| Saturday, 28th July 2018, 9:42 am

സൈബര്‍ ആക്രമണവും വര്‍ഗീയ ചേരിതിരിവും; പൊലീസില്‍ പ്രത്യേക ഐ.ടി സെല്‍ രൂപീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ വ്യക്തികള്‍ക്കെതിരെയള്ള ആക്രമണവും വര്‍ഗീയ ചേരിതിരിവും രൂക്ഷമായ സാഹചര്യത്തില്‍ പൊലീസില്‍ പ്രത്യേക ഐ.ഡി സെല്‍ രൂപീകരിച്ചു. കൊച്ചിയിലെ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെയും വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈനെതിരെയും സൈബര്‍ ആക്രമണം ശക്തമായതിന് പിന്നാലെയാണ് പുതിയ തീരുമാനം.

തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സൈബര്‍ സെല്ലുകള്‍. നിരവധി കേസുകളില്‍ നിയമങ്ങളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിനെ തുടര്‍ന്നാണ് മൂന്ന് ഐ.ടി വിഭാഗങ്ങള്‍ക്ക് രൂപം നല്‍കിയത്.


Read Also : നൂറുദ്ധീന്‍ മാനസിക രോഗിയെപോലെ തന്നെ ചുറ്റിപ്പറ്റി നിന്നിരുന്നു: ഹനാന്‍


ഒരു ഡിവൈ.എസ്.പി ഒരു സി.ഐ അഞ്ച് എ.എസ്.ഐ 10 സീനിയര്‍ സിവില്‍ ഓഫീസര്‍, നാല് ഡ്രൈവര്‍മാരടക്കം 21 പേരെയാണ് തിരുവനന്തപുരത്ത് നിയോഗിച്ചിട്ടുള്ളത്. കോഴിക്കോട് ഒരു സി.ഐയുടെ കീഴില്‍ അഞ്ച് എ.എസ്.ഐ അഞ്ച് സി.പി.ഒ ഒരു ഡ്രൈവറുമടങ്ങിയ 12 പേരുമാണ് നിയോഗിച്ചിട്ടുള്ളത്.

ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി എസ്.പി.ജെ ജയനാഥിന്റെ കീഴിലാണ് ഡി.വൈ.എസ്.പിമാരടങ്ങിയ 45 അംഗ പ്രഫഷനല്‍ സംഘത്തെ നിയോഗിച്ചത്. ടീമിന് വേണ്ട ഓഫീസ് സൗകര്യമൊരുക്കാന്‍ റേഞ്ച് ഐ.ജിമാക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.

We use cookies to give you the best possible experience. Learn more