ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ ലിയോ തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്.
സിനിമയുടെ റിലീസിനായി വലിയ പ്രതീക്ഷയിലാണ് ആരാധകര്‍ കാത്തിരുന്നത്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച അഭിപ്രായങ്ങള്‍ നേടാനും സിനിമക്ക് ആകുന്നുണ്ട്.
വിജയ് എന്ന നടന്റെ സിനിമാ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവാണ് ലിയോ എന്നാണ് ചിത്രം കണ്ട പലരുടെയും അഭിപ്രായം.
ഒരു ടിപ്പിക്കല്‍ വിജയ് സിനിമയുടെ ഫോര്‍മുലയിലുള്ള ചിത്രമാകില്ല ലിയോ എന്ന് നേരത്തെ തന്നെ സംവിധായകന്‍ ലോകേഷ് പറഞ്ഞിരുന്നു.
ഇതിനെ ശരിവെക്കുന്ന തരത്തിലാണ് വിജയിയെ ലോകേഷ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സിനിമ കണ്ടവര്‍ പറയുന്നു. വിജയ് എന്ന താരത്തില്‍ നിന്ന് മാറി അദ്ദേഹത്തിലെ നടനെ എക്സ്‌പ്ലോര്‍ ചെയ്യാന്‍ ലിയോക്ക് സാധിച്ചു എന്നാണ് മറ്റ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
പെര്‍ഫോമന്‍സ് കൊണ്ട് വിജയ് ചിത്രത്തില്‍ മികച്ച് നില്‍ക്കുന്നതായും സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് തന്നെയാണെന്നും ചര്‍ച്ചകളില്‍ അഭിപ്രായമുണ്ട്.
അതേസമയം സിനിമ മൊത്തത്തില്‍ ആദ്യ പകുതി വളരെ മികച്ചതും അതിലേക്ക് എത്താന്‍ കഴിയാത്ത രണ്ടാം പകുതിയെന്നുമാണ് ആദ്യ ഷോ കണ്ടവര്‍ പറയുന്നത്.
കേരളത്തില്‍ 655 സ്‌ക്രീനുകളില്‍ റെക്കോഡ് റിലീസാണ് സിനിമക്ക് ലഭിച്ചിട്ടുള്ളത്. മികച്ച പ്രീ സെയിലും ലിയോക്ക് കേരളത്തില്‍ ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം ചിത്രം രണ്ടക്ക കളക്ഷന്‍ കേരളത്തില്‍ നിന്നും സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.