രാമകൃഷ്ണന്റെ യോഗ്യത സത്യഭാമയ്ക്ക് അറിയാഞ്ഞിട്ടല്ല, വര്‍ണവെറിയും ജാതി വെറിയുമാണ് അവരുടെ വാക്കുകളില്‍; വിമര്‍ശനം
Kerala
രാമകൃഷ്ണന്റെ യോഗ്യത സത്യഭാമയ്ക്ക് അറിയാഞ്ഞിട്ടല്ല, വര്‍ണവെറിയും ജാതി വെറിയുമാണ് അവരുടെ വാക്കുകളില്‍; വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 10:15 am

 

തിരുവനന്തപുരം: ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതീയാധിക്ഷേപം നടത്തിയ നൃത്താധ്യാപിക സത്യഭാമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം.

കലാമണ്ഡലം സത്യഭാമ, ഇയാള് ഇയാള് എന്ന് പറയുന്ന ആര്‍.എല്‍.വി രാമകൃഷ്ണന്റെ യോഗ്യത എന്താണെന്ന് സത്യഭാമയ്ക്ക് അറിയാഞ്ഞിട്ടല്ലെന്നും വര്‍ണവെറിയും ജാതി വെറിയും മാത്രമാണ് അവരുടെ വാക്കുകളിലെന്നും കാഴ്ചയില്‍ അവര്‍ക്കു തോന്നുന്ന അറപ്പും വെറുപ്പും മറ്റൊന്നുംകൊണ്ടല്ലെന്നും അനു പാപ്പച്ചന്‍ ഫേസ്ബുക്കില്‍ എഴുതി.

‘കലാമണ്ഡലം സത്യഭാമ, ഇയാള് ഇയാള് എന്ന് പറയുന്ന രാമകൃഷ്ണന്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്ന് മോഹിനിയാട്ടം പഠിച്ച കലാകാരനാണ്, എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ മോഹിനിയാട്ടത്തില്‍ ഒന്നാം റാങ്ക് , കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ എം.ഫില്‍ ( Top Scorer), മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി, അസിസ്റ്റന്റ് പ്രൊഫസറിനുള്ള NET, ദൂരദര്‍ശന്‍ എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റ്,
15 വര്‍ഷത്തെ അധ്യാപക പരിചയം, അപ്പോള്‍ യോഗ്യതകളില്ലാഞ്ഞിട്ടല്ല.

അതാ സ്ത്രീക്ക് അറിയുകയും ചെയ്യും. വര്‍ണ്ണവെറിയും ജാതി വെറിയുമാണ്. കാഴ്ചയില്‍ അവര്‍ക്കു തോന്നുന്ന അറപ്പും വെറുപ്പും മറ്റൊന്നുമല്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രവണതയുമല്ല. കലാഭവന്‍ മണിയെയും ഇതേ റേസിസ്റ്റ് മനോഭാവത്തോടെയാണ് സമീപിച്ചിരുന്നത്.

ജാതിപ്രിവിലേജുകാരുടെ വേദികളോടും അവസരങ്ങളോടും പൊരുതി സ്വന്തം നിലയ്ക്കു മുന്നേറി വരുമ്പോള്‍ തലയ്ക്കിട്ടു തന്നെ ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി ഗുരുക്കര്‍ക്ക് മുഖ്യവേദികളും പട്ടും പരവതാനിയും വിരിക്കുന്ന ഏര്‍പ്പാടങ്ങ് നിര്‍ത്തുക. വംശീയധിക്ഷേപത്തില്‍ കലാമണ്ഡലം സത്യഭാമ മാപ്പു പറയുക. ഉചിതമായ നടപടി എടുക്കുക. ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനൊപ്പം നില്‍ക്കുക എന്നാല്‍ അദ്ദേഹത്തിന് വേദികള്‍ കൊടുക്കുക എന്നുകൂടിയാണ്,’ അനു പാപ്പച്ചന്‍ ഫേസ്ബുക്കിലെഴുതി.

ഡോ.ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ വീഡിയോയിലെ സ്ത്രീയെ ‘കലാമണ്ഡലം സത്യഭാമ’ എന്നാണ് ചിലര്‍ വിശേഷിപ്പിച്ചു കാണുന്നതെന്നും ലോകപ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം സത്യഭാമ, 1937ല്‍ ഷൊര്‍ണ്ണൂരില്‍ ജനിച്ച് 2015ല്‍ അന്തരിച്ചെന്നുമാണ് അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ എഴുതിയത്.

അന്തരിച്ച ലോക പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം സത്യഭാമയുടെ ഫോട്ടോ പങ്കുവെച്ചായിരുന്നു അശോകന്‍ ചരിവിലിന്റെ കുറിപ്പ്.

