ലണ്ടന്‍: ഇംഗ്ലണ്ട് താരം മോയിന്‍ അലി തന്റെ ബാറ്റിംഗിലും ബൗളിംഗിലും എന്ന പോലെ വിശ്വാസത്തിന്റെ കാര്യത്തിലും വളരെ ശ്രദ്ധാലുവാണ്. മോയിന്‍ അലിയുടെ ദൈവവിശ്വാസത്തിന് ക്രിക്കറ്റ് ലോകം പലപ്പോഴും സാക്ഷിയായിട്ടുമുണ്ട്. എന്നാലിന്നിതാ മതത്തിന്റെ പേരില്‍ മോയിന്‍ അലി പ്രതിക്കൂട്ടിലായിരിക്കുകയാണ്. അതിന് കാരണമായതാകട്ടെ കലയും.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്റെ ചിത്രം വരച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനാണ് മോയിന്‍ അലിക്ക് വിമര്‍ശനം.
ഇസ്ലാമില്‍ ചിത്രം വര നിഷിദ്ധമാണെന്ന് പറഞ്ഞാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ മോയിന്‍ അലിക്കെതിരെ ആക്രമണം നടക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് മൊയീന്‍ അലി റിച്ചാര്‍ഡ്സിന്റെ ചിത്രം വരച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ചിത്രം ലേലത്തിന് വെക്കാനാണ് താരത്തിന്റെ തീരുമാനം.
തന്റെ ചിത്രം ലേലത്തിന് വെക്കുകയാണ് എന്നും എല്ലാവരും പിന്തുണ തരണമെന്നും മൊയിന്‍ ട്വിറ്ററില്‍ കുറിച്ചികുന്നു. എന്നാല്‍ മൊയിന്‍ അലി ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് പിന്നീട് സംഭവിച്ചത്.
ഇസ്ലാമില്‍ ഇത്തരം ചിത്രം വരകള്‍ നിഷിദ്ധമാണ് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. തന്റെ പരിമിതമായ അറിവ് വെച്ച് ഇത് തെറ്റാണ് എന്നും ഇദ്ദേഹം പറഞ്ഞു.
ചിത്രം വര ഇസ്ലാമില്‍ അനുവദനീയമല്ല, ഫണ്ടുണ്ടാക്കാന്‍ നിങ്ങള്‍ക്ക് വേറെ വല്ല വഴിയും നോക്കാമല്ലോ. ഉദ്ദേശം നല്ലതാണെങ്കിലും ഇസ്ലാമിന് ഹറാമായത് ചെയ്യാതിരിക്കൂ. എന്നായിരുന്നു മറ്റൊരു കമന്റ്.
ഇതാദ്യമായല്ല ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മതഭ്രാന്തന്മാര്‍ തിരിയുന്നത്. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെതിരേയും പേസര്‍ ഇര്‍ഫാന്‍ പഠാനെതിരേയും മത മൗലികവാദികളുടെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.