| Thursday, 5th December 2019, 4:42 pm

'ഒരു പൊട്ട ചോദ്യം, അല്ലെങ്കില്‍ ഒരു മണ്ടന്‍ ചോദ്യം എന്നുപറയുന്ന ഒരു സംഭവമില്ല'; രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായി സഫ; ചോക്ലേറ്റ് നല്‍കി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്യാനെത്തിയ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തതിലൂടെ താരമാകുകയാണ് അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഫെബി. തന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ വിദ്യാര്‍ഥികളിലാരെങ്കിലും സ്റ്റേജിലേക്കു വരാമോ എന്ന രാഹുലിന്റെ ചോദ്യത്തിനു പിന്നാലെയാണ് സഫ സ്റ്റേജിലെത്തിയത്.

അച്ചടിഭാഷയില്ലാതെ, നാടന്‍ ശൈലിയിലുള്ള സഫയുടെ പരിഭാഷയാണു സാമൂഹ്യമാധ്യമങ്ങളില്‍ കൈയ്യടി നേടുന്നത്. സഫയുടെ പരിഭാഷയെ അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസിന്റേതടക്കമുള്ള ഫേസ്ബുക്ക് അക്കൗണ്ടുകള്‍ രാഹുലിന്റെ പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാഹുലിന്റെ ഇംഗ്ലീഷ് പ്രസംഗത്തിലെ ചില വരികള്‍ ഒരു സങ്കോചവുമില്ലാതെയായിരുന്നു സഫ പരിഭാഷപ്പെടുത്തിയത്. പ്രസംഗത്തിലുടനീളം സയന്‍സിനെക്കുറിച്ചായിരുന്നു രാഹുല്‍ സംസാരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സയന്‍സില്‍ ഉത്തരങ്ങളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതു തുടര്‍ച്ചയായിട്ടുള്ള ചോദ്യങ്ങളാണ് എന്നുപറഞ്ഞ രാഹുല്‍ അടുത്തതായി പറഞ്ഞത് ഇങ്ങനെയാണ്- ‘There is nothing known as a stupid question or a foolish question.’ ഇതിനു സഫ നല്‍കിയ പരിഭാഷയാണ് ഏറ്റവുമധികം കൈയ്യടി നേടുന്നത്. അതിങ്ങനെയായിരുന്നു- ‘ഒരിക്കലും ഒരു പൊട്ട ചോദ്യം, അല്ലെങ്കില്‍ മണ്ടന്‍ ചോദ്യം എന്നുപറയുന്ന ഒരു സംഭവമില്ല.’

പ്രസംഗത്തില്‍ വയനാട്ടില്‍ പാമ്പുകടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിനെക്കുറിച്ചു സംസാരിച്ച രാഹുല്‍, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നു വ്യക്തമാക്കി.

തന്റെ എം.പി ഫണ്ട് വളരെക്കുറവാണെങ്കിലും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ അവസാനം സഫയ്ക്കു നന്ദി പറഞ്ഞ രാഹുല്‍, അതിനുശേഷം സഫയ്ക്ക് ചോക്ലേറ്റ് നല്‍കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാഹുലിനെ ഇഷ്ടമായിരുന്നെന്നും പരിഭാഷ ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു സഫ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. വേദിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more