| Wednesday, 30th September 2020, 9:42 am

സൈബര്‍ കുറ്റവാളികളെ സംരക്ഷിക്കുന്നത് നിയമമോ, നിയമനടത്തിപ്പോ?

രോഷ്‌നി രാജന്‍.എ

സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും കൃത്യമായ നിയമനിര്‍വ്വഹണത്തിന്റെ അപര്യാപ്തതയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. സൈബര്‍ ആക്രമണങ്ങളെ സംബന്ധിച്ച് പുതിയ നിയമം ഉണ്ടാവേണ്ടതുണ്ടെന്ന ആവശ്യം വലിയ രീതിയില്‍ ഉയരുന്നതും ഇതേ പശ്ചാത്തലത്തിലാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പുതിയ നിയമനിര്‍മാണം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സ്ത്രീവിരുദ്ധമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ചും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയും വെര്‍ബല്‍ റേപ്പിങ്ങിനിരയാക്കിയും സ്ത്രീകളെ സൈബര്‍ ഇടങ്ങളില്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായെന്നും എന്നാല്‍ ഇതിന്റെ പേരില്‍ കുറ്റവാളികള്‍ക്കെതിരെ ഉടനടി കേസെടുക്കാനോ നിയമം നടപ്പിലാക്കാനോ പൊലീസോ ഭരണകൂടമോ ശ്രമിക്കുന്നില്ലെന്ന വിമര്‍ശനമാണ് വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.

സ്ത്രീവിരുദ്ധപരാമര്‍ശം നിറയുന്ന വീഡിയോകള്‍ ചെയ്ത യൂട്യൂബറായ വിജയ് പി നായര്‍ക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് സൈബര്‍ ഇടങ്ങളിലെ സ്ത്രീസുരക്ഷ എന്ന വിഷയം വീണ്ടും മുഖ്യധാരാ ചര്‍ച്ചയായി മാറിയത്. സാംസ്‌കാരിക സിനിമാ മേഖലകളില്‍ നിന്നായി നിരവധിപേര്‍ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയെങ്കിലും നിയമപരമായ നടത്തിപ്പുകളിലെ ശോചനീയാവസ്ഥ പലരും ഉന്നയിക്കുകയായിരുന്നു.

അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരമെന്നും ഇരകള്‍ക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകള്‍ക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. കൂടാതെ നിലവിലുള്ള നിയമസാധ്യതകള്‍ പര്യാപ്തമല്ലെങ്കില്‍ തക്കതായ നിയമനിര്‍മാണം ആലോചിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിക്കുകയുണ്ടായി.

നിയമനിര്‍മാണം കൊണ്ട് മാത്രം വിഷയത്തില്‍ പരിഹാരം കാണാനാവില്ലെന്നും നിലവിലുള്ള നിയമങ്ങളെങ്കിലും നീതിപൂര്‍വമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നുമാണ് സാമൂഹികപ്രവര്‍ത്തകയായ കെ. അജിത ഉന്നയിക്കുന്നത്.
‘നിയമനിര്‍മാണം കൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് കരുതുന്നില്ല. സ്ത്രീകളെ തുടര്‍ച്ചയായി അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ ഗതികെട്ടാണ് പ്രതികരണമുണ്ടായത്. എല്ലാ സ്ത്രീകളെയും പ്രതിനിധീകരിച്ചുള്ള നടപടിയാണത്. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നില്‍ക്കാനും അവര്‍ക്കെതിരായ ജാമ്യമില്ലാ വകുപ്പുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തയ്യാറാകണം’, കെ.അജിത ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൃത്യമായ സമയത്ത് നിയമം നടപ്പിലാക്കുന്നതില്‍ വരുന്ന വീഴ്ചയെക്കുറിച്ചു തന്നെയാണ് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഉന്നയിക്കുന്നത്. ‘അറസ്റ്റുകളും തുടര്‍ച്ചയായ നടപടികളും നടക്കുന്നില്ല. കൃത്യസമയത്ത് നടപടികള്‍ ഉണ്ടാവാതിരിക്കുന്നതിന് നിലവിലെ സംഭവം തന്നെ ഉദാഹരണമാണ്. പൊലീസു തന്നെ വിഷയത്തെക്കുറിച്ച് ബോധവാന്‍മാരേകണ്ടതുണ്ട്. വ്യത്യസ്ത സാമൂഹ്യമാധ്യമങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊലീസിന് കൃത്യമായ ധാരണ ഉണ്ടെങ്കിലേ നിയമനടപടികളും എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ’, ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരള പൊലീസ് ആക്ടിലെ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തുകയോ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതിന്റെ അഭാവത്തില്‍ സംസ്ഥാനസര്‍ക്കാറിന് ഐ.പി.സിയിലോ പൊലീസ് ആക്ടിലോ നിയമം നിര്‍ദേശിക്കുകയോ ചെയ്യാവുന്നതാണെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.

