| Saturday, 4th February 2023, 3:35 pm

ഇതെന്താ വാട്‌സ്ആപ്പ് ഫോര്‍വേഡോ? പൊലീസ് നിര്‍ദേശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാഹനങ്ങളില്‍ തീപിടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കേരളാ പൊലീസിന്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന നിര്‍ദേശങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം.

കാറിന് തീ പിടിച്ചാല്‍ ഡോര്‍ തുറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, സീറ്റിന്റെ ഹെഡ്‌റെസ്റ്റ് ഊരിയെടുത്ത് അതിന്റെ കൂര്‍ത്ത അഗ്രങ്ങള്‍ കൊണ്ട് വിന്‍ഡോ ഗ്ലാസ് തകര്‍ക്കണം എന്നാണ് പോലീസ് നിര്‍ദേശിക്കുന്നത്.

വാട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജുകളെ ആടിസ്ഥാനമാക്കിയുള്ള പൊലീസിന്റെ ഈ നിര്‍ദേശം പ്രായോഗികമല്ലെന്നും, എല്ലാ വാഹനങ്ങളിലും ഹെഡ് റെസ്റ്റ് എളുപ്പത്തില്‍ ഊരിയെടുക്കാന്‍ സാധിക്കില്ലെന്നും, അതുപോലെ ഊരിയെടുത്ത ഹെഡ് റെസ്റ്റിന്റെ അഗ്രം കൂര്‍ത്തതായിരിക്കണം എന്ന് നിര്‍ബന്ധമില്ലെന്നും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം പ്രായോഗിക പ്രതിസന്ധികളൊന്നും പൊലീസിന്റെ സോഷ്യല്‍ മീഡിയ നിര്‍ദേശങ്ങളില്‍ പരിഗണിച്ചതായി കാണുന്നില്ലെന്നും, ഒരു അപകടമുണ്ടായാല്‍ ഉപയോഗിക്കാനായി ഏതെങ്കിലും ഉപകരണം വാങ്ങി വയ്ക്കുന്നതിനെ കുറിച്ച് പറയുകയോ ഒന്നും ചെയ്തിട്ടില്ലെന്നും പ്രൊഫൈലുകള്‍ വിമര്‍ശിക്കുന്നു.

‘ഒരു അപകടം വരുമ്പോള്‍ പെട്ടെന്നാവും കേരള പോലീസിന്റെ ഈ നിര്‍ദേശം ഓര്‍മ വരുന്നത്. കേരളാ പോലീസ് പറയുന്നതുപോലെയുള്ള ഹെഡ് റെസ്റ്റ് അല്ലെങ്കില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒന്ന് ആലോചിച്ചു നോക്കൂ!

18 ലക്ഷം പേര്‍ ഫോളോ ചെയ്യുന്ന പേജ് ആണ്. ഫേസ്ബുക്കില്‍ ഉണ്ടാകുന്ന ഷെയറുകള്‍ കൂടാതെ വാട്‌സ്ആപ്പില്‍ പതിനായിരകണക്കിന് ഷെയറുകള്‍ വരുന്നതാണ്. കേരള പൊലീസിന്റെ പോസ്റ്റുകള്‍ ആകുമ്പോള്‍ സുരക്ഷാ വിഷയങ്ങളെക്കുറിച്ച് അവസാനവാക്ക് എന്ന് തന്നെ കരുതുന്നവരുണ്ട്.

അങ്ങനെ ഒരു സമൂഹത്തിലേക്ക് ഏറ്റവും കൃത്യമായ, ശാസ്ത്രീയമായ വിവരങ്ങള്‍ കൊടുക്കാന്‍ കേരളാ പോലീസിന് കടമയുണ്ട്. പ്രത്യേകിച്ച് ഇതുപോലെ ഒരു സങ്കടകരമായ കാര്യം നടന്ന അവസരത്തില്‍ ഉണ്ടാകുന്ന പോസ്റ്റുകള്‍ക്ക് റീച്ച് വളരെ കൂടുതലായിരിക്കും എന്ന വസ്തുത കൂടി പരിഗണിക്കണം.

അറിയാതെ പോലും കേരളാ പോലീസിന്റെ പേജില്‍ അത്തരത്തിലുള്ള അബദ്ധങ്ങള്‍ വരാന്‍ പാടില്ല. ടെക്‌നിക്കല്‍ വിഷയങ്ങളില്‍ സത്യങ്ങളും അര്‍ത്ഥസത്യങ്ങളും വിതറിക്കൊണ്ട് വരുന്ന വാട്‌സ്ആപ്പ് ഫോര്‍വേഡുകള്‍ പോലെ ആവരുത് കേരള പോലീസിന്റെ പേജില്‍ വരുന്ന ഒഫീഷ്യല്‍ നിര്‍ദേശങ്ങള്‍,’ ഡോ. ജിനേഷ് പി.എസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഈ പറഞ്ഞ കേരളാ പൊലീസ് ഒരു ഡെമോ കാണിക്കാമോ? സീറ്റ് ഹെഡ് റെസ്റ്റ് വെച്ച് ഗ്ലാസ് പൊട്ടിക്കല്‍?
നിങ്ങള്‍ ഒരു വണ്ടിയില്‍ അകപ്പെട്ടു കിടക്കുമ്പോള്‍ അല്ല, സ്വസ്ഥം ആയി ഇരിക്കുമ്പോള്‍ പോലും മുന്നിലെ സീറ്റില്‍ ഇരുന്നു ഹെഡ് റെസ്റ്റ് ഊരി എടുക്കല്‍ അത്ര എളുപ്പം അല്ല.

