കോട്ടയം: തെന്മലയില്‍ ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്റെ ഭാര്യയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കൂട്ടത്തിന്റെ അശ്ലീല കമന്റുകള്‍. പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് എസ്.എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫ് എന്ന ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവത്തെ ന്യയീകരിച്ചും പെണ്‍കുട്ടിയെ അവഹേളിച്ചുമാണ് സോഷ്യല്‍ മീഡിയയില്‍ ആള്‍കൂട്ടത്തിന്റെ ആക്രമണം. കെവിന്റെ ഭാര്യയുമായുള്ള അഭിമുഖ വീഡിയോയുടെ താഴെയാണ് അശ്ലീല കമന്റും കൊലപാതകത്തെ ന്യായീകരിച്ചും ആളുകള്‍ എത്തിയത്.
“പെറ്റു വളര്‍ത്തിയ മാതാപിതാക്കളെയും പൊന്നു പോലെ കരുതിയ സഹോദരനേയും വിട്ട് ഇന്നലെ കണ്ടവന്റെ കൂടെ പോന്ന എല്ലാ അവളുമാര്‍ക്കും ഇത് പാഠമാകണം” എന്നാണ് ഒരുത്തന്‍ കമന്റ് ചെയ്തത്. പോയി ചാവടീ പുല്ലേ, പുകഞ്ഞ കൊള്ളി പുറത്ത് തുടങ്ങി കണ്ടവന്റെ കൂടെ പോകുന്ന ഇവളുടെ കാര്യം എന്തിനാ ചര്‍ച്ച ചെയ്യുന്നത്, ഇവള്‍ക്ക് വലുത് ഇന്നലെ കണ്ട അവനാ..തന്തയെയും വേണ്ട തള്ളയ കമന്റുകളുമുണ്ട്.
Read Also : ആതിരയ്ക്ക് പിന്നാല കെവിനും; ദുരഭിമാനക്കൊല കേരളത്തിലും
കണ്ട പെറുക്കികളുടെ വലയില്‍പ്പെട്ടു കൂടെ പോയാല്‍ വരാനിരിക്കുന്നത് ……………. എന്നും അഛനമ്മമാര്‍ പെണ്‍ മക്കളെ കൂടുതലായി സ്‌നേഹിച്ചാല്‍ കിട്ടുന്ന ശിക്ഷയാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍… എന്നും തുടങ്ങി തെറിവിളിയും അസഭ്യവര്‍ഷവും കൊണ്ട് നിറച്ചിരിക്കുകയാണ് കമന്റ് ബോക്‌സ്.
പുനലൂരിന് പത്ത് കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോ(20)യുടെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ സംസ്ഥാനത്തൊട്ടാകെ വ്യാകപ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയില്‍ യൂ.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം കെവിന്റെ ഭാര്യയായിട്ട് തന്നെ താന്‍ ജീവിക്കുമെന്ന് നീനു പറഞ്ഞു. നിയമപരമായിട്ടല്ലെങ്കിലും താന്‍ കെവിന്റെ ഭാര്യയാണെന്നും കെവിന്റെ വീട്ടില്‍ തന്നെ താമസിക്കുമെന്നും നീനു വ്യക്തമാക്കി.
കെവിന്റെ അച്ഛനെയും അമ്മയേയും സഹോദരിയേയും താന്‍ തന്നെ നോക്കുമെന്നും തന്റെ അച്ഛനോ അമ്മയോ വിളിച്ചാല്‍ കൂടെ പോകില്ലെന്നും നീനു വ്യക്തമാക്കി.കെവിന്റെ സാമ്പത്തികം തന്റെ മാതാപിതാക്കള്‍ക്ക് പ്രശ്‌നമായിരുന്നെന്നും തന്നെ കണ്ടാല്‍ കെവിനെ വെട്ടുമെന്ന് മുമ്പ് നിയാസ് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു വെളിപ്പെടുത്തി.
മാതാപിതാക്കള്‍ അറിയാതെ നിയാസും ഷാനുവും കൊലപാതകം എങ്ങനെ ചെയ്യും. പ്രണയം വീട്ടില്‍ അറിയിച്ചതിന് ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിപോന്നത്. എന്നും നീനു പറഞ്ഞു.
സംഭവത്തില്‍ പിടിയിലായ മൂന്ന് പ്രതികളെ കൂടി കോട്ടയത്തെത്തിച്ചു. നീനുവിന്റെ സഹോദരനും കേസിലെ മുഖ്യപ്രതിയുമായ സാനു ചാക്കോ, പിതാവ് ചാക്കോ പുനലൂര്‍ സ്വദേശി മനു എന്നിവരെയാണ് ചോദ്യം ചെയ്യലിനായി കോട്ടയതെത്തിച്ചത്. പുലര്‍ച്ചെയോടെ കോട്ടയതെത്തിച്ച പ്രതികളെ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ചാക്കോയും മകന്‍ സാനുവും കണ്ണൂരിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
സാനുവിന്റെ നേതൃത്വത്തിലാണ് പതിമൂന്നംഗസംഘം കെവിനെയും സുഹൃത്തിനെയും ഞായറാഴ്ച വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ തുടങ്ങിയ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇതോടോപ്പം ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ് ചെയ്ത റിയാസ്, നിയാസ്, ഇഷാന്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.
കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 13 പേരാണ് പ്രതികളായുള്ളത്. സംഘത്തില്‍ 13പേര്‍ ഉണ്ടായതായി പിടിയിലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. 28 ന് തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കെവിന്റെ മൃതദേഹം കണ്ടെത്തിയത്.