| Saturday, 26th August 2023, 4:51 pm

'യൂ ആര്‍ മൈ ഫ്രണ്ട്, ഐ ആം വിത്ത് യു'; യു.പിയില്‍ ഹേറ്റ് ക്രൈമിന് വിധേയനായ ബാലനെ ചേര്‍ത്തുപിടിച്ച് ക്യാംപയിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.പിയില്‍ അധ്യാപികയുടെ വിദ്വേഷത്തിന് ഇരയായ എട്ട് വയസുള്ള മുസ്‌ലിം ബാലനെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ മീഡിയ ക്യാംപയിന്‍. കുട്ടികളെ പങ്കെടുപ്പിച്ചാണ് മായ എസ്. പരമശിവം എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ക്യാംപയിന്‍ തുടങ്ങിയിരിക്കുന്നത്. ‘യൂ ആര്‍ മൈ ഫ്രണ്ട്, ഐ ആം വിത്ത് യു’ എന്ന് എഴുതിയ പോസ്റ്റര്‍ കുട്ടികളുടെ കയ്യില്‍ കൊടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഐക്യദാര്‍ഢ്യം പ്രചരിപ്പിക്കുന്നതാണ് ക്യാംപയില്‍.

രാജ്യത്ത് സാഹോദര്യത്തോടെയും സ്‌നേഹത്തോടെയും അനുകമ്പയോടെയും ജീവിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിലെത്തിക്കാനാണ് ക്യാംപയിനെന്ന് മായ എസ്. പരമശിവം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനോടകം നിരവധിപേര്‍ ഈ ക്യാംപയിന്‍ ഏറ്റെടുത്തിട്ടുണ്ട്.

‘ഒരു ക്യാംപയിന്‍ തുടങ്ങുകയാണ്. ഈ രാജ്യം ഇപ്പോഴും മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരില്‍ മനുഷ്യരെ ആക്രമിക്കുന്ന, കൊന്നൊടുക്കുന്ന, വംശീയവിദ്വേഷം അതിന്റെ പരകോടിയില്‍ കുഞ്ഞുങ്ങളിലേക്ക് പോലും പകര്‍ത്തുന്നവരുടേതാണെന്ന് പറഞ്ഞ് കൊടുക്കാന്‍ ഇവിടുത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആവില്ല. ആ ഉത്തരവാദിത്തം നാം സ്വയമേ ഏറ്റെടുക്കേണ്ടതുണ്ട്. കുട്ടികള്‍ രാജ്യത്തെ അറിഞ്ഞ് വളരട്ടെ.

ഈ രാജ്യത്ത് ഏറ്റവും സാഹോദര്യത്തോടെ സ്‌നേഹത്തോടെ, സഹജീവികളാട് അനുകമ്പയോടെ ജീവിക്കേണ്ടതുണ്ടെന്ന് എന്റെ വീട്ടിലെ കുഞ്ഞിനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഈ ക്യാംപയിനില്‍ എല്ലാവരും കുട്ടികളെ പങ്കെടുപ്പിക്കൂ. കഴിയാവുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റര്‍ പ്രിന്റ് എടുത്തോ, എഴുതിയോ കുട്ടികളുടെ കയ്യില്‍ കൊടുത്ത് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക. ആ കുഞ്ഞിനടുത്ത് നമ്മുടെ കുട്ടികളുടെ ഐക്യദാര്‍ഢ്യവും ആലിംഗനങ്ങളും സ്‌നേഹവും എത്തുന്നത് വരെ അത് വ്യാപിക്കട്ടെ,’ മായ എസ്. പരമശിവം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിയെ അധ്യാപിക മറ്റ് വിദ്യാര്‍ത്ഥികളെ വെച്ച് മുഖത്തടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. അധ്യാപിക വിദ്യാര്‍ത്ഥിയെ ക്ലാസില്‍ എഴുന്നേറ്റ് നിര്‍ത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

അധ്യാപികയുടെ നിര്‍ദേശപ്രകാരം മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ മുഖത്ത് ഓരോരുത്തരായി വന്ന് അടിക്കുന്നതും, കൂട്ടുകാരനെ അടിക്കുമ്പോള്‍ മനസുനൊന്ത വിദ്യാര്‍ത്ഥികളെ അധ്യാപിക ശകാരിച്ചു ഭയപ്പെടുത്തുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.

Content Highlight: Social media camp in support of eight-year-old Muslim boy who was victimized by a teacher in U.P.

We use cookies to give you the best possible experience. Learn more