'ദേശീയ അവാര്‍ഡ് ജോക്കായോ'? അര്‍ഹമായ ചിത്രങ്ങളെ ഉയര്‍ത്തി കാണിച്ച് സോഷ്യല്‍ മീഡിയ
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടേറുകയാണ്. പല യൂട്യൂബേഴ്‌സും അവാര്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പല അവാര്‍ഡുകളും അര്‍ഹിച്ച കരങ്ങളിലാണോ ലഭിച്ചത് എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. തെലുങ്ക് സിനിമക്ക് വാരിക്കോരി അവാര്‍ഡ് നല്‍കിയ ജൂറി നിരവധി മികച്ച സിനിമകള്‍ റിലീസ് ചെയ്ത തമിഴ് ഇന്‍ഡസ്ട്രിയെ പൂര്‍ണമായും അവഗണിച്ചു എന്നും വിമര്‍ശകര്‍ പറയുന്നു.
പുഷ്പക്കും ആര്‍.ആര്‍.ആറിനും ഒന്നില്‍ക്കൂടുതല്‍ അവാര്‍ഡ് കൊടുത്ത ജൂറി ജയ് ഭീം, സാര്‍പാട്ടൈ പരമ്പരൈ, കര്‍ണന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ കാണാന്‍ മറന്നു പോയോ എന്നാണ് വിമര്‍ശനം. തമിഴ് ഇന്‍ഡസ്ട്രിയെ തഴഞ്ഞതിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങളും പലരും ഉയര്‍ത്തി കാണിക്കുന്നുണ്ട്.
പുഷ്പക്ക് അവാര്‍ഡ് നല്‍കിയതിന്റെ മാനദണ്ഡം ചിത്രത്തിന്റെ പോപ്പുലാരിറ്റി മാത്രമാണോയെന്നും കലാമൂല്യവും കണ്ടന്റും ജൂറി ഒരു ഘടകമായി പരിഗണിച്ചില്ലേയെന്നും ചോദിക്കുന്നുവരുണ്ട്. ഷേര്‍ഷ, തിരുച്ചിത്രമ്പലം എന്നീ സിനിമയിലെ ആല്‍ബങ്ങളും പുഷ്പയിലെ സംഗീത സംവിധായകന് അവാര്‍ഡ് സമ്മാനിച്ച ജൂറിക്ക് മുമ്പില്‍ വിമര്‍ശകര്‍ വെക്കുന്നുണ്ട്.
അല്ലു അര്‍ജുന്റെ കരിയറിലെ മികച്ച പ്രകടനം പുഷ്പയില്‍ കണ്ടെങ്കിലും ദേശീയ അവാര്‍ഡിന് അത് അര്‍ഹമാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതിന് പകരം ഏറ്റവും അര്‍ഹതയുള്ളതായി ഉയര്‍ന്നു കേട്ട പേര് സര്‍ദ്ദാര്‍ ഉദ്ദം എന്ന ചിത്രത്തിലെ വിക്കി കൗശലിന്റേതായിരുന്നു. ജയ്ഭൂമിലെ മണികണ്ഠന്റേയും ലിജോ മോളുടേയും പ്രകടനത്തിന് എന്തുകൊണ്ട് അവാര്‍ഡ് ലഭിച്ചില്ല എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
മികച്ച സിനിമയായി റോക്കട്രി ദി നമ്പി ഇഫക്ടാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആലിയ ഭട്ടും കൃതി സനണും മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടു. അല്ലു അര്‍ജുന്റേത് ഉള്‍പ്പെടെ പത്ത് അവാര്‍ഡുകളാണ് ഇത്തവണ തെലുങ്ക് സിനിമക്ക് ലഭിച്ചത്. ഇതില്‍ ആറും നേടിയിരിക്കുന്നത് ആര്‍.ആര്‍.ആറാണ്.
മലയാള സിനിമക്കും 2021 ചലച്ചിത്ര പുരസ്‌കാരത്തില്‍ നേട്ടമുണ്ടായി. മികച്ച മലയാളം സിനിമയായി ഹോമിനെയാണ് തെരഞ്ഞെടുത്തത്. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുത്തത് ഷാഹി കബീറിനെയാണ്. ‘നായാട്ടാ’ണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓഡിയോഗ്രഫി ‘ചവിട്ട്’ എന്ന മലയാളം സിനിമക്കാണ് ലഭിച്ചത്. ആവാസവ്യൂഹത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന് മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
Content Highlight: Social media criticism against National film awards