| Saturday, 24th September 2016, 6:03 pm

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വംശീയ പരാമര്‍ശം; സുഗതകുമാരിക്കെതിരെ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുഗതകുമാരിയുടെ പ്രസ്താവന അപമാനകരമാണെന്നും തൊട്ടടുത്ത നില്‍ക്കുന്ന മനുഷ്യരെ പോലും സഹജീവികളായി കാണാന്‍ കഴിയാത്ത കവിയത്രി സാംസ്‌കാരിക ദുരന്തമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.


തിരുവനന്തപുരം:  കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റമാണെന്നും ഇത് കേരളത്തെ വന്‍ ദുരന്തത്തിലേക്കാണ് നയിക്കുകയെന്നതടക്കമുള്ള സുഗതകുമാരിയുടെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

സുഗതകുമാരിയുടെ പ്രസ്താവന അപമാനകരമാണെന്നും തൊട്ടടുത്ത നില്‍ക്കുന്ന മനുഷ്യരെ പോലും സഹജീവികളായി കാണാന്‍ കഴിയാത്ത കവിയത്രി സാംസ്‌കാരിക ദുരന്തമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

നിരഞ്ജന്‍ ടി.ജി

കൃഷ്ണന്‍ ഗുരുവായൂര്‍ സ്വദേശിയോ ചാവക്കാട് സ്വദേശിയോ ആണെന്ന് വിചാരിച്ച് മുല്ലപ്പൂ കോര്‍ത്തിരുന്ന രാധ മാരുടെ അറിവിലേക്ക്. കക്ഷി അന്യസംസ്ഥാനക്കാരനാണ്.ശ്രീകിഷന്‍ യാദവ് എന്ന് സര്‍നേം ചേര്‍ത്ത് പേര്…

വി.ടി ബല്‍റാം എം.എല്‍.എ

ശുദ്ധ വംശീയതയാണിത്. ഭരണഘടനാവിരുദ്ധതയുമാണ്.
ശക്തമായി അപലപിക്കുന്നു.

സാംസ്‌ക്കാരിക വൈവിധ്യവും വംശീയ വൈവിധ്യവും ഉള്ള ഒരു നാടായിത്തന്നെയാണ് മറ്റേതൊരു നാടിനേയും പോലെ കേരളവും മുന്നോട്ടുപോകേണ്ടത്.


Also Read:‘അവര്‍ ഗര്‍ഭിണിയായ എന്റെ ഭാര്യയുടെ വയറിലും ദേഹത്തും വടികൊണ്ടടിച്ചു’ ചത്തപശുവിനെ സംസ്‌കരിക്കാന്‍ വിസമ്മതിച്ചതിന് മര്‍ദ്ദനം നേരിട്ട ദളിത് യുവാവ് പറയുന്നു


ടി.ടി ശ്രീകുമാര്‍

ഇവിടെ വീടും വച്ച് ഇവിടുന്നു കല്യാണവും കഴിച്ച്…

അധര്മ്മാദി ഭവാല്‍ കൃഷ്ണാ
പ്രതിഷ്യന്തി കുലസ്ത്രിയ:
സ്ത്രീഷു ദുഷ്ടാസു വാര്ഷ്‌ണേയാ
ജായതേ വര്ണ്ണ സങ്കര:
സങ്കരോ നരകായൈവാ..
അധര്മ്മം സംഭവിച്ചാല്‍ കുലസ്ത്രീകള്‍ ദുഷിക്കും, സ്ത്രീകള്‍ ദുഷിച്ചാല്‍ ജാതിസങ്കരം ഉണ്ടാകും. ജാതിസങ്കരം ഉണ്ടായാല്‍ പിന്നെ അതു മതി നരകത്തില്‍ വീഴാന്‍…
(ഭഗവത്ഗീത)
നരകത്തില്‍ പോകുന്നത് തടയാനും സമ്മതിക്കൂലെ..???


