| Sunday, 27th September 2020, 7:59 pm

വെര്‍ച്വല്‍ ബലാത്സംഗവീരന്മാരുടെ സോഷ്യല്‍ മീഡിയ രതിമൂര്‍ച്ഛ

താഹ മാടായി

ഫൂലന്‍ ദേവിയുടെ ആത്മകഥയില്‍ (Phoolan Devi: The Autobiography of india ‘s Bandit Queen), കീഴ്ജാതിക്കാരെ ലൈംഗികമായി ആക്രമിച്ച പുരുഷന്മാരെ നിര്‍ദ്ദയമായി ശിക്ഷിച്ചതിനെപ്പറ്റി, അവര്‍ വിശദീകരിക്കുന്നു. സ്ത്രീകളെ പീഡിപ്പിക്കാന്‍ അവര്‍ ഉപയോഗിച്ച ആ സര്‍പ്പത്തിനെ ഞാന്‍ ചവിട്ടി മെതിച്ചു. പക്ഷെ, ആ സര്‍പ്പം ചത്തിട്ടില്ല. ഭാവിയില്‍ ചാവുമെന്നും തോന്നുന്നില്ല. ആഗോള ആദര്‍ശ രൂപമായി ആ സര്‍പ്പം വളരുകയാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള ഹിംസ അശ്ലീലമായി നിരന്തരം പ്രയോഗിച്ചു കൊണ്ടിരിക്കുന്നു. ഒരു കുന്തമുന പോലെ. ഇപ്പോള്‍ സര്‍പ്പം സോഷ്യല്‍ മീഡിയകളില്‍ രതിമൂര്‍ച്ഛ അനുഭവിക്കുകയാണ്. സ്ത്രീവിരുദ്ധതയുടെ വലിയ പുനഃപ്രതിഷ്ഠകള്‍ നടക്കുന്നത് സോഷ്യല്‍ മീഡിയകളിലാണ്. കൂട്ടായ അനുഭവങ്ങളില്‍ നിന്ന് കരുത്താര്‍ജ്ജിച്ച സ്ത്രീ സമൂഹത്തില്‍ അറപ്പുളവാക്കുന്ന അശ്ലീലം കൊണ്ട് വിള്ളലുണ്ടാക്കുകയാണ്, വെര്‍ച്വല്‍ ബലാത്സംഗ വീരന്‍മാര്‍.

സ്വയം പോസ്റ്റ് ചെയ്യാവുന്ന സോഷ്യല്‍ മീഡിയ സ്പെയ്സ്, സന്തോഷ് ഏച്ചിക്കാനം ഒരിക്കല്‍ ഈ ലേഖകന്‍ നടത്തിയ അഭിമുഖത്തില്‍ വിശേഷിപ്പിച്ച പോലെ, ആര്‍ക്കും കയറി അപ്പിയിട്ടു പോകാവുന്ന കക്കൂസുകളാണ്. ആര് മലമൂത്ര വിസര്‍ജ്ജനം നടത്തി പോയാലും കഴുകേണ്ട ബാധ്യത നമ്മുടേതാവും.

ഈ ‘കഴുകല്‍ ബാധ്യത’ യുടെ നൈതികമാനം വളരെ വലുതാണ്. അശ്ലീലമാണ് പുരുഷന്മാര്‍ സ്ത്രീകള്‍ക്കെതിരെ പ്രയോഗിക്കുന്ന വലിയ പ്രഹര ശേഷിയുള്ള ആയുധം. ഇത് കേള്‍ക്കാനും രസിക്കാനുമുള്ള ഒരു സമൂഹം ഇവിടെയുണ്ട്. ലൈംഗിക കുറ്റകൃത്യത്തില്‍ ‘രസിക്കുന്ന സമൂഹമാണ്’ സ്ത്രീകള്‍ നിയമം കൈയിലെടുത്തത് ശരിയാണോ എന്ന വ്യാകരണ യുക്തികളുമായി കടന്നു വരുന്നത്.

