| Thursday, 9th August 2018, 12:13 pm

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് മോഹന്‍ലാല്‍ വ്യക്തിപരമായ കണക്കുതീര്‍ക്കലിന് ദുരുപയോഗപ്പെടുത്തിയതായി ആക്ഷേപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിന്റെ വേദി മുഖ്യാതിഥി മോഹന്‍ലാല്‍ തന്റെ വ്യക്തിപരമായ കണക്കുതീര്‍ക്കലിന് ദുരുപയോഗപ്പെടുത്തിയതായി സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപം.

വേദിയില്‍ മോഹന്‍ലാല്‍ നടത്തിയ പ്രസംഗം ആരോചകമായിരുന്നെന്നാണ് വിമര്‍ശനം ഉന്നയിച്ചുകൊണ്ട് മാധവന്‍ കുട്ടി പറയുന്നത്. മോഹന്‍ലാലിന് തിരുവനന്തപുരത്ത് പ്രത്യേക അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്ന പ്രസംഗം ഇത്തരമൊരു വേദിയില്‍ അല്ലാ വേണ്ടിയിരുന്നില്ല എന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്.

തന്റെ ജനനവും വളര്‍ച്ചയും സിനിമാ ജീവിതവും കുടുംബവും അത്രമേല്‍ തിരുവനന്തപുരവുമായി ചേര്‍ന്നുകിടക്കുന്നതിനാല്‍ തിരുവനനതപുരം തന്റെ സ്വകാര്യമായ എന്തോ ആണെന്നുള്ള മോഹന്‍ലാലിന്റെ പ്രസംഗം സിനിമയില്‍ പറയുന്ന ഡയലോഗിനെ അനുകരിക്കുന്ന രീതിയിലായിരുന്നു എന്ന് ബിജു ബാലാ കൃഷ്ണന്‍ ഫേസ്ബുക്കില്‍ പറയുന്നുണ്ട്.

Read:  ഇന്ദ്രന്‍സിനു പകരം മോഹന്‍ലാല്‍: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് വിമര്‍ശകര്‍

മോഹന്‍ലാലിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സംസ്ഥാന പുരസ്‌ക്കാരം വിതരണം ചെയ്യുന്ന വേദിയില്‍ പറഞ്ഞത് ശരിയായില്ല എന്ന അഭിപ്രായം പലരും രേഖപ്പെടുത്തി.

“എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലേറെയായി ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളയാളാണ്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് എന്റെ അവകാശമാണ്. സിനിമയില്‍ സമര്‍പ്പിച്ച എന്റെ അരങ്ങിനും ഒരുതിരശ്ശീലയുണ്ട് എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. ആ തിരശ്ശീല വീഴുന്നതു വരെ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും”. മോഹന്‍ലാലിന്റെ ഈ വാക്കുകള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവരെ വെല്ലുവിളിക്കുന്ന രീതിയിലാണ് എന്നാണ് സന്തോഷ് ടി.സി ഫേസ്ബുക്കില്‍ പറഞ്ഞിരിക്കുന്നത്.

“പരിപാടിയിലേയ്ക്ക് വരുമ്പോള്‍ മുഖ്യാതിഥിയായി തോന്നിയിട്ടില്ലെന്നും ഷൂട്ടിങ്ങില്ലാത്ത ഒരു ദിവസം സന്തോഷകരമായ ഒരു ഒത്തുചേരലാണെന്നും” മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണാന്‍ അതിഥിയായിതന്നെ വരനമായിരുന്നോ എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

Read:  ഞാന്‍ തോക്ക് ചൂണ്ടിയത് മോഹന്‍ലാലിന് എതിരെയെല്ല; മുഖ്യമന്ത്രിക്കും സമൂഹത്തിനുമെതിരെ:അലന്‍സിയര്‍

മോഹന്‍ലാലിനെ മുഖ്യാതിഥിയായി പുരസ്‌ക്കാര ചടങ്ങിലേയ്ക്ക് ക്ഷണിച്ചത് നേരത്തെ തന്നെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുരസ്‌ക്കാരം നേടിയ അഭിനേതാക്കള്‍ മുഖ്യാതിഥികളായ വേദിയില്‍ എന്തിനാണ് മോഹന്‍ലാലിന് പ്രാധാന്യം കൊടുക്കുന്നത് എന്നായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more