മലയാളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് ചുരുളി. ഐ.ഫ്.എഫ്.കെയില്‍ ഏറ്റവുമധികം പ്രേക്ഷക പ്രീതി നേടിയ ചിത്രമായും ചുരുളി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തേക്കാളും അവതരണരീതിയേക്കാളും മലയാളി ഏറ്റവുമധികം ചര്‍ച്ച ചെയ്തത് സിനിമയിലെ തെറി വിളികളെ കുറിച്ചായിരുന്നു. സിനിമയിലെ തെറിവിളികള്‍ക്കെതിരെ നിരവധി പേര്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.
ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് പകരം ജിസ് ജോയ് ആയിരുന്നു ചുരുളി സംവിധാനം ചെയ്തിരുന്നതെങ്കില്‍ എങ്ങനെയുണ്ടാകുമെന്ന പരീക്ഷണത്തിലാണ് സോഷ്യല്‍ മീഡിയ. അതിന്റെ ഭാഗമായി ഇറങ്ങിയ ചിത്രത്തിന്റെ ജിസ് ജോയ് വേര്‍ഷന്‍ ട്രെയ്‌ലറും സമൂഹമാധ്യമത്തില്‍ തരംഗമാവുകയാണ്.
നന്മ നിറഞ്ഞ കഥാപാത്രങ്ങളും അതിന് പറ്റിയ ബി.ജി.എമ്മും ചേര്‍ത്താണ് ‘പുതിയ’ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. തെറിവിളിയില്ലാതെ, അടിപിടിയില്ലാതെ ഇങ്ങനെയാവും ജിസ് ജോയ് ഈ സിനിമ എടുക്കുക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ജിസ് ജോയ് ഈ സിനിമ വീണ്ടും എടുക്കണമെന്നും ഫാമിലി ആയി സിനിമ കാണണമെന്നുമാണ് ആരാധകര്‍ പറയുന്നത്.
നവംബര്‍ 17നായിരുന്നു ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തത്. ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
വ്യത്യസ്തമായ പ്രേമേയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ലിജോ ജോസ് തന്റെ സിനിമകളൊരുക്കാറുള്ളത്. ചുരുളിയും അത്തരത്തിലൊരു വ്യത്യസ്തമായ വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്.
സിനിമയുടെ കഥയും അതിലെ സാങ്കേതികതയും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം, സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സമൂഹത്തെ വഴിതെറ്റിക്കാന്‍ മനഃപൂര്‍വം സംവിധായകന്‍ സിനിമയില്‍ തെറി ഉള്‍പ്പെടുത്തി എന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്.
സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞത്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കരുതെന്നും നുസൂര്‍ പറഞ്ഞിരുന്നു.