ആസിഫിന് കൈകൊടുത്ത് ദുര്‍ഗ, കൈയടിച്ച് സോഷ്യല്‍ മീഡിയ
Film News
ആസിഫിന് കൈകൊടുത്ത് ദുര്‍ഗ, കൈയടിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th July 2024, 3:03 pm

എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന മനോരഥങ്ങള്‍ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിനിടെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ ആസിഫ് അലിയെ അപമാനിച്ചതിനെതിരെ വലിയ രീതിയിലുളള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ആസിഫ് അലിയില്‍ നിന്ന് താത്പര്യമില്ലാതെ അവാര്‍ഡ് നേടിയ രമേശ് നാരായണന്‍ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ജയരാജില്‍ നിന്ന് അവാര്‍ഡ് വാങ്ങുകയായിരുന്നു. ആസിഫിന് ഹസ്തദാനം നല്‍കാതെ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു രമേശ് നാരായണന്‍. ആരോടും പരിഭവം പറയാതെ മാറിയിരുന്ന ആസിഫ് അലിക്ക് അതേ വേദിയില്‍ ഉണ്ടായിരുന്ന ദുര്‍ഗാ കൃഷ്ണ ഹസ്തദാനം നല്‍കിയിരുന്നു.

അത്രയും വലിയ വേദിയില്‍ തന്റെ സഹപ്രവര്‍ത്തകന്‍ അപമാനം നേരിട്ടപ്പോള്‍ അയാളെ കൂടെയാണ് താനെന്ന് പറയാതെ പറഞ്ഞ ദുര്‍ഗ കൃഷ്ണക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. ആസിഫിന്റെ മാനസിക സംഘര്‍ഷം കുറക്കാന്‍ ദുര്‍ഗ കൊടുത്ത ഹസ്തദാനം താരത്തിന്റെ ഹൃദയ വിശാലതയെ കാണിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

സംഭവത്തിന് പിന്നാലെ രമേശ് നാരായണന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആസിഫിനെ അപമാനിക്കാനോ വിവേചനം കാണിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് രമേശ് നാരായണന്‍ പറഞ്ഞു. തന്റെ പേര് തെറ്റായാണ് അവതാരക വിളിച്ചു പറഞ്ഞതെന്നും താന്‍ ആസിഫിനാണോ ആസിഫ് തനിക്കാണോ മൊമന്റോ നല്‍കേണ്ടതെന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായതെന്നുമാണ് രമേശ് നാരായണന്‍ പറഞ്ഞത്.

സീരീസില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും വേദിയിലേക്ക് വിളിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും രമേശ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു. മനോരഥങ്ങള്‍ സീരീസില്‍ ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന സെഗ്മെന്റിന്റെ സംഗീത സംവിധായകനാണ് രമേശ് നാരായണന്‍.

Content Highlight: Social media appreciates Durga Krishna for giving handshake to Asif Ali