‘ഇത് ലോകപ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം സത്യഭാമ. 1937ല്‍ ഷൊര്‍ണ്ണൂരില്‍ ജനിച്ച അവര്‍ 2015ല്‍ അന്തരിച്ചു. മോഹിനിയാട്ടം എന്ന കലയെ ഇന്നുള്ള മഹത്വത്തിലേക്കുയര്‍ത്തിയത് സത്യഭാമ ടീച്ചറാണ്. കലാമണ്ഡലം പ്രിന്‍സിപ്പല്‍ ആയിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഇതിവിടെ എഴുതാന്‍ കാരണം:

നര്‍ത്തകന്‍ ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ ജാത്യാധിക്ഷേപം നടത്തിയ വീഡിയോയിലെ സ്ത്രീയെ ‘കലാമണ്ഡലം സത്യഭാമ’ എന്നാണ് ചിലര്‍ വിശേഷിപ്പിച്ചു കാണുന്നത്. അവരെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. കലാമണ്ഡലത്തില്‍ പഠിച്ചയാളാവണം. ആര്‍.എസ്.എസ്.മുഖപത്രമായ കേസരി വാരികയിലെ എഴുത്തുകാരിയാണത്രെ! തിരുവനന്തപുരത്ത് ഡാന്‍സ് സ്‌കൂള്‍ നടത്തുന്നയാളാണെന്നും കേള്‍ക്കുന്നു,’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ഇക്കാലത്തും ഇങ്ങനെയുള്ളവര്‍ കലാകാരന്മാരുടെ ഇടയില്‍ ഉണ്ടെന്നത് കേരളീയര്‍ക്ക് മൊത്തം അപമാനമാണെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നുണ്ട്.

‘മനുഷ്യന് അശുദ്ധിവരുത്തുന്നത് വായയ്ക്കകത്തേക്കു ചെല്ലുന്നതു അല്ല, വായയില്‍നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”വിശ്വമോഹിനിയെന്നു നടിക്കുന്ന കലാമണ്ഡലം സത്യഭാമയെന്ന സവര്‍ണ അഹന്തയ്ക്ക് സമര്‍പ്പിക്കുന്നു, എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്റ്.

കാലകാലങ്ങളായി സവര്‍ണ്ണര്‍ കയ്യേറി വെച്ചിരിക്കുന്ന കലകളില്‍ അവര്‍ണ്ണര്‍ കയറി വരുന്നത് ആ സ്ത്രീക്ക് പിടിക്കുന്നില്ല, ഇവിടുത്തെ സവര്‍ണ്ണ മേധാവിത്തത്തിന് പിടിക്കുന്നില്ല, എന്നും ചിലര്‍ പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ച ജാസി ഗിഫ്റ്റ്, ഇപ്പോള്‍ രാമകൃഷ്ണന്‍, തൊലി വെളുത്ത മലയാളിയുടെ ചൊറിച്ചിലിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് ഇനിയും മനസ്സിലായില്ലേ, എന്നായിരുന്നു മറ്റൊരു കമന്റ്.

നമ്മുടെ പല സാംസ്‌കാരിക സ്ഥാപനങ്ങളും ജാതീയതയും വംശീയതയും അരങ്ങു വാഴുന്ന ഇടങ്ങളാണെന്ന് ഈ സ്ത്രീ ഉറപ്പിക്കുന്നുണ്ട്. കല കൊണ്ടും അക്കാദമിക മികവുകൊണ്ടും അവരേക്കാള്‍ എത്രയോ ഉയരെ നില്‍ക്കുന്ന ഒരു കലാകാരനോടുള്ള കടുത്ത അസൂയയും അമര്‍ഷവും വര്‍ണ്ണവെറിയും തന്നെയാണ് ഇവരുടെ വാക്കുകളിലുള്ളത്, എന്നായിരുന്നു മറ്റൊരു കമന്റ്.

തനിക്കെതിരായ ജാതീയ അധിക്ഷേപത്തില്‍ മറുപടിയുമായി ആര്‍.എല്‍.വി രാമകൃഷ്ണന്‍ തന്നെ രംഗത്തെത്തിയിരുന്നു.
സത്യഭാമയുടെ പരാമര്‍ശം അപമാനകരമാണെന്നായിരുന്നു ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കാന്‍ പാടില്ലെന്നത് അപമാനകരമായ പ്രസ്താവന ആണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരം എന്നതിന് അപ്പുറം കലയിലേക്ക് കടന്ന് വരുന്ന പുതിയ തലമുറക്ക് വേണ്ടി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കലാമണ്ഡലത്തിലെ പഠന കാലത്തും ഇത്തരത്തിലുള്ള ജാതീയ പരാമര്‍ശങ്ങള്‍ താന്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.

‘എന്റെ കറുപ്പാണ് എന്റെ അഴക്. എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്,’ രാമകൃഷ്ണന്‍ ഫേസുബുക്കില്‍ കുറിച്ചു.

ആര്‍.എല്‍.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞത്.

‘മോഹിനിയാട്ടം കളിക്കുന്ന ആളുകള്‍ എപ്പോഴും മോഹിനി ആയിരിക്കണം. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണം. ഇവനെ കണ്ട് കഴിഞ്ഞാല്‍ ദൈവം പോലും സഹിക്കില്ല, പെറ്റതള്ള പോലും സഹിക്കില്ല,’ എന്നായിരുന്നു സത്യഭാമ പറഞ്ഞത്.