Related: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ സുഗതകുമാരിയുടെ വംശീയ പരാമര്‍ശം; അന്യ സംസ്ഥാനക്കാര്‍ വിദ്യഭ്യാസമില്ലാത്തവരും ക്രിമിനലുകളുമെന്ന് സുഗതകുമാരി


സാബ്ലൂ തോമസ്

സുഗതകുമാരിയുടെതായി മാതൃഭൂമി വാചകമേളയില്‍ വന്ന ഉദ്ധരണിയിലെ ഏറ്റവും അസഹനീയമായത് `അവര്‍ ഇവിടെ വീടും വെച്ച് ഇവിടെ നിന്നും കല്യാണവും കഴിച്ചു ഇവിടത്തുകാരായി മാറും എന്നതാണ്.

അവര്‍ ഇവിടെ വന്നു കല്യാണം കഴിച്ചു cultural mix ഉണ്ടാക്കും എന്ന ആശങ്കപ്പെടുന്ന ഒരു മനസിനെ കുറിച്ച് എന്താണ് പറയാനാവുക. Ethnic purtiy എന്നതില്‍ പരം പിന്തിരിപ്പനായ ഒരാശയം വേറെയില്ല. അത് തന്നെയാണ് racism സൃഷ്ടിക്കുന്നത്. ഈ ആശയത്തില്‍ നിന്നും ഹിറ്റ്‌ലറിലേക്ക് അധികം ദൂരമില്ല.

ദീപക് ശങ്കരനാരായണന്‍

എഴുതിവച്ചതിലെ മനുഷ്യവിരുദ്ധത അവിടിരിക്കട്ടെ തല്‍ക്കാലം എന്നുവക്കുക. രണ്ടര മില്ല്യന്‍ കൊല്ലം മുമ്പത്തെ ടാന്‍സാനിയയിലെ ഒരു ഗുഹയില്‍ നിന്ന് ഇങ്ങ് കേരളം വരെ എത്തിയ മനുഷ്യചരിത്രം ഇതിനൊക്കെ ഓവര്‍കില്ലാണ്. സുഗതകുമാരിയുടെ അതേ തലച്ചോറുവച്ചേ അവരെ വിമര്‍ശിക്കാന്‍ പറ്റൂ. അല്ലെങ്കിലും തോല്‍ക്കാനുള്ള കളിയിലേ എതിരാളിയേക്കാള്‍ ഗണ്യമായി മെച്ചപ്പെട്ട ഒരു ധാര്‍മ്മികനിലപാടെടുക്കാന്‍ കഴിയൂ. അതുകൊണ്ട് വിമര്‍ശനവും അതേ നാണയത്തിലിരിക്കട്ടെ.

നൊമ്മടെ സ്വന്തം കൊച്ചിതിരുവിതാംകൂര്‍ നായര്‍ സ്വത്വമുണ്ടല്ലോ. അതിനെപ്പിടിച്ച് ജെനറ്റിക് ജീനിയോളജി സങ്കേതങ്ങളുപയോഗിച്ച് ഒരു ക്രോമസോം മാപ്പിങ്ങിന് വിധേയമാക്കാമെന്നുവച്ചാല്‍, ഒരു പടുകൂറ്റന്‍ കമ്പ്യൂട്ടിങ് ഗ്രിഡ് ഉണ്ടാക്കേണ്ടിവരും അതിന്റെ പ്രോസസിങ് ലോഡ് താങ്ങാന്‍. ഒരുമാതിരിപ്പെട്ട കംപ്യൂട്ടിങ് ക്ലസ്റ്ററൊക്കെ തലപുകഞ്ഞ് പൊട്ടിത്തെറിച്ചുപോകും. അജ്ജാതി മിക്‌സാണ്.

