ട്വിറ്റര്‍ ഹാക്ക് ചെയ്യുന്നത് പോലെ സിംപിളല്ല ബാറ്റിംഗ് ഓപ്പണ്‍ ചെയ്യല്‍; ഒന്നുകൂടി ഹാക്ക് ചെയ്ത് കോച്ചിനെ മാറ്റി എന്ന് പോസ്റ്റിട്ടാലോ; ട്രോളില്‍ മുങ്ങി ചഹല്‍
IPL
ട്വിറ്റര്‍ ഹാക്ക് ചെയ്യുന്നത് പോലെ സിംപിളല്ല ബാറ്റിംഗ് ഓപ്പണ്‍ ചെയ്യല്‍; ഒന്നുകൂടി ഹാക്ക് ചെയ്ത് കോച്ചിനെ മാറ്റി എന്ന് പോസ്റ്റിട്ടാലോ; ട്രോളില്‍ മുങ്ങി ചഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd March 2022, 3:35 pm

ഐ.പി.എല്ലില്‍ ഏറെ ആരാധകരുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ നായകനായി എത്തിയതോടെ മലയാളികള്‍ക്കിടിയില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെ ടീമിനുണ്ട്.

പുതിയ സീസണിനുള്ള പടയൊരുക്കം തുടങ്ങിയതുമുതല്‍ ആരാധകര്‍ രാജസ്ഥാനെ ഉറ്റുനോക്കുന്നുണ്ട്. ഐ.പി.എല്ലിന്റെ കിരീടം നേടാന്‍ പൊട്ടന്‍ഷ്യലുള്ള സ്‌ക്വാഡ് തന്നെയാണ് ഇത്തവണ ടീമിന്റെ കരുത്ത്.

രാജസ്ഥാന്റെ പ്രാക്ടീസ് സെഷനിലും ഡ്രസ്സിംഗ് റൂമിലുമെല്ലാം കളിയും തമാശയും നിറയുന്നത് കഴിഞ്ഞ സീസണുകളില്‍ നമ്മള്‍ കണ്ടതാണ്. ഇത്തവണത്തെ ‘തമാശയ്ക്ക്’ ചഹല്‍ നേരത്തെ തന്നെ തിരികൊളുത്തിയിരുന്നു.

ടീമിന്റെ ട്വിന്റര്‍ അഡ്മിന്‍ ആയതോടെ സഞ്ജുവിനെ മാറ്റി ക്യാപ്റ്റന്‍ താനാണെന്ന് സ്വയം പോസ്റ്റിട്ടായിരുന്നു ചഹല്‍ തുടങ്ങിയത്. ഇതുകൊണ്ടൊന്നും നിര്‍ത്താനുദ്ദേശമില്ല എന്ന് തന്നെയാണ് ചഹലും കൂട്ടരും വീണ്ടും വീണ്ടും തെളിയിക്കുന്നത്.

ഇത്തവണ ഹെറ്റ്‌മെയറിനെയും കൂട്ടിയാണ് താരം പുതിയ പണിയൊപ്പിക്കാന്‍ പോയത്.

ടീമിലെ പ്രധാന ഒഫീഷ്യലായ ട്രെവര്‍ പെന്നിയെ പ്രാക്ടീസ് സെഷനില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും മാച്ചുള്ള ദിവസങ്ങളില്‍ മാത്രം കൂടെ കൂട്ടിയാല്‍ മതി എന്നുമുള്ള അപേക്ഷയുമായി ചഹലും ഹെറ്റ്‌മെയറും കോച്ച് സംഗക്കാരയെ സമീപിക്കുകയായിരുന്നു.

ഇരുവരുടെയും കൂടെ തമാശയില്‍ പങ്കാളിയായി പെന്നിയെ പുറത്താക്കാം എന്ന് സംഗ പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ പുറത്താക്കാനായി ഇരുവരുടെയും ശ്രമം. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ വീഡിയോയിലെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഒരു ട്രോളാണ് ഇപ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

മലയാളി ക്രിക്കറ്റ് സോണ്‍ അടക്കമുള്ള ക്രിക്കറ്റ് ഗ്രൂപ്പുകളിലടക്കം ട്രോള്‍ പ്രചരിക്കുന്നുണ്ട്.

സുനില്‍ നരെയ്ന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തതുകണ്ട് രാജസ്ഥാന്റെ ഓപ്പണിംഗ് ബാറ്ററാവാന്‍ ചഹല്‍ സംഗയോട് പറയുന്നതും, സംഗക്കാര താരത്തെ കളിയാക്കുന്നതുമാണ് ട്രോളില്‍. ഒരിക്കല്‍ക്കൂടി ട്വിറ്റര്‍ ഹാക്ക് കോച്ചിനെ മാറ്റി മാറ്റി എന്ന പോസ്റ്റിടണം എന്നും ചഹല്‍ ട്രോളില്‍ പറയുന്നുണ്ട്.

ട്രോളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

മാര്‍ച്ച് 29നാണ് ഐ.പി.എല്ലില്‍ ടീമിന്റെ ആദ്യ മത്സരം. ഹൈദരാബാദ് സണ്‍റൈസേഴ്‌സാണ് എതിരാളികള്‍.

Content Highlight: Social Media Celebrates a troll about Yuzvendra Chahal, Rajastan Royals