| Thursday, 8th April 2021, 12:16 pm

'മകള്‍ സിറിയയില്‍ എത്താതിരുന്നാല്‍ മതി'; വൈറല്‍ ഡാന്‍സര്‍മാരുടെ മതം തിരഞ്ഞ് സോഷ്യല്‍മീഡിയയില്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനുമെതിരെ വിദ്വേഷ പ്രചരണം.

ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.

ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിടുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്.

കോളേജുകള്‍ കേന്ദ്രീകരിച്ചാണ് മതംമാറ്റം കൂടുതലും നടക്കുന്നതെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണെന്നുമാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്. വീണ്ടും വീണ്ടും ഇര ആകാന്‍ മാത്രം കുറേ ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും ഇസ്‌ലാം മതത്തിലെ ഒരു പെണ്‍കുട്ടിയെ ഇങ്ങനെയുള്ള പരിപാടികള്‍ക്ക് കാണാത്തത് എന്തുകൊണ്ടാണെന്നുമാണ് ഇക്കൂട്ടരുടെ ചോദ്യം.

ഇതിനിടെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിക്കുന്ന ചില കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ഇത് ഈ കുട്ടിയുടെ മാതാപിതാക്കള്‍ അംഗീകരിച്ച ബന്ധമാകാന്‍ സാധ്യതയുണ്ടെന്നും പുരോഗമന നവോത്ഥാന മാര്‍ക്‌സിസം തലയ്ക്കു പിടിച്ചവര്‍ ആകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് ഇവരുടെ അധിക്ഷേപം. കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്നും ചിലര്‍ കമന്റില്‍ പറയുന്നുണ്ട്. രണ്ട് കുട്ടികള്‍ ഒരുമിച്ച് ഡാന്‍സ് കളിച്ചു എന്നത് അവരെ വിമര്‍ശിക്കാന്‍ ഒരു കാരണമല്ലെന്നും പക്ഷേ മാറുന്ന സാഹചര്യങ്ങളില്‍ ഒരു കരുതല്‍ എല്ലാവര്‍ക്കും നല്ലതാണെന്നുമാണ് ചിലര്‍ എഴുതുന്നത്.

ഇതിന് പുറമെ മെഡിക്കല്‍ കോളേജ് പാട്ടും ഡാന്‍സും ചെയ്യാനുള്ള സ്ഥലമല്ലെന്നും ഏറെ ശ്രദ്ധയും അധ്വാനവും ആവശ്യമുള്ള മേഖലയാണെന്നും പാട്ടിന്റേയും ഡാന്‍സിന്റേയും അസുഖമുള്ളവര്‍ ടി.സി വാങ്ങി വല്ല ആര്‍ട്‌സ് കോളേജിലും പോയി ചേരണമെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നവരും ഉണ്ട്.

അതേസമയം ഇത്തരം കമന്റുകള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തൊരു വൃത്തികെട്ട മനസാണ് ഇത്തരം കമന്റിടുന്നവരുടേതെന്നും രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മനോഹരമായ ഒരു ഡാന്‍സ് കളിച്ചത് ആസ്വദിക്കുന്നതിന് പകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്നവരോട് എന്തുപറയാനാണെന്നാണ് ഇവര്‍ ചോദിക്കുന്നത്.

ഡോക്ടര്‍മാരായ ഷിംന അസീസ്, ജിനേഷ് പി.എസ് അടക്കമുള്ളവര്‍ വിദ്വേഷപ്രചരണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്.

നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട് ചിലരില്‍ കണ്ടെന്നും ഇനി മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാനുള്ളൂവെന്നുമാണ് ഡോ. ഷിംന അസീസ് പ്രതികരിച്ചത്. ‘ഒന്നിച്ച് ഡാന്‍സ് കളിക്കുന്നോരൊക്കെ തമ്മില്‍ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? വിട്ട് പിടിക്ക്. സ്ലട്ട് ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട. അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട് മക്കള്‍ അവരുടെ സന്തോഷം കാണിക്കുമെന്നും പറ്റില്ലെങ്കില്‍ കാണേണ്ടതില്ലെന്നും ഷിംന അസീസ് പറഞ്ഞു. മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങളാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നിലെന്നും ഷിംന അസീസ് പ്രതികരിച്ചു.

ജാനകിയും നവീനും വൈറലായതിന്റെ അസ്വസ്ഥതയും അസൂയയുമാണ് നിങ്ങള്‍ക്കെങ്കില്‍ അതങ്ങ് സമ്മതിച്ചേക്കണമെന്നും അത്രക്ക് ഭംഗിയോടെ അനായാസമായി വെച്ച ചുവടുകള്‍ കണ്ടാല്‍ അത് അംഗീകരിക്കാന്‍ ഒരു മിനിമം ക്വാളിറ്റിയെങ്കിലും വേണമെന്നും ഷിംന അസീസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ജാനകിയുടേയും നവീനിന്റേയും ഡാന്‍സ് വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരായിരുന്നു കണ്ടത്.

പ്രശസ്തമായ റാസ്പുട്ടിന്‍ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചിരുന്നത്. വെറുതെ ചെയ്ത ഒരു വീഡിയോ ഇത്തരത്തില്‍ വൈറലാകുമെന്ന് തങ്ങള്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇരുവരും ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്കുമിടയില്‍ നിരവധി കലാകാരന്മാരുണ്ടെന്നും എന്നാല്‍ വളരെ തിരക്കു പിടിച്ച ജോലി – പഠന മണിക്കൂറുകള്‍ക്കിടയില്‍ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ലഭിക്കാത്തതാണെന്നും ജാനകിയും നവീനും പറയുന്നു.

തങ്ങളുടെ വീഡിയോ പലര്‍ക്കും പോസറ്റീവ് എനര്‍ജി നല്‍കിയെന്ന് പറയുന്നത് കേള്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇവര്‍ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Social Media Attack Viral Medical Students Dancers

We use cookies to give you the best possible experience. Learn more