| Saturday, 9th May 2020, 9:59 pm

ലോക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ നടത്തിയ ഭാഗവതപാരായണം; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ബി.ജെപി പ്രവര്‍ത്തകരുടെ ഭീഷണിയും അപകീര്‍ത്തിപെടുത്തലും,പൊലീസില്‍ പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂരില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഭാഗവതപാരായണം നടത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് തൃശൂര്‍ ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അപകീര്‍ത്തിപ്പെടുത്തലും ഭീഷണിയും. തൃശൂര്‍ ബ്യൂറോ ചീഫ് റിപ്പോര്‍ട്ടറായ പ്രിയ ഇളവള്ളി മഠത്തിന് നേരെയാണ് ഭീഷണി. ഇത് സംബന്ധിച്ച് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തക പരാതി നല്‍കി.

തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ വെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ സ്വഭാവഹത്യ നടത്തുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് മുസ്ലിം ആയതിനാല്‍ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള ആരോപണമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും പ്രിയ ഇളവള്ളി മഠം ആരോപിക്കുന്നു. അജിത് ശിവരാമന്‍ എന്നയാള്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപരമാനിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.

ഏപ്രില്‍ എട്ടിനാണ് തൃശൂര്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി രക്ഷപ്പെട്ടു.

എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് സംഭവം. രാവിലെ 7.30 ന് നടന്ന ഭാഗവത പാരായണത്തില്‍ അമ്പതിനടുത്ത് ആളുകള്‍ പങ്കെടുത്തതായാണ് വിവരം. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിനാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more