| Wednesday, 18th November 2020, 4:04 pm

'ലവ് ജിഹാദ്' ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് നേരെ സൈബര്‍ ആക്രമണം; തൊപ്പിവെച്ച ഫോട്ടോയ്ക്ക് താഴെ വധഭീഷണിയും വര്‍ഗീയ പരാമര്‍ശങ്ങളും

രോഷ്‌നി രാജന്‍.എ

കോഴിക്കോട്: ലവ് ജിഹാദ് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിക്ക് നേരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ആക്രമണം. അലി അഷ്‌വിന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി ലവ് ജിഹാദിയാണെന്നും ഇതര മതസ്ഥരായ പെണ്‍കുട്ടികളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അഷ്‌വിന്റെ തൊപ്പി വെച്ച ഫോട്ടോയുള്‍പ്പെടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ അജണ്ടകളുള്ള മുസ്‌ലിം വിരുദ്ധരായ ഒരു സംഘമാണ് ഈയൊരു വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് അലി അഷ്‌വിന്‍ പറഞ്ഞു.

ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അലി അഷ്‌വിനെതിരെയുള്ള പോസ്റ്റിന് താഴെ ഗുരുതരമായ കമന്റുകളും കാണാന്‍ സാധിക്കും. ‘അവനെ കൊല്ലണം’, ‘മുഖം കണ്ടാല്‍ അറിയാം പീഡന വിരനാണെന്ന്’ ,’തീവ്രവാദിയാണിവന്‍’എന്നീ തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിനു താഴെയുള്ളത്. ജെയിംസ് ആന്റണി എന്ന പേരിലുള്ള വ്യാജ ഐഡിയില്‍ നിന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും മെഡിക്കല്‍ കോളേജിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇതിനു മുമ്പും ഇത്തരത്തിലുള്ള പല ആരോപണങ്ങളും ഉണ്ടായിട്ടുണ്ടെന്നും അലി അഷ്‌വിന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ഷാന്‍ എന്ന അധ്യാപകന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു എന്ന് ആരോപിച്ച് ജനം ടിവി നല്‍കിയ വാര്‍ത്തക്കെതിരെ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് തനിക്കെതിരെയും ആക്രമണമുണ്ടായതെന്ന് അഷ്‌വിന്‍ പറയുന്നു.

‘അധ്യാപകനെതിരെയുള്ള ജനം ടിവിയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഞാന്‍ സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. എനിക്ക് നേരെ നിലവില്‍ ലവ് ജിഹാദ് ആരോപണമാണ് ഒരു സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. പേടി കൊണ്ട് പെണ്‍കുട്ടികളോട് സംസാരിക്കുന്നത് തന്നെ കുറവായിരുന്നു. തീര്‍ത്തും വ്യാജമായ പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്’, അലി അഷ്‌വിന്‍ ഡൂള്‍ പറഞ്ഞു.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഷ്‌വിനെതിരെയുള്ള പോസ്റ്റ് 700ഓളം പേര്‍ ഷെയര്‍ ചെയ്തിരുന്നു. വ്യാജ പോസ്റ്റ് കണ്ട ഉടനെ അതിനെതിരെ ട്രോള്‍ രൂപത്തില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി സമൂഹ്യമാധ്യമങ്ങളില്‍ ഒരു സ്റ്റാറ്റസ് പങ്കുവെച്ചിരുന്നു. ‘ലവ് ജിഹാദിനായി സമീപിക്കുക’ എന്ന രീതിയില്‍ താന്‍ ഇട്ട ആ ട്രോള്‍ സ്റ്റാറ്റസും പിന്നീട് പ്രചരിക്കപ്പെടുകയായിരുന്നുവെന്നും അഷ്‌വിന്‍ പറഞ്ഞു.

‘ആളില്ലാത്ത അഡ്രസില്ലാത്ത തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ എന്റെ കാര്യത്തിലും അത്തരത്തിലൊന്ന് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. നേരത്തേ ഡോ.കഫീല്‍ ഖാന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്നാരോപിച്ച് മെഡിക്കല്‍ കോളേജിലെ ഷാന്‍ എന്ന അധ്യാപകനു നേരെ ആക്രമണമുണ്ടായിരുന്നു. രണ്ട് അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെങ്കിലും അതില്‍ ഒരാള്‍ക്ക് താടിയുണ്ടെന്ന് പറഞ്ഞായിരുന്നു പ്രചരണങ്ങള്‍. ജനം ടിവിയായിരുന്നു പ്രധാനമായും ഈ പ്രവൃത്തിക്കു പിന്നിലുണ്ടായിരുന്നത്’, അഷ്‌വിന്‍ കൂട്ടിച്ചേര്‍ത്തു.

