Advertisement
Kerala News
'ചുരുങ്ങിയത് അമര്‍ച്ചിത്ര കഥയെങ്കിലും വായിക്കണം'; ശിഖണ്ഡി കൗരവരുടെ പക്ഷത്തെന്ന കെ. സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 18, 09:12 am
Monday, 18th November 2024, 2:42 pm

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ. ശിഖണ്ഡിയെ മുന്‍നിര്‍ത്തി പടനയിച്ച കൗരവരുടെ പട പോലും തോറ്റ് പോയില്ലേ എന്ന കെ. സുരേന്ദ്രന്റെ പരാമര്‍ശത്തിലാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

കെ. സുരേന്ദ്രന്‍ ചുരുങ്ങിയത് അമര്‍ച്ചിത്ര കഥയെങ്കിലും വായിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ശിഖണ്ഡി പാണ്ഡവ പക്ഷത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഭഗവദ്ഗീതയിലെ ആദ്യ അധ്യായമായ അര്‍ജുനവിഷാദ യോഗത്തിലെ 16,17 ശ്ലോകത്തില്‍ ഇത് വ്യക്തമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ഈ ശ്ലോകത്തില്‍ പാണ്ഡവന്മാര്‍ മുഴക്കിയ ശംഖുകളെ കുറിച്ച് പറയുന്നുണ്ടെന്നും അതില്‍ ശിഖണ്ഡിയുടെ പേരുണ്ടെന്നും ഫേസ്ബുക്ക് യൂസറായ ശിവപ്രസാദ് എസ്. പിള്ള ചൂണ്ടിക്കാട്ടി. കുരുക്ഷേത്ര യുദ്ധത്തില്‍ പിതാമഹനായ ഭീഷ്മരെ നേരിടുന്നതിലാണ് പങ്ക് വഹിച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ശിഖണ്ഡിയെ മുന്‍നിര്‍ത്തിയാണ് അര്‍ജുനന്‍ ഭീഷ്മരെ വധിച്ചതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. കൂടാതെ ശിഖണ്ഡി മുന്‍ ജന്മത്തില്‍ അംബ എന്ന രാജകുമാരിയായിരുന്നെന്നും ഭീഷ്മരോടുള്ള പ്രതികാരം തീര്‍ക്കാനാണ് ശിഖണ്ഡി പാണ്ഡവ പക്ഷത്ത് നിന്നതെന്നും സോഷ്യല്‍ മീഡിയ കെ. സുരേന്ദ്രനോട് പറഞ്ഞു.

കെ. സുരേന്ദ്രനെ ട്രോളികൊണ്ടുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി.ജെ.പി, ഹിന്ദു എന്നൊക്കെ പറയാന്‍ മാത്രമേ കെ. സുരേന്ദ്രന് അറിയുള്ളുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

സംഘികള്‍ക്കെല്ലാം ഇതിനെ കുറിച്ചൊക്കെ എന്തറിയാനാണെന്നും ചിലര്‍ ചോദിക്കുന്നു. എന്തെങ്കിലും വിവരം ഉണ്ടായെങ്കില്‍ സുരേന്ദ്രന്‍ അടുത്ത ഗവര്‍ണര്‍ ആയേനെയെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടെയാണ് കെ. സുരേന്ദ്രന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി പടനയിച്ച കൗരവര് പോലും തോറ്റ് പോയില്ലേ എന്ന പരാമര്‍ശം നടത്തിയത്.

Content Highlight: Social media criticism on K. Surendran’s remark that he is on the side of Shikhandi Kauravas