|

ആസിഫ്, നിങ്ങളുടെ മുഖത്തെ ആ ഉരുകിയ പുഞ്ചിരി ഞങ്ങളെ വേദനിപ്പിക്കുന്നു; രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുരസ്‌കാര വേദിയില്‍ നടന്‍ ആസിഫ് അലിയെ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ സൈബര്‍ ലോകം. പുരസ്‌കാരം നല്‍കാനായി വേദിയിലെത്തിയ ആസിഫില്‍ നിന്നും പുരസ്‌കാരം വാങ്ങാന്‍ തയ്യാറാകാതിരുന്ന രമേശ് നാരായണന്‍ വേദിയിലേക്ക് സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തുകയും അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം കൈപ്പറ്റുകയുമായിരുന്നു.

ആസിഫ് അലിയ്ക്ക് ഒരു ഹസ്തദാനം നല്‍കാനോ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാനോ പോലും രമേശ് നാരായണന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വേദിയില്‍ എത്തിയ ജയരാജിനെ രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം ആലിംഗനം ചെയ്തിരുന്നു. രമേശ് നാരായണന്റെ ഈ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് സൈബര്‍ ലോകത്ത് ഉയരുന്നത്.

തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നത്തിലുള്ള ഈഗോ മാത്രമാണോ ആസിഫ് അലിയോട് രമേശ് നാരായണന്‍ കാണിച്ചതെന്നും രമേശ് നാരായണന്റെ മുഖത്തെ പുച്ഛ ഭാവം ശരിക്കും സംഘി ശരീര ഭാഷ ആയിട്ടാണ് തോന്നിയതെന്നുമാണ് ചിലര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

ചില വേദികളില്‍ ക്യാമറക്ക് മുന്നില്‍ മോദി കാണിക്കുന്ന പോലുള്ള അതേ ശരീര ഭാഷ.. വിളിച്ചുടനെ ചെന്ന് അത് കൈമാറാന്‍ നിന്ന ജയരാജ് അതിനേക്കാള്‍ വലിയ തെറ്റാണ് ചെയ്തത്.

ആ വീഡിയോയില്‍ ആസിഫ് അലിയുടെ ഉരുകിയ പുഞ്ചിരി ശരിക്കും വേദനിപ്പിക്കുന്നുണ്ട്. വേദിയില്‍ ഉണ്ടായിരുന്ന ഇന്ദ്രജിത്തിന്റെ മുഖത്ത് അവിടെ സംഭവിച്ചതിന്റെ ആകെത്തുക കാണാം. പ്രിയ ആസിഫ് അലി നിങ്ങളോടൊപ്പം എന്നാണ് മറ്റു ചില കമന്റുകള്‍.

ആസിഫ് അലി, നിങ്ങളുടെ കൂടെയാണ് മലയാള സിനിമ പ്രേക്ഷകര്‍ മുഴുവനും. നിങ്ങളുടെ ഈ പുഞ്ചിരി മതി എല്ലാത്തിനും ഉത്തരമായി.
കേരളത്തിലെ യുവത്വം അവരില്‍ ഒരാളായിട്ടാണ് ആസിഫ് അലിയെന്ന വ്യക്തിയെ കാണുന്നത്, എന്നായിരുന്നു മറ്റൊരു കമന്റ്.

അതേസമയം ജയരാജന് ഇതില്‍ റോള്‍ ഒന്നുമില്ലെന്നും അങ്ങേര്‍ക്ക് സംഭവം എന്താണെന്ന് പോലും മനസിലായില്ല എന്നാണ് ചിലര്‍ കുറിച്ചത്.

‘ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയില്‍ നിന്ന് പുരസ്‌കാരം ലഭിക്കണം എന്നില്ല. പുരസ്‌കാരത്തിനുള്ള ക്ഷണം സ്വീകരിക്കുമ്പോള്‍ ആരാണ് തരുന്നത് എന്ന് ചോദിക്കാം. തരുന്നയാളെ മാറ്റാന്‍ ആവശ്യപ്പെടാം, മാറ്റിയില്ലെങ്കില്‍ പുരസ്‌കാരം സ്വീകരിക്കാന്‍ പോവാതിരിക്കാം. ഈ നിബന്ധനകള്‍ ഇല്ലാതെ പുരസ്‌ക്കാരം വാങ്ങാന്‍ പോയാല്‍ കമ്മറ്റി തീരുമാനിച്ച ആര് തന്നാലും സ്വീകരിക്കുന്നതാണ് മര്യാദ.

പകരക്കാരനായി ജയരാജന്‍ പോയത് ഉചിതമായില്ല. ഒരു സഹപ്രവര്‍ത്തകനെ അപമാനിക്കുന്നതിന് ജയരാജന്‍ കൂട്ട് നില്‍ക്കരുതായിരുന്നു.
ഒരു നടന്‍ എന്ന നിലയില്‍ ആസിഫലിക്ക് എന്താണ് ഒരു കുറവ്? വ്യത്യസ്ത റോളുകള്‍ തേടി പിടിച്ചു ആ റോളുകളോട് നീതി പുലര്‍ത്താന്‍ ആസിഫിന് കഴിയുന്നുണ്ട്. ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ രമേശ് നാരായണനേക്കാള്‍ വിജയമാണ് നടന്‍ എന്ന നിലയില്‍ ആസിഫ് അലി,’ എന്നായിരുന്നു മറ്റൊരു കമന്റ്.

ഏറ്റവുമധികം ഫ്യൂഡല്‍ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന വ്യക്തികള്‍ സംഗീതജ്ഞരാണ്. വലിപ്പച്ചെറുപ്പം, സീനിയോരിറ്റി കോംപ്ലക്‌സ്, ജാതിചിന്ത ഇതൊക്കെ മറ്റു കലാകാരന്മാരേക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ്. യേശുദാസ് ഇളയരാജ തുടങ്ങി നിരവധി പേര്‍ പല അവസരങ്ങളില്‍ അത് പരസ്യമാക്കിയിട്ടുമുണ്ട്, എന്നായിരുന്നു മറ്റൊരു കുറിപ്പ്.

പുരസ്‌കാരം മറ്റൊരാളില്‍ നിന്ന് വാങ്ങുന്നതൊക്കെ മുന്‍പും പലരും ചെയ്തിട്ടുള്ളതാണ്. പക്ഷെ ആദ്യം പുരസ്‌കാരം തരാന്‍ വന്ന ആളെ ഒന്ന് വക പോലും വെക്കാതെ ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ മറ്റൊരാളെ വിളിച്ചുവരുത്തി പുരസ്‌കാരം വാങ്ങിച്ച നടപടി അംഗീകരിക്കാനാവുന്നതല്ല,’ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Content Highlight: Social Media Criticise Ramesh Narayanan and Support asif ali