29ാമത് ഐ.എഫ്.എഫ്.കെയ്ക്ക് തിരശ്ശീല വീണിരിക്കുകയാണ്. എട്ട് ദിവസങ്ങളിലായി 14 തിയേറ്ററുകളില്‍ 150ലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. പതിനായിരത്തിലധികം പേരാണ് ഇത്തവണ മേളക്കെത്തിയത്. ചലച്ചിത്രമേള അവസാനിച്ചതിന് പിന്നാലെ മേളയുടെ സംഘാടനത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പരാതികളൊന്നും അധികം ഉയര്‍ന്നുകേട്ടില്ലെന്നത് മേളയുടെ മാറ്റുകൂട്ടി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
രഞ്ജിത് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട പ്രേം കുമാറിന്റെ നേതൃത്വത്തിലാണ് ഇത്തവണ മേള നടന്നത്. മുന്‍ വര്‍ഷങ്ങളില്‍ റിസര്‍വേഷന്‍ ചെയ്തിട്ടും സിനിമ കാണാന്‍ സാധിക്കാത്തതുപോലുള്ള അനുഭവങ്ങള്‍ ഇത്തവണ വന്നിരുന്നില്ല. മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് പുറമേ റിസര്‍വ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും സിനിമ കാണാന്‍ അവസരമുണ്ടായെന്നത് മേളയെ ഗംഭീരമാക്കി എന്നും ചിലര്‍ പറഞ്ഞു.
ബുക്ക് ചെയ്തിട്ടും സിനിമ കാണാന്‍ പറ്റാത്തവരുടെ പ്രതിഷേധത്തെ പുച്ഛിച്ചുകളഞ്ഞ മുന്‍ ചെയര്‍മാന്‍ രഞ്ജിത്തിനെയും പലരും വിമര്‍ശിക്കുന്നുണ്ട്. അക്കാദമി തമ്പുരാക്കന്മാരുടെ അകമ്പടിയോടെ രാജാക്കന്മാര്‍ എഴുന്നള്ളാത്ത മേളയെന്ന് ഇത്തവണത്തെ ഐ.എഫ്.എഫ്.കെയെ പലരും വിശേഷിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ മേളയുടെ സമാപന സമ്മേളനത്തില്‍ സംഘാടകര്‍ക്കെതിരെയുണ്ടായ കൂവല്‍ ഇത്തവണ കേള്‍ക്കാന്‍ സാധിച്ചില്ലെന്ന് പറയുന്നവരുമുണ്ട്.
എല്ലാ വര്‍ഷത്തെയും സിഗ്നേച്ചര്‍ ഫിലിമില്‍ ഇത്തവണത്തേത് വ്യത്യസ്തമായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. മലയാളത്തിലെ ആദ്യത്തെ നായികയായ പി.കെ. റോസിയോടുള്ള ആദരസൂചകമായി നിര്‍മിച്ച സിഗ്നേച്ചര്‍ ഫിലിം കൈയടി നേടിയിരുന്നു. ഒപ്പം മേളയുടെ ഹൃദയമായ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പും അവയവദാനത്തിന്റെ ക്യാമ്പയിനും നല്ലൊരു സന്ദേശം നല്‍കിയെന്ന് പലരും അഭിപ്രായപ്പെട്ടു.
20 സെക്കന്‍ഡ് കൊണ്ട് ബുക്കിങ് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പുതിയ ആപ്പും സഹായകരമായെന്ന പോസ്റ്റുകളും കാണാന്‍ സാധിക്കുന്നുണ്ട്. പ്രിയദര്‍ശനും രഞ്ജിത്തും ഇരുന്ന് തേഞ്ഞ കസേരയില്‍ ഇരുന്ന പ്രേം കുമാര്‍ അതിഗംഭീരമായി മേളയെ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ടെന്നും അടുത്ത മേള ഇതിലും ഭംഗിയാകട്ടെയെന്നും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളില്‍ പറയുന്നുണ്ട്.
Content Highlight: Social Media Appreciates Prem Kumar after the success of 29th IFFK