| Tuesday, 9th November 2021, 7:03 pm

'എന്നെ തല്ലിയതാ സാറേ, ഇനി അവനെ തല്ല്'; യുവമോര്‍ച്ചയുടെ പ്രതിഷേധത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കരയിലെ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ട്രോളി സോഷ്യല്‍ മീഡിയ.

സോഷ്യല്‍ മീഡിയ എക്കാലത്തും പരിഹാസത്തോടെ പറയുന്ന എടപ്പാള്‍ ഓട്ടത്തിന് ശേഷം, വീണ്ടും സമാനമായ സംഭവമെന്ന് വിശേഷിപ്പിച്ചാണ് സൈബര്‍ ലോകം സംഭവത്തെ ആഘോഷിക്കുന്നത്.

കൊട്ടാരക്കര ഓട്ടം എന്നാണ് സോഷ്യല്‍ മീഡിയ യുവമോര്‍ച്ചയുടെ പ്രതിഷേധത്തിന് ഇട്ടിരിക്കുന്ന പേര്.

ഇതിനിടെ പൊലീസിന്റെ ലാത്തി അടിയേറ്റ് വീണ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങളും വൈറലാണ്. ‘എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി തല്ലരുതേ, ഇനി അവനെ തല്ല്’, ‘കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ. ഇനി അടിക്കരുതേ.’ എന്നും ചില പ്രവര്‍ത്തകര്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറച്ചിട്ടും സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം. ക്യാമ്പ് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു.

എന്നാല്‍ ഇതിനിടയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പൊലീസിന് നേരെ തുടര്‍ച്ചയായി കല്ലേറ് നടന്നു. ഇതോടെ ബാരിക്കേഡ് മാറ്റി, പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയായിരുന്നു.

പൊലീസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ പല ഭാഗത്തേക്കായി ചിതറി ഓടുകയായിരുന്നു. പ്രതിഷേധക്കാരില്‍ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Social media celebrates protest of Yuvamorcha, says Kottarakkara Ottam after Edappal Ottam

We use cookies to give you the best possible experience. Learn more