|

'ദുല്‍ഖര്‍ സിനിമ മുഴവന്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്യുവാണോ'; താരത്തിന് എതിരെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ലഭിച്ചത്.

ഇപ്പോഴിതാ സിനിമ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ ദുല്‍ഖര്‍ സല്‍മാനെതിരെ വലിയൊരു വിമര്‍ശനം കൂടി ഉയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ. പല സിനിമകളും തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ആളുകള്‍ അത് കാണുന്നുവെന്ന ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പങ്കുവെക്കാറുണ്ട്.

ഇതില്‍ പലതും സിനിമയുടെ ഭാഗമായിട്ടുള്ളവര്‍ റീ ഷെയര്‍ ചെയ്യാറുണ്ടെന്നത് പതിവ് കാര്യമാണ്. പക്ഷെ കിങ് ഓഫ് കൊത്തയുടെ കാര്യത്തില്‍ കുറച്ച് വ്യത്യസ്തമാണ് കാര്യങ്ങള്‍. സിനിമയിലെ പല നിര്‍ണായാക രംഗങ്ങളും ഉള്‍പ്പെടുന്ന ഇന്‍സ്റ്റാഗ്രാം സ്റ്റോറികളാണ് ദുല്‍ഖറിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ റീ ഷെയര്‍ ചെയ്യുന്നത്.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പടെ ദുല്‍ഖറിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സ്റ്റോറി ആയി റീ ഷെയര്‍ ചെയ്തിരിക്കുകയാണ്.

ഇതിനെതിരെയാണ് വലിയ വിമര്‍ശനം ഉയരുന്നത്. നിര്‍മാതാവും സിനിമയിലെ പ്രധാന നടനും ഇത്തരത്തില്‍ സിനിമയുടെ സ്പോയിലര്‍ പങ്കുവെക്കുന്നത് ചിത്രം കാണാത്തവരുടെ ആസ്വദനത്തെ ബാധിക്കുമെന്നും, പൈറസിയോളം തന്നെ കുറ്റകരമായ പ്രവര്‍ത്തിയാണ് ദുല്‍ഖര്‍ സല്‍മാന്റെ അക്കൗണ്ടില്‍ നിന്ന് സംഭവിക്കുന്നത് എന്നുമാണ് വിമര്‍ശനം.

ദുല്‍ഖര്‍ ആവില്ല സ്റ്റോറികള്‍ പങ്കുവെക്കുന്നതെന്നും ഇതിനായി നിയമിച്ചിട്ടുള്ള സോഷ്യല്‍ മീഡിയ മാനേജര്‍ ആകാം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന മറുവാദവുമായി ആരാധകരും എത്തിയിട്ടുണ്ട്.

ആരായാലും ഇത്തരം രംഗങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യമാണ് എന്നാണ് ചര്‍ച്ചയില്‍ ഉയരുന്ന വാദം.

കിങ് ഓഫ് കൊത്തക്ക് ആദ്യദിനത്തില്‍ മികച്ച കളക്ഷനാണ് ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം ആദ്യ ദിനം മുപ്പത്തി രണ്ടു ലക്ഷം നേടിയ ചിത്രം നേരത്തെ കബാലി നേടിയ 30.21 ലക്ഷത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്.

ആറു കോടിയില്‍പ്പരം രൂപ ആദ്യ ദിനം കിങ് ഓഫ് കൊത്ത നേടി എന്നാണ് ഇരുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.

അതേസമയം സിനിമ ആദ്യ ദിനം കണ്ടവര്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പങ്കുവെച്ചതെങ്കിലും സംഗീതം മികച്ച് നിന്നുവന്ന അഭിപ്രായങ്ങള്‍ പലരും പറഞ്ഞിരുന്നു. ഒരു മാസ് ചിത്രത്തിന് ആവശ്യമായ രീതിയില്‍ തന്നെയുള്ള സംഗീതമാണ് കിങ് ഓഫ് കൊത്തക്കായി ജേക്‌സ് ബിജോയ്
ഒരുക്കിയതെന്നാണ് നിരവധി പേര്‍ പറയുന്നത്.

കൊത്ത രാജ എന്ന പേരില്‍ റാപ്പര്‍ ഡബ്സി ഒരുക്കിയ ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കലാപകാര എന്ന ഗാനവും സിനിമയുടെ റിലീസിന് മുമ്പ് തന്നെ സിനിമാ പ്രേമികള്‍ ഏറ്റെടുത്തതാണ്.

സിനിമയുടെ താളം വിട്ട് പോകുന്ന സ്ഥലങ്ങളില്‍ പോലും മ്യൂസിക്ക് കൊണ്ട് പരിഹരിക്കാനുള്ള ശ്രമങ്ങളും ചിത്രത്തില്‍ കാണാം.

Content Highlight: Social media criticise dulquer salmaan for posting the important parts of king of kotha movie in instagram stories