'മുഖ്യമന്ത്രിയെ രാജി വെപ്പിക്കാന്‍ നീയാരാ'; മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം
Women Abuse
'മുഖ്യമന്ത്രിയെ രാജി വെപ്പിക്കാന്‍ നീയാരാ'; മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th May 2018, 1:45 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം. കോട്ടയത്ത് നടന്ന ദുരഭിമാനക്കൊലയെതുടര്‍ന്ന്  മാതൃഭുമിയുടെ ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയണം എന്ന സ്മൃതിയുടെ  പരാമര്‍ശത്തിനെതിരെ    സൈബര്‍ ആക്രമണം.

സ്മൃതിയുടെ ചാനല്‍ ചര്‍ച്ചയിലെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ അസഭ്യവര്‍ഷവും അശ്ലീലകമന്റുകളുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. തെറിവിളികളുടെ കൂടെ കുടുംബത്തിനെയും സഹപ്രവര്‍ത്തകരെയും ചേര്‍ത്ത് അശ്ലീലപ്രസ്താവനകളും ചിലര്‍ നടത്തുന്നുണ്ട്.

“മുഖ്യമന്ത്രിയെ രാജി വെപ്പിക്കാന്‍ നീയാരാ”, “പിണറായി രാജി വെച്ചോടീ മോളെ, ഇന്നലെ നിന്റെ കുര കണ്ടപ്പോള്‍ സത്യമായിട്ടും ഞാന്‍ വിചാരിച്ചു നിന്നെ പേടിച്ചു പിണറായി രാജിവെക്കുമെന്ന്”, “പരുത്തികുരു ആദ്യം ചെയ്യേണ്ടത് വിധേയത്വമുള്ള ആ ജോലി രാജി വെച്ചു സ്വന്തം കാലില് നില്ക്കുക എന്നുള്ളതാണ്”, “മുതലാളിക്ക് വേണ്ടി കുരക്കുന്നത് ഇന്നലെ കണ്ടു, നന്നായിട്ടുണ്ട് ഭാവിയുണ്ട് ഇനിയും കുരക്കണം. നന്നായി ആശംസകള്‍” എന്നിങ്ങനെയാണ് കമന്റുകള്‍


Also Read ‘ഇത് വായിക്കുന്ന ആരെങ്കിലും നീനുവിന്റെ ദുഖത്തില്‍ ഞാന്‍ കൂടെയുണ്ടെന്ന് അറിയിക്കണം’ ദുരഭിമാനകൊലയ്ക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ ശങ്കര്‍ സംസാരിക്കുന്നു


അതേസമയം മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ചു കൊണ്ടല്ല വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതെന്നുള്ള കമന്റുകളും വരുന്നുണ്ട്. “മാധ്യമ പ്രവര്‍ത്തകരോട് ആശയപരമായി വിയോജിക്കാം,അവരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ എടുത്തു കാട്ടാം. മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാം.  അതല്ലാതെ തങ്ങള്‍ക്കിഷ്ടമില്ലാത്തത് പറഞ്ഞുവെന്നു വെച്ച് തെറിവിളിയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവര്‍ ഒരിക്കലും ഇടതുപക്ഷമാണെന്ന് അവകാശപ്പെടരുത്” എന്നുള്ള വിമര്‍ശനങ്ങളും വരുന്നുണ്ട്.

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം ഇത് ആദ്യമായല്ല നടക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കെവിന്റെ ഭാര്യയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തക അപര്‍ണ പ്രശാന്തിക്കെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. അല്ലു അര്‍ജുന്റെ പുതിയ ഡബ്ബിങ് ചിത്രം “എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ” കണ്ടു തലവേദനയെടുത്തു എന്ന  അപര്‍ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകരെ വിറളി പിടിപ്പിച്ചത്.

“അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ” എന്നായിരുന്നു അപര്‍ണയുടെ പോസ്റ്റ്.അല്ലു ആരാധകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അസഭ്യവര്‍ഷവുമായി രംഗത്തെത്തുകയായിരുന്നു. തെറിവിളികളുടെ കൂടെ ബലാത്സംഗ ഭീഷണിയും ചിലര്‍ ഉയര്‍ത്തിയിരുന്നു.