ആഫ്രിക്കന്‍, ദ്രവീഡിയന്‍, മംഗോളിയന്‍, യൂറോപ്യന്‍, അറബ്, ആര്യന്‍ എന്നുവേണ്ട; നൊമ്മടെ ഞരമ്പിലോടുന്ന ചോരയില്‍ ചേരാത്തതായി ലോകത്തിലെന്തെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ വഴീക്കൂടെ പോയിരുന്നവനൊക്കെ വീട്ടിക്കേറി ഉണ്ണികളെ ഉണ്ടാക്കി രാവിലെ സ്ഥലം വിട്ടിരുന്ന ഒരു നാട്ടിലിരുന്നാണ് ഒരു ഫെഡറല്‍ റിപബ്ലിക്കിലെ ഒരു സ്റ്റേയ്റ്റില്‍ നിന്ന് മറ്റേ സ്റ്റേയ്റ്റില്‍ ചെന്ന് പണിയെടുക്കുന്നവര്‍ ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യമിശ്രണത്തെക്കുറിച്ചുള്ള സാംസ്‌കാരികഖേദം.

നാസിറുദ്ദീന്‍

പരിസ്ഥിതി ചിന്തകളുടെ അടിസ്ഥാനമാവേണ്ട രണ്ട് ഗുണങ്ങളാണ് നീതി ബോധവും ശാസ്ത്രീയ സമീപനവും. പ്രകൃതി വിഭവങ്ങളെല്ലാം ഇപ്പോഴുള്ളതും വരാന്‍ പോവുന്നതുമായ സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും അതിന്റെ കേവല കൈകാര്യകര്‍ത്താക്കള്‍ മാത്രമാണ് നമ്മളെന്നുമുള്ള നീതിബോധം ഇല്ലെങ്കില്‍ പിന്നെ പരിസ്ഥിതി സങ്കല്‍പത്തിന് തന്നെ പ്രസക്തിയില്ല. ഈ നീതിബോധത്തെ പ്രയോഗവല്‍ക്കരിക്കാന്‍ ശാസ്ത്രീയ സമീപനം അനിവാര്യമാണ്.

നീതിബോധം ശാസ്ത്രീയ സമീപനങ്ങളോട് ചേരുമ്പോഴാണ് വിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗവും വികസനവും സാധ്യമാവുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ ഇതിന് നേര്‍ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഫ്യൂഡല്‍ നോസ്റ്റാല്‍ജിയയും അന്ധവിശ്വാസങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളാണെന്ന് തെറ്റിദ്ധരിക്കുന്നവയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പരിസ്ഥിതി പോസ്റ്റുകളില്‍ വലിയൊരു വിഭാഗവും. ഒരടിസ്ഥാനവുമില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളും വാക്‌സിന്‍ വിരുദ്ധതയുമെല്ലാം പ്രചരിപ്പിക്കുന്നവരില്‍ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഈയൊരു സാഹചര്യത്തിലാണ് നീതിബോധമോ ശാസ്ത്രീയ സമീപനമോ തൊട്ടു തീണ്ടാത്ത സങ്കുചിത സംഘി മനസ്സ് പേറുന്ന കുമ്മനത്തിനും സുഗതകുമാരിക്കുമെല്ലാം പരിസ്ഥിതി കൂട്ടായ്മകളുടെ നേതൃനിരയിലേക്കുയരാന്‍ പറ്റുന്നത്, ശ്രീനിവാസന്‍ പറയുന്ന വിഡ്ഡിത്തങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറ്റു പിടിക്കുന്നത്, എന്ത് വിവരക്കേടും പരിസ്ഥിതി എന്ന ലേബലൊട്ടിച്ചാല്‍ ഒരു വിഭാഗം സ്വീകരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ അധപതിച്ചത്.

