ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും നടത്തണമെന്ന് ഇലക്ഷന്‍ കമ്മീഷന്റെ പേജില്‍ ക്യാംപെയിന്‍. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ മാറ്റി പകരം ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്നാണ് ക്യാംപെയിനില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെടുന്നത്. സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യരായ അമേരിക്ക പോലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിന് പകരം ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും ഇവര്‍ ചൂണ്ടികാട്ടുന്നുണ്ട്.
വോട്ടിംഗ് മെഷിനില്‍ തിരിമറി നടന്നിരിക്കാമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തേ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്കര്‍ രംഗത്തെത്തിയിരുന്നു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഫോമില്‍ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ് മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നാണ് ഊര്‍മ്മിള ആരോപിച്ചത്. ഇ.വി.എം മാറ്റിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണമാണ് ഊര്‍മ്മിള ഉന്നയിച്ചത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കി.
അതേസമയം വോട്ടിംഗ് മെഷിന്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പ് വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.
വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. വോട്ടെണ്ണുന്നതിന് മുമ്പ് പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ഇ.വി.എം എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണുകയെന്നത്.
പഞ്ചാബ്, ഹരിയാന, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നല്‍കിയത്. അതേസമയം, പല സ്ഥലങ്ങളിലും ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
നേരത്തെ വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
നേരത്തെ ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാനോ അതില്‍ കൃത്രിമം നടത്താനോ കഴിയില്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞിരുന്നു. ഇ.വി.എം സുരക്ഷാ പ്രോട്ടോക്കോള്‍ അത്രയധികം ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
DoolNews Video