| Friday, 26th January 2024, 12:47 pm

ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടി കരിയും എന്ന ഒറ്റ കണ്ടുപിടുത്തം പോരെ ഫിസിയോളജിക്കും കെമിസ്ട്രിക്കുമുള്ള നോബല്‍ ഒരുമിച്ചു കൊടുക്കാന്‍; വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ മുന്‍ രാജകുടുംബാഗം ഗൗരി ലക്ഷ്മി ഭായിക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കിയതില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. എന്ത് മികവിന്റെ അടിസ്ഥാനത്തിലാണ് ഗൗരി ലക്ഷ്മി ഭായ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

പദ്മ പുരസ്‌കാരങ്ങള്‍ അര്‍ഹതയില്ലാത്തവര്‍ക്ക് കൊടുക്കുന്നു എന്നു പറഞ്ഞവര്‍ ‘സ്വജനങ്ങള്‍ക്ക്’ പദ്മവിഭൂഷന്‍ ഉള്‍പ്പെടെ വാരിക്കൊടുക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍. മിനിമം തമ്പുരാട്ടിക്ക് ഭാരതരത്‌നമെങ്കിലും കൊടുക്കണമായിരുന്നെന്നും ഇതിപ്പോ തീരെ കുറഞ്ഞു പോയെന്നുമൊക്കെയാണ് കമന്റുകള്‍.

ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ വാടിപ്പോകുമെന്ന് ശാസ്ത്രം തെളിയിച്ചതാണ് എന്ന് ഗൗരി ലഷ്മി ഭായ് പറഞ്ഞ വാര്‍ത്ത പങ്കുവെച്ചു കൊണ്ട് ‘പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ …’ ഇത്തരം മഹത്തായ സംഭാവനകള്‍ രാജ്യത്തിന് ഇനിയുമിനിയും നല്‍കാനാകട്ടെ ‘പത്മ’ മഹാറാണിക്ക്. രാജ്യത്തിന്റെ ശാസ്ത്രാവബോധത്തെ കണ്ട് ലോകം ഞെട്ടട്ടെ. ഞെട്ടിത്തരിക്കട്ടെ..’ദിവ്യായുധം വല്ലതുമുണ്ട് ബാക്കി -യെന്നാലതും നല്‍കിയനുഗ്രഹിക്കാം’, എന്നായിരുന്നു എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കില്‍ എഴുതിയത്.

നമ്മുടെ പുതിയ റിപ്പബ്ലിക് ആദരിക്കേണ്ട ആളാണ് തമ്പുരാട്ടി എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ദില്ലിയില്‍ച്ചെന്നു ഹേര്‍ ഹൈനെസ്സ് ആ അവാര്‍ഡ് പ്രസിഡന്റില്‍നിന്നും ഏറ്റുവാങ്ങുന്ന നാള്‍ ഞാന്‍ കാത്തിരിക്കുന്നു. എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത്.

നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ ദീപം തെളിയിക്കണമെന്ന് പറഞ്ഞ കെ.എസ്. ചിത്രക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ചിത്രയോട് ഒരു വട്ടം ക്ഷമിക്കണമെന്നും ചിത്രയ്ക്ക് പാടാനല്ലാതെ രാഷ്ട്രീയ-സാമൂഹ്യ കാര്യങ്ങളില്‍ അറിവില്ലെന്നും ഗായകന്‍ വേണുഗോപാല്‍ പറഞ്ഞിരുന്നു. അതേ രീതിയില്‍ തമ്പുരാട്ടിയോട് ഒരു വട്ടം ക്ഷമിച്ചുകൂടെ എന്നുള്ള രീതിയിലും ട്രോളുകള്‍ ഉയരുന്നുണ്ട്.

അവര്‍ അത് നിഷ്‌കളങ്കമായി പറഞ്ഞതാണ്. കൊട്ടാരവും, രാജാവും, അവിടത്തെ ഇംഗ്ലീഷും, വലിയ മേശകളും കസേരകളും, കാറുകളും ഇതിന്റെയൊക്കെ ചരിത്രവും അല്ലാതെ തമ്പുരാട്ടിക്ക് മറ്റൊന്നും അറിയില്ല, എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ വന്ന മറ്റൊരു കമന്റ്.