ഇന്ന് സുഗതകുമാരി തുപ്പിയ വിഷം ഇതിലവസാനത്തേത് മാത്രവുമാണത്. അവരുടെ തന്നെ മുമ്പുള്ള എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും തുടര്‍ച്ച മാത്രമാണിത്. ഈ വിഷബാധകളില്‍ നിന്നും മോചിപ്പിച്ച് നീതി ബോധവും ശാസ്ത്രീയ സമീപനവും അടിസ്ഥാനമാക്കിയ ഒരു മുന്നേറമുണ്ടായാല്‍ മാത്രമേ കേരളത്തിലെ പരിസ്ഥിതിക്ക് ഭാവിയുളളൂ. അങ്ങനെയൊന്നുണ്ടായില്ലെങ്കില്‍ പിന്നെ അധികം വൈകാതെ തന്നെ ഇതൊന്നും ആവശ്യമില്ലാത്ത സാഹചര്യം വന്നോളും !

ബച്ചൂ മാഹി

ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് ലോകരുടെ കണ്ണില്‍ പൊടിയിടാന്‍, റാവു സര്‍ക്കാര്‍ 1992 ഡിസംബറില്‍ സംഘപരിവാര സംഘടനകളെയും ചില മുസ്ലിം സംഘടനകളെയും നിരോധിച്ചിരുന്നു. അന്ന് “സാംസ്‌ക്കാരിക സംഘ”മായ വിശ്വഹിന്ദു പരിഷത് നിരോധനത്തിനെതിരെ നിവേദനമോ പത്രക്കുറിപ്പോ ഏതാണ്ടൊരെണ്ണത്തില്‍ ഒപ്പിട്ട “സാംസ്‌കാരിക” ദേഹങ്ങളില്‍ സുഗതകുമാരി, മൂത്ത ഗോപി, സുരേശ് ഗോപി, അക്കിത്തം തുടങ്ങിയവരൊക്കെ ഉണ്ടെന്ന് വായിച്ചൊരോര്‍മ. ഇവരൊക്കെയും സംഘ് കള്‍ച്ചറല്‍ വിംഗ് തപസ്യയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

അതില്‍ പിന്നീടും ഇടതിന്റെതുള്‍പ്പെടെയുള്ള സാംസ്‌കാരിക സദസ്സുകളെ ഇവര്‍ ധന്യമാക്കിക്കൊണ്ടിരുന്നു. സവര്‍ണ്ണതയുടെ ഒരു സൗകര്യമാണത്. ഒരേ സമയം ഹിംസാത്മക ഹിന്ദുത്വയുടെ വക്താക്കളാകാം. മതേതര സാംസ്‌കാരികതയുടെയും മാനവികതയുടെയും അപ്പോസ്തരുമാകാം.

സവാദ് റഹ്മാന്‍ ഇബ്‌നു സുഹ്‌റ

കവയിത്രി, പരിസ്ഥിതി വാദി എന്നതിലുപരി കലര്‍പ്പില്ലാത്ത വംശീയവര്‍ഗീയ നിലപാടുകളുടെ പേരില്‍ തന്നെയാണ് സുഗതകുമാരിയെ ഓര്‍ക്കേണ്ടത്

റിയാസ് ആമി അബ്ദുള്ള

നീട്ടി പിടിച്ച ചൂരലുകള്‍ ടീച്ചറെയും മാഷെയും ഉസ്താദുമാരെയും തിരിച്ച് തല്ലുന്ന കാലം !!
ചന്തി പൊള്ളിക്കുന്ന കാലം !!

അജയ് കുമാര്‍

ശശികല വത്സല സുഗത
ടീച്ചര്‍ ത്രയം

ഹസ്‌ന ഷാഹിദ ജിപ്‌സി

കോഴിക്കോട് ബി.ജെ..പി സമ്മേളനത്തിന് വന്ന ഉത്തരേന്ത്യന്‍ സംഘികളോട് രാവിലെ എണീറ്റ് റെയില്‍വേ ട്രാക്കില്‍ പോയി തൂറരുത്, ഇവിടെ ധാരാളം കക്കൂസുണ്ട് എന്ന് ട്രോളുന്ന മലയാളിയുടെ സാംസ്‌കാരിക നായികയാണ് സുഗതകുമാരി!