‘സാമ്പത്തിക സംവരണ വിഷയത്തില്‍ പരസ്യമായി നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തു വന്ന യൂണിയന്‍ കൂടിയാണ് മെഡിക്കല്‍ കോളേജിലേത്. ഇത്തരത്തില്‍ യൂണിയന്റെ പല പ്രവര്‍ത്തനങ്ങളിലും ചില സംഘടനകള്‍ വിമുഖത കാട്ടുകയും മുസ്‌ലിം വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന തരത്തില്‍ അത്തരം സംഘടനകള്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്’, അഷ്‌വിന്‍ പറയുന്നു.

ആരോപണമുന്നയിച്ച ഐ.ഡിയില്‍ ഒരു ബ്ലോഗുണ്ടെന്നും ലവ് ജിഹാദ് ആരോപണങ്ങളും നുണപ്രചരണങ്ങളും കൊണ്ട് നിറഞ്ഞൊരു ബ്ലോഗാണ് അതെന്നും വിലയിരുത്തലുകളുണ്ട്.

അഷ്‌വിന് പിന്തുണയര്‍പ്പിച്ച് കൊണ്ടും വ്യാജപോസ്റ്റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്.
കേരളാ പൊലീസ് മുതല്‍ എന്‍.ഐ.എ വരെയുള്ള ഏജന്‍സികള്‍ നിരവധി തവണ അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് ലവ് ജിഹാദ് എന്നും കേരള കര്‍ണാടക ഹൈക്കോടതിയും സുപ്രീം കോടതിയും എന്തിന് അമിത്ഷായുടെ ആഭ്യന്തര വകുപ്പും വരെ ഇന്ത്യയില്‍ എവിടെയും ലവ് ജിഹാദ് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ ശേഷവും ബി.ജെ.പി സര്‍ക്കാരുകള്‍ ലവ് ജിഹാദിനെതിരെ നിയമ നിര്‍മ്മാണം നടത്തുകയാണെന്നും ആബിദ് അടിവാരം എന്ന യുവാവ് അഷ്‌വിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ എഴുതി.

മെഡിക്കല്‍ കോളേജില്‍ ഇതിനു മുമ്പും പല തവണ മുസ്‌ലിങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ചില സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ടെന്ന് ആബിദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘കൃത്യമായ അജണ്ടകളുള്ള ഒന്നിലധികം പേരുടെ ഇടപെടലുകളാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നത് എന്ന് വ്യക്തമാണ്.
അത്യപൂര്‍വ്വമായി മുസ്‌ലിം വിദ്യാര്‍ത്ഥികളെ കണ്ടിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് പകുതിയോളം മുസ്‌ലിംങ്ങളുണ്ട്, റാങ്ക് ലിസ്റ്റിന്റെ പിന്നാമ്പുറത്ത് നിന്ന് ‘ഉഡായിപ്പ്’ സവര്‍ണ്ണ സംവരണത്തില്‍ കയറി വന്നവരൊന്നുമല്ല, എന്‍ട്രന്‍സ് എഴുതി കഴിവ് തെളിയിച്ചു വന്നവര്‍. കോഴിക്കോട് മാത്രമല്ല, കേരളത്തിലെ മിക്ക മെഡിക്കല്‍ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോള്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളുണ്ട്. അത് കാണുമ്പോള്‍ ‘കുരുപൊട്ടുന്ന’ മുസ്‌ലിം വിരുദ്ധരാണ് ബോധപൂര്‍വ്വമായ ഈ നീക്കത്തിന് പിന്നില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഈ പരീക്ഷണം വിജയിച്ചാല്‍ കേരളമൊട്ടാകെ ഇത് വ്യാപിക്കും, കേരളമാകെ വിഷം കോരി ഒഴിക്കും’, ആബിദ് പറയുന്നു.

ചെറുപ്പക്കാരെ തീവ്രവാദികളെന്നും ലവ് ജിഹാദികളെന്നും ചിത്രീകരിക്കുന്ന രീതി കേരളത്തില്‍ ബി.ജെ.പിയുള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിവരുകയാണെന്ന വിമര്‍ശനവും ചിലര്‍ വിഷയവുമായി ബന്ധപ്പെട്ട് സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.

Content Highlight: Social media attack against medical student

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more