| Thursday, 10th August 2023, 9:27 pm

സ്വാഗ്...സ്വാഗ്...;വന്നവരും പോയവരും പൊളിച്ചടുക്കിയ ജയിലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ജയിലാറിലെ പ്രകടനങ്ങള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ വന്നവരും പോയവരും ഒക്കെ തന്നെ വേറെ ലെവല്‍ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.

രാജിനികാന്ത് എപ്പോഴത്തെയും പോലെ നിറഞ്ഞാടി എന്നാണ് ‘തലൈവര്‍ ആരാധകര്‍’ കുറിക്കുന്നത്. അവരുടെ പ്രിയപ്പെട്ട താരത്തിനെ ഇത്രയും സ്വാഗോടെ അവതരിപ്പിച്ച നെല്‍സണിന് നന്ദിയും പറയുന്നുണ്ട് ചിലര്‍.

വില്ലന്‍ വേഷം കൈകാര്യം ചെയ്ത വിനായകന്റെ പ്രകടനം അടുത്തിടെ കണ്ട തമിഴ് സിനിമകളില്‍ നിന്ന് എല്ലാം മികച്ച് നില്‍ക്കുന്നതാണെന്ന് പ്രേക്ഷകര്‍ പറയുന്നു.

തിയേറ്ററിനെ പൂരപറമ്പ് ആകുകയാണ് ജയിലറിലെ എല്ലാവരും തന്നെ. മലയാളികള്‍ക്ക് ഡബിള്‍ വിരുന്നാണ് ചിത്രം ഒരുക്കി വെച്ചിരിക്കുന്നത്.

ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലിന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് എല്ലാം അത്രമേല്‍ ഇഷ്ടപ്പെട്ടു എന്നാണ് സോഷ്യല്‍ മീഡിയയിലെ കുറിപ്പുകളില്‍ നിന്ന് മനസിലാകുന്നത്.

അനിരുദ്ധ് രവിചന്ദ്രറുടെ മികച്ച ഇന്‍ട്രോ മ്യുസിക് കൊണ്ട് നെല്‍സണ്‍ വേറെ ലെവലില്‍ മോഹന്‍ലാലിനെ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു.

ഏറെ നാളായി മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്നത് ഈ വരവ് ആഘോഷമാക്കാന്‍ വേണ്ടിയാണ് എന്നാണ് ചിലരുടെ പക്ഷം.

മറ്റൊരു അതിഥി വേഷത്തില്‍ എത്തിയ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറിനും സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ ലഭിക്കുന്നുണ്ട്. പ്രകടനം കൊണ്ടും സ്‌ക്രീന്‍ പ്രെസന്‍സ് കൊണ്ടും പൊളിച്ചടുക്കിയ പ്രകടനമാണ് ശിവരാജ് കുമാര്‍ കാഴ്ച്ചവെച്ചതെന്നാണ് നിരവധി പേരുടെ അഭിപ്രായം.

അതേസമയം കേരളത്തില്‍ മുന്നൂറിലധികം തിയേറ്ററുകളിലാണ് ജയിലര്‍ റിലീസിനെത്തിയത്. രാത്രികാല ഷോകള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ 2023ലെ ഓപ്പണിങ് കളക്ഷന്‍ കണക്കുകളില്‍ ഒന്നാം സ്ഥാനത്തേക്ക് ജയിലര്‍ എത്തുമെന്നാണ് സിനിമാ ട്രക്കര്‍മാര്‍ പ്രീഡിക്ഷനായി പറയുന്നുണ്ട്.

നിലവില്‍ 4.45 കോടി രൂപ നേടിയ വാരിസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. കേരളത്തില്‍ നിന്നും അഞ്ചു കോടിക്ക് മുകളില്‍ ആദ്യ ദിവസം ജയിലര്‍ നേടുമെന്നാണ് ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയില്‍ നിന്ന് വ്യക്തമാകുന്നത്. ഉയര്‍ന്ന ആവശ്യം കണക്കിലെടുത്ത് രാത്രി വൈകിയും കേരളത്തിലെ തിയേറ്ററുകളില്‍ അധിക ഷോകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Social media appreciating perfomances in jailer movie
We use cookies to give you the best possible experience. Learn more