ആയമ്മ പെണ്‍പിള്ളേര്‍ക്കുള്ള സുരക്ഷാ ക്‌ളാസ് നിര്‍ത്തി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വെറുപ്പ് പരത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. ഒരു ശരാശരി മലയാളിയുടെ ഉള്ളില്‍ ഇതരസംസ്ഥാന തൊഴിലാളികളോടും അവരുടെ ജീവിതരീതികളോടും ഉള്ള അറപ്പും വെറുപ്പും പുറത്തെടുത്താല്‍ അത് ഇത്രത്തോളം വരും..

രാവിലെ എണീറ്റാല്‍ പല്ലുതേക്കുന്നതിന് പകരം പാന്‍പരാഗ് തേക്കുന്ന കൂട്ടമാണ് ബംഗാളികളെന്ന് തമാശ പറയുന്ന ജൂഡ് ആന്റണി സിനിമയും സുഗതകുമാരിയെ പോലത്തെ സാംസ്‌കാരിക നായികമാരും ഒക്കെ മലയാളിയുടെ ഉള്ളിലെ വംശീയതക്ക് ശബ്ദം കൊടുക്കുന്നെന്ന് മാത്രം

മുഹമ്മദ് റാഫി എന്‍.വി

അസമില്‍ നുയഞ്ഞു കയറിയ കുടിയേറ്റക്കാരെ കയറ്റി അയക്കും എന്നായിരുന്നു നരേന്ദ്രമോദിയുടെ അവിടുത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. അസം ഗണ പരിഷത്തുമായി ചേര്‍ന്ന് സംഘ് പരിവാരത്തിന് സ്റ്റേറ്റ് ഭരണം ലഭിച്ചു. ബാല്‍താക്കറെ ബോംബെയില്‍ നിന്ന് ഹരേ മദ്രാസി വാല എന്ന് പരിഹസിച്ച് മലയാളികളെ തുരത്തിയത് സന്ദര്‍ഭവശാല്‍ ഓര്‍ക്കാം. അതിനും മുമ്പ് ജനിച്ച നാടുവിട്ട് അകലെ ആസാമില്‍ പണിക്കുപോയ മലയാളിപ്പരിഷകളുണ്ട് വൈലോപ്പിള്ളിക്കവിതയില്‍. അസമിലേക്ക് അതിജീവനത്തിന് വേണ്ടി കുടിയേറിയ ബംഗ്‌ളാദേശികളെയും മറ്റ് ഫെഡറല്‍ സ്റ്റേറ്റിലെ പാവം മനുഷ്യരെയും തുരത്തി സ്‌റ്റേറ്റ് വിശുദ്ധമാക്കാം എന്നതു കൂടിയായിരുന്നു ആ ഏക ഛദ്രാദി പതീ വാഗ്ദാനം.

കേരളത്തിലേക്ക് കഴിഞ്ഞ കുറച്ചു കാലത്തിനിടക്ക് സംഭവിച്ച കുടിയേറ്റം (അത് ഒരു ഡയസ്‌പോറ അനുഭവം കൂടിയാണ് ) നിര്‍ത്തലാക്കണം (സുഗതകുമാരി ) എന്നതും ഈ വംശശുദ്ധിയുടെ അതേ വ്യാകുലതയാണ്. ഈ സംസ്‌കാരം മലിനമാക്കാന്‍ വേണ്ടി കുടിയേറിയ ഡയസ് പോറ ഇല്ലാതാക്കുന്നത് കൊള്ളാം. ഈ വംശശുദ്ധി അപര സംസ്ഥാനങ്ങള്‍ക്കും ഇതര രാജ്യങ്ങള്‍ക്കും കൂടി കല്പിച്ചു നല്‍കാന്‍ ഉള്ള വിശ്വമാനവ ദര്‍ശനം കൂടി കവി പ്രഖ്യാപിക്കണം. അല്ലെങ്കില്‍ ആ അശുദ്ധി വാദത്തില്‍ വലിയ കോണ്‍ട്രഡിക്ഷന്‍ ഉള്‍ച്ചേരും. ദേശീയതയുമായി ബന്ധപ്പെട്ട പാരമ്പര്യ സങ്കല്പങ്ങളില്‍ നാനാത്വത്തിലെ ഏകത എന്നത് ഫെഡറല്‍ സംവിധാനത്തിനകത്ത് ഡിസൈന്‍ ചെയ്ത സ്‌റ്റേറ്റുകളുടെ ഒരു ഏകീകൃത രൂപം എന്നേ സംഘ് ഭാവനക്കുള്ളില്‍ വര്‍ക്ക് ചെയ്യു എന്ന് ചുരുക്കം.