‘നിയമ നിര്‍മ്മാണം വേണമെന്ന ആവശ്യം ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജിയായി ഉന്നയിക്കാന്‍ കഴിയില്ല. നിയമനിര്‍മ്മാണം സമ്പൂര്‍ണ്ണമായി പാര്‍ലമെന്റിന്റെ പണിയാണ്. കോടതികള്‍ അതില്‍ ഇടപെട്ട് നിര്‍ദ്ദേശം കൊടുക്കാന്‍ പറ്റില്ല. അത് ശരിയുമല്ല. സുപ്രീംകോടതിക്ക് നിയമം നിര്‍മ്മിച്ച ചരിത്രമുണ്ട്. നിയമത്തിലുള്ള ഗ്യാപ്പ് ഫില്‍ ചെയ്യുകയാണ് കോടതി ചെയ്തത്.

ഐ.ടി ആക്ടിലെ 66എയില്‍ കോടതി ഉണ്ടാക്കിയ ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ കോടതിക്ക് ബാധ്യതയുണ്ട്. സൈബര്‍ ബുള്ളിയിങ്ങിന് എതിരെ ഒരു ഓര്‍ഡിനന്‍സിന് വേണ്ടി ഹോം സെക്രട്ടറിക്ക് നിവേദനം നല്‍കുക, അതിന്മേല്‍ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ പോകുക, അതിന്മേല്‍ നടപടി എടുക്കാന്‍ വിധി കിട്ടുമോ എന്നു നോക്കുക എന്നതാണ് ചെയ്യേണ്ടത്’, ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.

ഐ.ടി നിയമത്തിലെ 66.എ വകുപ്പനുസരിച്ച് സെല്‍ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ വിദ്വേഷമോ അപകടമോ തെറ്റിദ്ധാരണാജനകമോ ആയ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവയ്‌ക്കെല്ലാം മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ശിക്ഷ നിലവിലുണ്ടായിരുന്നു. എന്നാല്‍ വ്യാപകമായി ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് സുപ്രീം കോടതി ഈ സെക്ഷന്‍ നിര്‍ത്തിവെച്ചത്.

അത്തരമൊരു സാഹചര്യത്തില്‍ 66.എയുടെ നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൈബര്‍ ഇടങ്ങളിലെ ഇത്തരം ആക്രമണങ്ങളെ ഉന്നം വെച്ചുകൊണ്ട് പ്രത്യേകമായിത്തന്നെ നിയമം കൊണ്ടുവരാന്‍ കഴിയുമെന്ന കാര്യമാണ് ഹരീഷ് വാസുദേവന്‍ ഉന്നയിക്കുന്നത്. നിലവില്‍ പൊതുഇടങ്ങളിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുമാത്രമാണ് കേരള പൊലീസ് ആക്ടില്‍ നടപടിയെടുക്കുന്നത്. എന്നാല്‍ പൊതു ഇടങ്ങളില്‍ എന്നുള്ളതില്‍ നിന്നും സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങളിലേക്കും നടപടികള്‍ ഉണ്ടാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പുതിയ നിയമനിര്‍മാണം നടത്തുകയാണെങ്കില്‍ത്തന്നെയും സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകമായിത്തന്നെ നിയമം വരേണ്ടതുണ്ടെന്നാണ് എഴുത്തുകാരി ഖദീജാ മുംതാസ് അഭിപ്രായപ്പെടുന്നത്. നിയമം ഉണ്ടാക്കുമ്പോള്‍ ‘വ്യക്തികള്‍ക്ക് അപമാനകരമായ പ്രവര്‍ത്തി’ എന്നതില്‍ നിന്ന് വ്യത്യസ്തമായി ‘സ്ത്രീകള്‍ക്ക് അപമാനകരമായ’ എന്ന രീതിയിലേക്ക് മാറണമെന്നും ഖദീജ് മുംതാസ് പറയുന്നു.

‘സ്ത്രീകളുടെ വിഷയമാവുന്നതില്‍ നിയമം ശക്തമാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ പലപ്പോഴും വ്യക്തിസ്വാതന്ത്ര്യം എന്ന വാദത്തില്‍ കുറ്റകൃത്യത്തെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യം കണ്ടുവരുന്നതാണ്. വിജയ് പി നായര്‍ അയാളുടെ ലാപ്‌ടോപും മറ്റു സാമഗ്രികളും ഭാഗ്യലക്ഷ്മിയും സംഘവും മോഷ്ടിച്ചുവെന്ന പേരിലാണ് കേസ് കൊടുക്കുന്നത്. അതിന് ഉടന്‍ തന്നെ നടപടിയുണ്ടാവുന്നു. അതേസമയം ഭാഗ്യലക്ഷ്മിയും സംഘവും കൊടുത്ത പരാതിയില്‍ നടപടിയെടുത്ത സമയം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതാണ് സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പുകളിലെ മെല്ലെപ്പോക്ക്’,ഖദീജാ മുംതാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്ത്രീവിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടു തന്നെ നിയമം ഉണ്ടാവേണ്ടതിന്റ ആവശ്യകത ഇക്കാലങ്ങളിലെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് വ്യക്തമാവുന്നതാണെന്നും ഖദീജാ മുംതാസ് കൂട്ടിച്ചേര്‍ത്തു.

സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മാണം വേണമെന്ന വ്യാപകആവശ്യം കണക്കിലെടുക്കുമ്പോള്‍ത്തന്നെ കൃത്യവും സമയോചിതവുമായ നിയമനിര്‍വഹണത്തിലും ഭരണകൂടം പുനപരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന ആവശ്യമാണ് ശക്തമായി നിലനില്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Social media attack against women new law making and functioning of law

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more