മലയാളി പുരുഷന്മാര്‍ മിക്കവാറും ലൈംഗികമായി വലിയ അസംതൃപ്തി നേരിടുന്ന ഒരു വിഭാഗമാണ്. സെക്സ് കൊണ്ടു മാത്രമല്ല, ആത്മവിശ്വാസം കൊണ്ടും അവര്‍ ബഹുദൂരം പിന്നിലാണ്. ഓര്‍മയെ ഭാഷയില്‍ പ്രകാശിപ്പിക്കുന്നതിലും അവര്‍ പരാജിതരാണ്. മാധവിക്കുട്ടിയെ പോലെ, അല്ലെങ്കില്‍ നളിനി ജമീലയെപ്പോലെ ഉജ്ജ്വലമായ ആത്മകഥകള്‍ കൊണ്ട് ഭാഷയുടെ മതില്‍ പൊളിക്കാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച എത്ര പേരുണ്ട്? ആരുമില്ല. ചിലപ്പോള്‍, ഒരു അര പുനത്തിലിന് അത് സാധിച്ചു.

ഒരു പുരുഷനും സ്ത്രീയും പാര്‍ക്കിലെ ബെഞ്ചിലിരുന്നാല്‍ ചൂരല്‍ വടിയുമായി വരുന്ന ഒരു സമൂഹത്തില്‍, ഒരു പെണ്‍ ചങ്ങാതിക്ക് ഫ്ളാറ്റ് വാടകയ്ക്കെടുക്കാന്‍ സഹായിച്ചാല്‍ അത് നിയമത്തിനു മുന്നില്‍ ചോദ്യചിഹ്നമാവുന്ന സമൂഹത്തില്‍, കോളേജില്‍ ഒരേ ബെഞ്ചില്‍ ആണ്‍ കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നാല്‍ അത് സദാചാര വിരുദ്ധമാവുന്ന ( കൂട്ടുകാരന്‍ തുടയില്‍ തോണ്ടും എന്ന ഭീഷണിയുണ്ട്) സമൂഹത്തില്‍, ആണുങ്ങളും പെണ്ണുങ്ങളും വലിയ അപകട സാധ്യതകള്‍ നേരിടുന്നുണ്ട്. സ്ത്രീയും പുരുഷനും നടത്തുന്ന ആന്തരിക സംവാദങ്ങളെ അത് റദ്ദാക്കുമെന്നതാണ് പ്രധാന പ്രശ്നം. അശ്ലീലം ഹിംസയ്ക്ക് തുല്യമായ രീതിയില്‍, അങ്ങേയറ്റം സ്ത്രീ വിരുദ്ധമായി ഉപയോഗിക്കപ്പെടും.

എല്ലാ സവര്‍ണതകളും, പുരുഷാധികാര പ്രവണതകളുടെ അധികാരമൂര്‍ച്ഛകളും മാധ്യമങ്ങളാല്‍ ‘വെളിപ്പിച്ചെടുക്കുന്ന കാല’ത്താണ് സോഷ്യല്‍ മീഡിയകള്‍ വാതിലുകള്‍ തുറന്നു വെച്ച കക്കൂസുകളാവുന്നത്. നാറ്റം വരുമ്പോള്‍, വിസര്‍ജ്യം വൈറസായി പടരുമ്പോള്‍ അതിന്റെ വാതിലടക്കാനും പൂട്ടിടാനും എഡിറ്റര്‍ ഇല്ല.

(എഡിറ്റര്‍മാരുള്ള ചില മുഖ്യധാരാ മാധ്യങ്ങളിലും ഇതിനകം കക്കൂസ് വത്കരണം സംഭവിച്ചിട്ടുണ്ട്). പുരുഷാധികാരം സര്‍വവ്യാപിയായി നില്‍ക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയില്‍, പരനിന്ദയില്‍ ആനന്ദം കൊള്ളുന്ന, കിടപ്പറയില്‍ നിരന്തരം തോല്‍ക്കുന്ന, പ്രണയിക്കുവാന്‍ ഒരു ഈച്ചയെ പോലും കിട്ടാത്ത, ശവക്കുഴി പോലെ തുറന്നു വെച്ച വായയുമായി ജീവിക്കുന്ന മലയാളി പുരുഷ സമൂഹം – സ്ത്രീകളെ താറടിച്ചു കാണിക്കുന്ന യൂ ട്യൂബര്‍മാരെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും. ഈ നിഷ്‌കളങ്കരോട് സ്ത്രീകളെക്കുറിച്ച് ചോദിച്ചു നോക്കൂ. മിക്കവാറും ഉത്തരം ഇങ്ങനെയായിരിക്കും സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്.

