ഇന്ത്യന്‍ ടീമിലെ എ+ താരങ്ങളില്‍ പ്രധാനിയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഇന്ത്യയുടെ ബൗളിങ് നിരയിലെ കുന്തമുനയായ ബുംറ തന്നെയാണ് ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും.
എന്നാല്‍, ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വിരളമാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ബുംറ ഇന്ത്യക്കൊപ്പമുണ്ടായിരുന്നില്ല. പരിക്കായിരുന്നു താരത്തെ പിന്നോട്ട് വലിച്ചത്. ബുംറയുടെ അഭാവം ഏഷ്യാ കപ്പില്‍ ഇന്ത്യയെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
വരാനിരിക്കുന്ന ലോകകപ്പിലും ബുംറയുടെ സേവനം ഇന്ത്യക്കുണ്ടാവില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുറം വേദന തന്നെയാണ് വീണ്ടും വില്ലനായെത്തിയത്.
എന്നാല്‍ ലോകകപ്പ്ടീമില്‍ നിന്നും ബുംറയെ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്നും രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളുവെന്നും ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു.
നിരന്തരമായി ബുംറ ടീമിനൊപ്പം ഇല്ലാത്തതിന്റെ കാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഐ.പി.എല്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ ബുംറക്ക് ഇത്തരത്തില്‍ പരിക്കോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടാവാറില്ലെന്നും നാഷണല്‍ ഡ്യൂട്ടിക്കെത്തുമ്പോള്‍ മാത്രമാണ് താരം പരിക്ക് മൂലം കളിക്കാതിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത് ഐ.പി.എല്‍ മത്സരം കളിക്കുമ്പോഴും താരങ്ങള്‍ക്ക് ലഭിക്കുന്ന തുക ആണ്. ഐ.പി.എല്‍ കളിക്കുമ്പോള്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് തുലോം തുച്ഛമാണ് ഇന്ത്യക്കായി കളിക്കുമ്പോള്‍ ഇവരുടെ കീശയിലേക്കെത്തുന്നത്.
ഇവര്‍ വെറുതെ പറയുക മാത്രമല്ല, 2020 മുതല്‍ ബുംറ ഐ.പി.എല്ലിലും ഇന്ത്യക്കും വേണ്ടി കളിച്ച കളികള്‍ അക്കമിട്ട് നിരത്തിയാണ് തങ്ങളുടെ വാദം ഇവര്‍ സാധൂകരിക്കുന്നത്.
2022 ഫെബ്രുവരി മുതല്‍ ഇന്ത്യ 49 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബുംറ കളിച്ചത് വെറും പത്തെണ്ണത്തില്‍ മാത്രമാണ്. അതേസമയം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് 44 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 43ലും ബുംറ മുംബൈക്കായി പന്തെറിഞ്ഞിരുന്നു.
ബുംറയെ മാത്രമല്ല, ഇന്ത്യയുടെ മറ്റ് എ+ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഐ.പി.എല്‍ ടീമുകള്‍ക്ക് വേണ്ടി കളിച്ചതും ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചതും ചര്‍ച്ചയാവുന്നുണ്ട്.
ആ കണക്കുകള്‍ ഇങ്ങനെ
2022 ഫെബ്രുവരി മുതല്‍ ഇന്ത്യക്കായി കളിച്ചത്:
രോഹിത് ശര്‍മ – 32/49
വിരാട് കോഹ്‌ലി – 24/49
ജസ്പ്രീത് ബുംറ – 10/49
2022 ഫെബ്രുവരി മുതല്‍ ഐ.പി.എല്‍ ടീമുകള്‍ക്കായി കളിച്ചത്:
രോഹിത് ശര്‍മ – 39/44
വിരാട് കോഹ്‌ലി – 46/46
ജസ്പ്രീത് ബുംറ – 43/44
ഇതിനൊപ്പം തന്നെ ഐ.പി.എല്ലിലെയും ടി-20 ലോകകപ്പിലെയും പ്രൈസ് മണിയും ഇതോടൊപ്പം ചേര്‍ത്തുവെച്ച് വായിക്കപ്പെടുന്നുണ്ട്. ഐ.പി.എല്‍ ജേതാക്കള്‍ക്ക് 20 കോടി രൂപ സമ്മാനമായി ലഭിക്കുമ്പോള്‍ ടി-20 ലോകകപ്പ് ജേതാക്കള്‍ക്ക് 13 കോടി രൂപ (13,05,35,440) ആണ് ലഭിക്കുന്നത്.
എന്നിരുന്നാലും ലോകകപ്പിന് മുമ്പ് തന്നെ താരം ആരോഗ്യവാനായി തിരിച്ചെത്തണമെന്ന് പ്രത്യാശിക്കുന്നവരും ചെറുതല്ല.
Content highlight: Social media asks why does Jasprit Bumrah get injured only when playing for India?