രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ച മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമാണ്. രണ്ട് പേരുടെയും സിനിമാ കരിയറിലും മലയാള സിനിമയുടെ ചരിത്രത്തിലും നിര്‍ണായകമായ രണ്ട് ചിത്രങ്ങളുടെ റിലീസ് ദിനമായിരുന്നു നവംബര്‍ 11ഉം 12ഉം.
1995 നവംബര്‍ 11നാണ് മമ്മൂട്ടി നായകനായ കിങ് റിലീസാവുന്നത്. 2021 നവംബര്‍ 12നാണ് ദുല്‍ഖറിന്റെ കുറുപ്പ് റിലീസ് ചെയ്തത്. കിങ്ങിന്റെ 27ാം വാര്‍ഷികവും കുറുപ്പിന്റെ ഒന്നാം വാര്‍ഷികവുമാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാവുന്നത്.
രണ്‍ജി പണിക്കരിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കിങ് മലയാളത്തില്‍ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നാണ്. കേരളത്തില്‍ ട്രെന്‍ഡ് സെറ്ററായിരുന്നു ദി കിങ്. 1995ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രവും ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 10 കോടി നേടുന്ന ആദ്യമലയാള സിനിമയമായി മാറി ദി കിങ്. ഡബ്ബ് ചെയ്തിറക്കിയ വേര്‍ഷനുകള്‍ ഉള്‍പ്പെടെ 12 കോടിയാണ് ചിത്രം നേടിയത്.
നായകകഥാപാത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ സൗണ്ട് മോഡുലേഷനും ഡയലോഗ് ഡെലിവറിയും തരംഗമായിരുന്നു. രണ്‍ജി പണിക്കരിന്റെ തീ പാറുന്ന നെടുങ്കന്‍ ഡയലോഗുകളും ചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റായി. ചിത്രത്തിലെ സംഭാഷണങ്ങള്‍ അന്ന് ഓഡിയോ കാസറ്റുകളായി പുറത്തിറങ്ങി.
തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് ഇന്നും സിനിമാ പ്രേമികള്‍ക്ക് രോമാഞ്ചമാണ്. ചെവിക്ക് പിറകിലെ മുടി കൈകൊണ്ട് പിറകിലേക്ക് തട്ടിയിടുന്ന മമ്മൂട്ടിയുടെ ആക്ഷന്‍ വലിയ ഹിറ്റായിരുന്നു. കന്നഡ താരം യഷ് കെ.ജി.എഫിന്റെ പ്രൊമോഷന് വേണ്ടി കേരളത്തിലേക്ക് വന്നപ്പോള്‍ തടിച്ചുകൂടിയ ആരാധകരെ കയ്യിലെടുത്തതും ഈ ആക്ഷന്‍ കാണിച്ചായിരുന്നു.
മമ്മൂട്ടിയുടെ ഊഴം കഴിഞ്ഞതോടെ കുറുപ്പ് കളത്തിലിറങ്ങിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് പല സിനിമകളും തിയേറ്ററുകളിലേക്ക് വരാന്‍ മടിച്ചിരുന്ന സമയത്ത് കൊവിഡിന് ശേഷം തിയേറ്ററിലെത്തിയ മലയാള ചിത്രമാണ് കുറുപ്പ്. വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെ നിര്‍മിച്ച ചിത്രത്തിനായി വമ്പിച്ച പ്രൊമോഷനാണ് നടത്തിയത്. കേരളത്തിലും പല നഗരങ്ങളിലും കുറുപ്പിനായി ദുല്‍ഖര്‍ ഓടി നടന്നു പ്രൊമോഷന്‍ നടത്തി. ആദ്യമായി മലയാള സിനിമയുടെ ട്രെയ്‌ലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.
ഹൈക്കോടതി നോട്ടീസ് ഉള്‍പ്പെടെ നിരവധി തടസങ്ങള്‍ നേരിട്ടെങ്കിലും ഒടുവില്‍ കുറുപ്പ് തിയേറ്ററുകളിലേക്ക് എത്തി. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്‍തുക വാഗ്ദാനം ചെയ്തിട്ടും തിയേറ്റര്‍ റിലീസിലേക്ക് തന്നെ അണിയറപ്രവര്‍ത്തകര്‍ എത്തി. അമ്പത് ശതമാനം സീറ്റിങ് മാത്രം അനുവദിച്ചിട്ടും കുറുപ്പ് തിയേറ്ററുകളില്‍ ആവേശം തീര്‍ത്തു. ചിത്രത്തിന്റെ വിജയം മറ്റ് സിനിമകള്‍ക്ക് പ്രചോദനമായി.
കുറുപ്പ് എന്ന സിനിമയോട് ഞങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ആളുകള്‍ ഇപ്പോഴും തിയേറ്ററുകളിലേക്ക് വരുമെന്ന് ആ സിനിമ കാണിച്ചുതന്നുവെന്നുമാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. 27 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 117 കോടിയാണ് കളക്ട് ചെയ്തത്. പോസ്റ്റ് കൊവിഡ് മലയാള സിനിമാ ചരിത്രത്തിലും ദുല്‍ഖറിന്റെ കരിയറിലും നിര്‍ണായക വഴിത്തിരിവാണ് കുറുപ്പ്.
Content Highlight: social media celebrating the anniversaries of the king and kurup