‍ ഗ്ലോറിഫൈ ചെയ്തുവെച്ചിരിക്കുന്നത്
മൂന്ന്, നോറ ജോസഫ് എന്ന കഥാപാത്രം മറ്റൊരാളുടെ പ്രൈവസിയെ മാനിക്കാതെ അയാളുടെ വ്യക്തിപരമായ ഇടങ്ങളിലേക്ക് കടക്കുകയാണ്. അവളോട് ചോദിക്കാതെ ഒരു കാര്യം ചെയ്തതും പോരാഞ്ഞിട്ട് അതെന്തോ മഹത്വം പോലെയും ആ സമയത്തെ ആവശ്യം പോലെയും ആണ് കാണിക്കുന്നത്. ഗര്‍ഭിണിയായ മിനിക്ക് എന്തുകൊണ്ട് ഇന്‍ഡിപെന്‍ഡന്റ് ആയി തന്നെ നിന്നുകൂടാ?
നാല്, ഗര്‍ഭിണിയെ ദേവതയാക്കുന്നതിനോട് ശക്തമായ എതിര്‍പ്പ് ഉയരുമ്പോള്‍ തന്നെ ചിത്രത്തില്‍ മറ്റൊരിടത്ത് അവരെ സൂപ്പര്‍ ഹീറോയെന്ന് പറയുന്നതും വൈരുധ്യമല്ലേ?
ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സിനിമ എന്ന നിലയില്‍ വണ്ടര്‍ വുമണ്‍ എന്‍ഗേജിങ്ങായില്ലെന്നും പല അഭിനേതാക്കളുടെയും പ്രകടനത്തില്‍ കൃത്രിമത്വം മുഴച്ചുനിന്നെന്നും പ്രേക്ഷകര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അഞ്ജലി മേനോന്റെ മുന്‍ ചിത്രങ്ങള്‍ കണ്ട് സോണി ലിവിലെത്തിയ പ്രേക്ഷകര്‍ക്ക് നിരാശയാണ് ലഭിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നു.
Content Highlight: social media criticism on wonder women