നിങ്ങളുടെ വണ്ടിയിലെ ഹെഡ് റെസ്റ്റിന്റെ അടിവശം കൂര്‍ത്ത് ആണോ ഇരിക്കുന്നത്? എത്ര വണ്ടിയുടെ ഹെഡ് റെസ്റ്റ് കമ്പി കൂര്‍ത്ത് അല്ല ഇരിക്കുന്നത് എന്ന് നോക്കിയിട്ടുണ്ടോ? ഹെഡ് റെസ്റ്റ് ഊരി എടുക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള എത്ര വണ്ടികള്‍ ഉണ്ട് എന്ന് നോക്കിയിട്ടുണ്ടോ?

ഗ്ലാസ് ബ്രേക്ക് ചെയ്യാനും സീറ്റ് ബെല്‍റ്റ് മുറിക്കാനും ഉള്ള ഉപകരണം ആമസോണ്‍ ബേസിക്‌സ് സീരീസില്‍ 400 രൂപയ്ക്കു കിട്ടുന്നുണ്ട്. അതിന്റെ ഒരു വിവരം കൊടുത്തു കൊണ്ട് കേരള പോലീസ് ഈ പോസ്റ്റ് എഡിറ്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു,’ എന്നാണ് ശ്യാംലാല്‍ ടി. പുഷ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘എന്റെ വണ്ടിയുടെ ഹെഡ് റെസ്റ്റ് പോളിന് കൂര്‍ത്ത അഗ്രമില്ല, ഇത് എളുപ്പത്തില്‍ ഊരി എടുക്കാനും കഴിയില്ല, വശത്ത് കാണുന്ന ചെറിയ ഹോളില്‍ ഒരു പിന്‍ ഇട്ട് അണ്‍ലോക്ക് ചെയ്ത് മുകളിലേക്ക് വലിച്ചാല്‍ മാത്രമേ ഊരാന്‍ കഴിയൂ, ഒരു കൈ കൊണ്ട് അഡ്ജസ്റ്ററില്‍ പ്രസ് ചെയ്യണം, ഒരു കൈ കൊണ്ട് ഹോളിലെ ലോക്ക് പ്രസ് ചെയ്യണം ഒപ്പം ഹെഡ് റസ്റ്റ് മുകളിലേക്ക് വലിക്കണം, ഇത്രയും ചെയ്താല്‍ ഊരി വരുമോ? ഇല്ല, ഹെഡ് റെസ്റ്റ് ചെന്ന് റൂഫില്‍ തട്ടി നില്‍ക്കും അപ്പോള്‍ സീറ്റ് പിന്നിലേക്ക് Recline ചെയ്യണം എന്നാല്‍ മാത്രമേ അത് ഊരി എടുക്കാനുള്ള സ്‌പേസ് ലഭിക്കൂ. നല്ല ശ്രമകരമായ പണിയാണ്.

പല വാഹനങ്ങളിലും ഹെഡ് റസ്റ്റില്‍ എന്റര്‍ടെയിന്‍മെന്റ് ഡിസ്‌പ്ലേ കാണും അതിന്റെ വയറിങ്ങ് കാണും, പല പ്രീമിയം വാഹങ്ങളിലെയും ഹെഡ് റെസ്റ്റില്‍ ഔട്ടോമാറ്റിക്ക് സേഫ്റ്റി ഫീച്ചേഴ്‌സും അതിന്റെ വയറിങ്ങും കാണും, പല വാഹനങ്ങളുടെയും ഹെഡ് റെസ്റ്റ് അണ്‍ലോക്ക് എന്നത് പെട്ടെന്ന് ആക്‌സസ് ചെയ്യാന്‍ കഴിയാത്ത വിധം മറക്കപ്പെട്ടതാവും. അതിനാല്‍ അപകടമുണ്ടായാല്‍ ഹെഡ് റെസ്റ്റ് ഊരി എടുത്ത് ഗ്ലാസ് പൊട്ടിക്കാം എന്ന പൊതുവായ സന്ദേശം അപകടകരമാണ്,’ നിഖില്‍ രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: Social Media Criticism against Kerala Police Facebook Post about Fire and Safety Instructions’

We use cookies to give you the best possible experience. Learn more