ഇത്തരം സ്ത്രീ കുടുംബ വിളക്ക് സങ്കല്‍പധാരികളാണ് ഇങ്ങനെ ചോദിക്കുക. സ്ത്രീകള്‍ നിയമം കൈയിലെടുത്തത് ശരിയാണോ?

ഈ ‘നിഷ്‌കളങ്ക സമൂഹമാണ്’ സ്ത്രീകളെ നിരന്തരം തോല്‍പിക്കുന്നത്. അല്ല, പുരുഷ സമൂഹത്തിന് സാധ്യമായേക്കാവുന്ന തുറസ്സുകളെയും അവര്‍ തന്നെയാണ് തോല്‍പിക്കുന്നത്. ശൃംഗാരത്തിന്റെ, അശ്ലീലത്തിന്റെ ആനന്ദപഥങ്ങളാണ് ഈ തുറന്നുവെച്ച ശവക്കുഴി വായന്മാര്‍ നശിപ്പിച്ചു കളയുന്നത്. അതിനു കാരണം, നമ്മുടെ രാഷ്ട്രീയമാണ്. അത് ഉറപ്പിച്ചു പറയേണ്ടതുണ്ട്.

കേരള രാഷ്ട്രീയം സ്ത്രീകളെ തുല്യതയില്‍ അധികാര പദവികളില്‍ പ്രതിഷ്ഠിച്ചിട്ടില്ല. രാഷ്ട്രീയ അധികാരം കയ്യാളുന്ന സ്ത്രീകളെ നാം കുടുംബകഥകള്‍ പറഞ്ഞ് താറടിച്ചു കാണിക്കും. കെ.ആര്‍ ഗൗരിയമ്മയ്ക്കു നേരെ എന്തെല്ലാം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിട്ടുണ്ട്, പുരുഷ അധികാര കേന്ദ്രങ്ങള്‍. വി.എസിനു കിട്ടുന്ന പൊതു പരിരക്ഷയോ മായികമായ ‘വിശുദ്ധി’യോ ഗൗരിയമ്മയെ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കില്ല. ഈ ഇരട്ടത്താപ്പ് എവിടെയും കാണാം.

സി.കെ. ജാനുവും പി.കെ.ശ്രീമതിയും കെ.കെ ഷൈലജയും ഈ ഇരട്ടത്താപ്പിന്റെ ഇരകളാണ്. കേരളത്തില്‍ വളര്‍ന്നു വന്ന മുഖ്യധാരാ ആണ്‍ രാഷ്ട്രീയം, സ്ത്രീകളെ തുല്യ നിലയില്‍ ആദരിക്കാന്‍ ഒട്ടും ശ്രമിച്ചിരുന്നില്ല. അതു കൊണ്ടാണ്, വെര്‍ച്ച്വല്‍ ബലാത്സംഗത്തിന് വലിയ പിന്തുണ കിട്ടുന്നത്. ഇന്നലെ ചാനല്‍ ചര്‍ച്ചകളില്‍ ‘ബഹുമാന്യരായ അഥിതി’കളുടെ കൂട്ടത്തില്‍ അയാളുമുണ്ടായിരുന്നു നോക്കൂ, എത്ര അധപതിച്ചിരിക്കുന്നു നമ്മുടെ സംവാദ മണ്ഡലം.

