അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഗോള്‍ഡിന്റെ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം തിയേറ്ററിലെത്തിയത്.
ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടിലായിരുന്നു. ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. സിനിഫൈല്‍ എന്ന സിനിമാ ഗ്രൂപ്പില്‍ വിപിന്‍ പിള്ള എഴുതിയ കുറിപ്പാണ് പുതിയ ചര്‍ച്ചക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
‘പ്രേമവും പെരിയാറും തീര്‍ത്ത ഹാങ്ങോവര്‍ ഏഴ് കൊല്ലത്തിനിപ്പുറവും വിട്ട് മാറാത്ത സംവിധായകനും എഡിറ്ററും തന്നെയാണ് സിനിമയുടെ പോസിറ്റീവ്. അത് തന്നെയാണ് ഈ കണ്ട നെഗറ്റീവിനും കാരണം. തന്റെ ഭാര്യയുടെ ഉള്‍പ്പെടയുള്ള ഗസ്റ്റ് റോളുകളൊക്കെ പ്രേമം റഫറന്‍സ് കുത്തികയറ്റാന്‍ വേണ്ടിയാണെന്ന് തോന്നുന്നു അദ്ദേഹം ഉപയോഗിച്ചത്. തീയേറ്റര്‍ എക്‌സ്പീരിയന്‍സില്‍ പ്രേമത്തിനൊപ്പം നിര്‍ത്താന്‍ പറ്റില്ലെങ്കിലും കണ്ടിരിക്കാന്‍ പറ്റുന്ന ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ഗോള്‍ഡ്.
സ്പീക്കറും, സ്വര്‍ണ്ണക്കടത്തും, എജ്ജാതി ബ്രില്ല്യന്‍സാണെന്നാണ് തോന്നിയത്. ചിലര്‍ക്കിട്ടൊക്കെ സിനിമയിലൂടെ നല്ല കൊട്ടും കൊടുത്തിട്ടുണ്ട്. കുറച്ച് കൂടെ ട്രിമ്മിഡ് വേര്‍ഷനില്‍ വന്നിരുന്നെങ്കില്‍ ആട് 1 പോലെ പിന്നീട് ഹിറ്റാകാന്‍ പോകുന്ന പടമായിരുന്നു ഗോള്‍ഡ്.
പ്രേമവും, പെരിയാറും തീര്‍ത്ത ഹാങ്ങോവറില്ലാതെ കണ്ടാല്‍ തരക്കേടില്ലാത്ത ഒരു അനുഭവമായിരിക്കും ഗോള്‍ഡ്. ഡെയ്ഞ്ചര്‍ ജോഷി’ഗോള്‍ഡ് ‘ ആയ കഥയുമായി ഗോള്‍ഡിന് ഒരു രണ്ടാം ഭാഗം ഉണ്ടായാല്‍ കൊള്ളാമായിരുന്നു എന്നാണ് കരുതുന്നത്,’ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ വാദത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ‘നിങ്ങളൊക്കെയാണ് ജിസ് ജോയ് പടം ഇവിടെ ഹിറ്റാക്കുന്നത്’
‘എല്ലാ കഥാപാത്രങ്ങളും മന്ദബുദ്ധികള്‍, കാണുന്ന നമ്മളും മന്ദബുദ്ധികാളാണെന്ന് തോന്നിക്കാണും അത് കൊണ്ടാവും കൊച്ചു കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്ന പോലെ സംവിധാനം ചെയ്തത്’ ‘ഇനി സെക്കന്റ് പാര്‍ട്ട് വേണോ’ ‘ഡെയ്ഞ്ചര്‍ ജോഷി ഗോള്‍ഡ് ആയ കഥ,
അല്ല അതിന് വെറും ജോഷി ഡെയ്ഞ്ചര്‍ ജോഷി ആയ കഥ തന്നെ പറഞ്ഞില്ലലോ’ തുടങ്ങിയവയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
ഏഴ് വര്‍ഷത്തിന് ശേഷമുള്ള അല്‍ഫോണ്‍സ് ചിത്രമെന്ന വലിയ പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍ ഗോള്‍ഡിനായി കാത്തിരുന്നത്. നയന്‍താരയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ഗോള്‍ഡിന് വലിയ സ്വീകാര്യതയുണ്ടായിരുന്നു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിച്ചത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് നയന്‍താരയെത്തിയത്.
ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്‌സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
content highlight: social media comments about gold movie