‘ഈ ക്രൈറ്റീരിയ വെച്ച് അടുത്ത വര്‍ഷം അലക്‌സാണ്ടര്‍ ജേക്കബിന് നല്‍കണമെന്ന് മാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്.
ആര്‍ത്തവമുള്ള സ്ത്രീകള്‍ നനച്ചാല്‍ ചെടി കരിയും എന്ന് പറഞ്ഞ ആളാണ് ഗൗരി ലക്ഷ്മി ഭായി. സാഹിത്യത്തിനും വിദ്യാഭ്യാസമുള്ള പദ്മ അവാര്‍ഡ് ഇത്തവണ കിട്ടിയവരില്‍ ഒരാളാണ്,’ ഡോ. ജിനേഷ് പി.എസ് ഫേസ്ബുക്കില്‍ എഴുതി.

ഹെര്‍-റോയല്‍ഹൈനെസ് ഗൗരി ലക്ഷ്മീഭായ് തമ്പുരാട്ടിക്ക് പദ്മശ്രീ കൊടുത്തതിനെ ചില കശ്മലന്മാര്‍ വിമര്‍ശിച്ചിരിക്കുന്നു. ബഹുമതി കുറഞ്ഞുപോയെന്നേ എനിക്കു പരാതിയുള്ളു. പദ്മശ്രീയൊക്കെ എന്ത്, ഋതുമതികള്‍ തൊട്ടാല്‍ തുളസി വാടിപ്പോകും എന്ന ഒറ്റ കണ്ടുപിടുത്തം മതി അവര്‍ക്ക് ഫിസിയോളജിക്കും കെമിസ്ട്രിക്കുമുള്ള നോബല്‍ സമ്മാനങ്ങള്‍ ഒരുമിച്ചു കൊടുക്കാന്‍.

രാജകുടുംബത്തെ അപമാനിച്ചതിന് തായ്ലന്റില്‍ ഒരാളെ രാജനിന്ദാനിരോധന നിയമം(Lese Majeste Law) അനുസരിച്ച് 50 വര്‍ഷത്തെ തടവിനു വിധിച്ചെന്ന് ഈയിടെ വാര്‍ത്തയുണ്ടായിരുന്നു. നമുക്കും വേണം ഒരു ‘Lese Majeste’ നിയമം. എന്നായിരുന്നു ജോര്‍ജ് കുട്ടി കിളിയന്തറയില്‍ ഫേസ്ബുക്കില്‍ എഴുതി.

ഇന്നലെ ഡോ.പി.പല്‍പ്പുവിന്റെ എഴുപത്തിനാലാമത്തെ ചരമ വാര്‍ഷികദിനമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അലോപ്പതി വൈദ്യബിരുദം സമ്പാദിച്ച് തൊഴില്‍ തേടി കൊട്ടാരത്തിലെത്തിയ ആ യുവാവിനെ അവര്‍ണ്ണനായതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ഹിന്ദു സവര്‍ണ്ണരാജാവ് ഗര്‍ജ്ജിച്ചു.

കൊട്ടാരപ്പടികളില്‍ അന്നു വീണ കണ്ണൂനീര്‍ക്കണങ്ങള്‍ ഇന്നും മാഞ്ഞുകാണില്ല. പിന്നീട് ഡോ.പല്‍പ്പു അയല്‍ സംസ്ഥാനത്തിരുന്ന് മഹാമാരികള്‍ എന്നറിയപ്പെടുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ രാജ്യം നടത്തിയ യുദ്ധത്തിന്റെ നേതൃത്വം വഹിച്ചതിനെക്കുറിച്ച് ഡോ.ബി.ഇക്ബാല്‍ എഴുതിയത് ഞാന്‍ ഇന്നലെ പങ്കുവെച്ചിരുന്നു.

ആയിരക്കണക്കിന് അധസ്ഥിത ജനതയുടെ ചോരയും കണ്ണീരും ഭക്ഷിച്ച് തടിച്ചുകൊഴുത്തതാണ് തിരുവതാംകൂറിലെ രാജപരമ്പര. അക്കൂട്ടത്തിലെ ‘ഞാന്‍ തമ്പുരാട്ടിയാണ്’ എന്ന അധികാരഭ്രാന്തിന്റെ സിംഹാസനത്തിലിരിക്കുന്ന ഒരു സ്ത്രീക്ക് എന്തോ ദേശീയപുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതായി വാര്‍ത്ത കാണുന്നു.

ഹിന്ദുരാഷ്ട്രം വരികയാണ്. വഴി നടക്കാനുള്ള അവകാശവും ജന്മം കിട്ടിയ പാട്ടഭൂമിയും തിരിച്ചു കൊടുക്കേണ്ടി വരുമോ ആവോ? അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ എഴുതി.

കഴിഞ്ഞ ദിവസമാണ് 2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് പദ്മഭൂഷണ്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

Content Highlight: Gauri lakshi Bai Padmaree Award Criticism

We use cookies to give you the best possible experience. Learn more