| Thursday, 11th August 2022, 4:00 pm

'ഡല്‍ഹിക്കാരാണ് ജാവോന്ന് പറയണം' ; ഇ.ഡിക്കെതിരെ തോമസ് ഐസകിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസകിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡിക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍ സജീവമാകുന്നു.

വി.കെ. പ്രശാന്ത് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് ഇ.ഡിക്കെതിരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററില്‍ തോമസ് ഐസകിന്റെ മുഖം ഭീഷ്മ പര്‍വ്വം ചിത്രത്തിലെ മമ്മൂട്ടിയുടേതിന് പകരം വെച്ചപ്പോള്‍, ചിത്രത്തിലെ ‘ബോംബേക്കാരാണ് ജാവോന്ന് പറയണം’ എന്ന സംഭാഷണത്തിന് പകരം ‘ഡല്‍ഹിക്കാരാണ് ജാവോ ന്ന് പറയണം’ എന്ന സംഭാഷണമാണ് പോസ്റ്ററിലുള്ളത്.

അതേസമയം, ഇ.ഡിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു. താന്‍ ചെയ്തിട്ടുള്ള കുറ്റം എന്താണെന്ന് പറയാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സ് ഇ.ഡി പിന്‍വലിക്കണം. കാരണം പറഞ്ഞാല്‍ നിയമാനുസൃതമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും തോമസ് ഐസക് പ്രതികരിച്ചു.

അതിനിടെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിനെതിരെ തോമസ് ഐസക് നല്‍കിയ ഹരജി ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ബുധനാഴ്ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇ.ഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഐസക് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

തോമസ് ഐസകിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തോമസ് ഐസക് പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. തെളിവു തേടാനാണ് വിളിച്ചതെന്നും ഇ.ഡി അറിയിച്ചു. എന്നാല്‍ നിലവില്‍ എന്നെ കുറ്റാരോപിതനായിട്ടാണ് ഇ.ഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനായിരുന്നു തോമസ് ഐസകിന് ലഭിച്ച നോട്ടീസ്. ഇത് രണ്ടാം തവണയാണ് ഇ.ഡി തോമസ് ഐസകിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.

Content highlight: Social media campaign against ED for summoning Thomas Isaac for questioning

We use cookies to give you the best possible experience. Learn more