നമ്മുടെ സാമൂഹ്യ പരിസരം ശാക്തീകരിക്കപ്പെട്ട സ്ത്രീകളെ പുച്ഛിക്കുന്നതില്‍ ആനന്ദിക്കുന്നതു കാണാം.’വെളുത്ത സ്ത്രീക’ളാണ് ഈ അധിക്ഷേപത്തിന് കൂടുതല്‍ ഇരയാവുന്നത്. കറുപ്പ് അകാരണമായി മാറ്റി നിര്‍ത്തപ്പെടാനുള്ള ഒരു നിറമോ പശ്ചാത്തലമോ ആയി നൂറ്റാണ്ടുകളായി നില നില്‍ക്കുന്നു.’നിറ’ത്തില്‍ ഊന്നി നിന്നു കൊണ്ടാണ് ബിസ്‌കറ്റ് പരസ്യങ്ങള്‍ പോലും സംവിധാനം ചെയ്യപ്പെടുന്നത്. എന്നാല്‍, രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ട ( തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല ഇവിടെ അര്‍ഥമാക്കുന്നത്) സ്ത്രീ, ‘ അവരുടെ സ്വതന്ത്രമായ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്.

‘വെളുത്ത സ്ത്രീകള്‍’ ആ നിലയില്‍, അനുഭവപരമായി, ഒറ്റപ്പെടലും നിന്ദകളും അനുഭവിക്കുന്നു. പരസ്യങ്ങളിലും വിവാഹമാര്‍ക്കറ്റുകളിലും മാട്രിമോണിയല്‍ പരസ്യങ്ങളിലും അവതരിപ്പിക്കുന്ന ‘വെളുത്തു മെലിഞ്ഞ സുന്ദരിയായ സ്ത്രീ’ എന്നത് രോഗാതുരമായ ഒരു സമൂഹത്തിന്റെ വെളിപ്പെടുത്തലാണ്. അത്തരമൊരു വ്യവസ്ഥയില്‍ ,’വെളുപ്പ്, അല്ലെങ്കില്‍ വെളുത്ത സ്ത്രീ’ പരദൂഷണത്തിന്റെ കേന്ദ്ര ബിന്ദുവായി മാറും. അങ്ങനെ അവതരിപ്പിക്കുന്നതില്‍ നിര്‍ലജ്ജമായി ആനന്ദം കണ്ടെത്തുന്നവരാണ് വലിയൊരു വിഭാഗം പുരുഷസമൂഹം. ‘വെടി’ പറയാന്‍ ഉള്ള എല്ലാ ഇരിപ്പിടങ്ങളും അവരാണ് സൃഷ്ടിച്ചത്.

അപ്പോള്‍ പുരുഷന്‍ വെച്ചു നീട്ടുന്ന അധികാര കവചങ്ങളില്‍ നിന്നു വിമുക്തയായി, സ്വതന്ത്ര ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പേറുന്ന ഏതു സ്ത്രീയും കേരളത്തില്‍ വലിയ ഭീഷണി അഭിമുഖീകരിക്കുന്നുണ്ട്.  ‘ശാക്തീകരിക്കപ്പെട്ട സ്ത്രീ ലോകം’ എന്നതാണ് ഇടതു പക്ഷം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ മുദ്രാവാക്യം. എന്നാല്‍, ശാക്തീകരണം പോലെ തന്നെ പ്രധാനമാണ് വിമോചനവും.’വിമോചനം’, എന്ന ഏറെ മുഴക്കമുള്ള വാക്ക് നിര്‍ഭാഗ്യവശാല്‍, ഇന്ന് കൂടുതല്‍ ഉപയോഗിക്കുന്നത് മുസ്‌ലിം മതമൗലിക പ്രസ്ഥാനങ്ങളാണ്. അവിടെയും സ്ത്രീകള്‍ സ്വതന്ത്രരല്ല. ഒരു ഭാഗത്ത് തെറി പറഞ്ഞും മറുഭാഗത്ത് മതം പറഞ്ഞും സ്ത്രീകളെ അടിച്ചിരുത്തുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: social media attack and verbal raping against women thaha madai

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more