കലരലും കൂടിച്ചേരലുകളുമൊക്കെ ഓരോ ഫെഡറല്‍ സ്‌റ്റേറ്റിനുള്ളിലെയും പ്രാദേശിക ജാതി/മത ദേശീയതക്കുള്ളില്‍ സംഭവിക്കേണ്ട ഒന്നു മാത്രമാണ്. അതാണ് തായ് കുല വിശുദ്ധ ഭാരതം. ഈ സംസ്‌കാരത്തെ ഇല്ലാതാക്കാനും മലിനപ്പെടുത്താനും കേരളത്തിലേക്ക് സംഭവിച്ച കുടിയേറ്റം ദേശ / ദേശീയ ഭീഷണി ആണെങ്കില്‍ ആ സംസ്‌കാരം ഇല്ലാതാക്കാനും മലിനപ്പെടുത്താനും കേരളത്തില്‍ നിന്നും പുറത്തേക്ക് സംഭവിച്ച കുടിയേറ്റവും ഡയസ് പോറയും ദേശ/ ദേശീയ ഭീഷണി തന്നെയല്ലെ? കേവല മര്‍ത്യ യുക്തി അതല്ലാതെ വരില്ലല്ലോ? ഇങ്ങോട്ടുള്ള കടന്നു വരവ് റദ്ദു ചെയ്യുന്നതോടൊപ്പം ഇങ്ങ് നിന്നുള്ള കടന്നു പോക്കും റദ്ദു ചെയ്യണം. മിനിമം അപര ഫെഡറല്‍ സ്‌റ്റേറ്റുകളുടെ സംസ്‌കാര വിശുദ്ധിയെങ്കിലും വകവെച്ചു കൊടുക്കണം, സ്വന്തം ദേശീയതാ സാംസ്‌കാരിക വിശുദ്ധിയെപ്പറ്റി ഊറ്റം കൊള്ളുന്നവര്‍.

അസീസ് നല്ലവീട്ടില്‍

ഡൊണാള്‍ഡ് ട്രീപ് പറയുന്നത് തന്നെയല്ലേ സുഗതകുമാരിയും പറയുന്നത് …….

ലിജിത്ത് ജി പയ്യന്നൂര്‍

തൊട്ടടുത്ത സംസ്ഥാനത്തെ മനുഷ്യരെ പോലും സഹജീവികളായി പരിഗണിക്കാന്‍ കഴിയാത്ത കവയത്രിയൊക്കെയാണ് ഏറ്റവും വലിയ സാംസ്‌കാരിക ദുരന്തം…ഇന്ത്യയിലെവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം കൂടി ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നുണ്ടെന്ന് ആയമ്മക്കറിയാത്തതാണോ എന്തോ??
അതിര്‍ത്തിക്കപ്പുറമുള്ള മനുഷ്യരെ ശത്രുക്കളായി കാണുന്ന സംഘി മനസിന്റെ മറ്റൊരു പതിപ്പ്….

മേരി ലില്ലി

അക്ഷരം എണ്ണിപ്പെറുക്കി വായിക്കാനറിയുന്ന എല്ലാവര്‍ക്കും അപമാനമാണ് ഈ പ്രസ്താവന. സുഗതകുമാരിയെ പോലെ ഒരു എഴുത്തുകാരിയില്‍ നിന്ന് സാംസ്‌കാരിക കേരളം ഇതു പ്രതീക്ഷിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more