വണ്ടര്‍ ബോയ് യശസ്വി ജെയ്‌സ്വാളിന്റെ (47 പന്തില്‍ 98) അതിവേഗ അര്‍ധസെഞ്ച്വറി കണ്ട് വണ്ടറടിച്ച രാജസ്ഥാന്‍ റോയല്‍സ് ആരാധകരെല്ലാം ഇന്നലെ ഉറങ്ങാന്‍ കിടന്നത് അല്‍പം ദുഃഖത്തോടെയായിരുന്നു. ചെക്കന് അര്‍ഹിച്ച സെഞ്ച്വറി കിട്ടിയില്ലല്ലോ എന്ന ഭാരം അവശേഷിപ്പിച്ചായിരുന്നു മത്സരം തീര്‍ന്നത്.
13.1 ഓവറിലാണ് (41 പന്ത് ശേഷിക്കെ) രാജസ്ഥാന്‍ വിജയതീരമണഞ്ഞത്. ഐ.പി.എല്ലില്‍ 150 റണ്‍സിന് മുകളിലുള്ള സ്‌കോര്‍ ഏറ്റവും വേഗത്തില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ടീമായി പിങ്ക് ആര്‍മി ഇന്നലെ മാറിയിരുന്നു. 2008ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഇന്നിങ്‌സില്‍ 48 പന്ത് ബാക്കി നില്‍ക്കെ ജയം പിടിച്ചെടുത്തതാണ് 150+ വിഭാഗത്തിലുള്ള ഐ.പി.എല്ലിലെ മികച്ച വിജയ റെക്കോഡ്.
എന്നാല്‍, ഈ കണക്കുകളൊന്നും തന്നെ സെഞ്ച്വറി നഷ്ടത്തിന്റെ നിരാശ മായ്ച്ചുകളയുന്നതായിരുന്നില്ല. എന്നാല്‍ സുയാഷ് ശര്‍മ എറിഞ്ഞ പതിമൂന്നാം ഓവറിലെ അവസാന പന്തില്‍ റണ്ണെടുക്കാതിരിക്കാന്‍ സഞ്ജു സാംസണ്‍ കാണിച്ച മഹാമനസ്‌കതയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
വൈഡായി വന്ന പന്ത് ലെഗ് സൈഡിലേക്കിറങ്ങി വന്ന് പ്രതിരോധിക്കുക മാത്രമാണ് സഞ്ജു ചെയ്തത്. അപ്പോള്‍ വ്യക്തിഗത സ്‌കോര്‍ 29 പന്തില്‍ 48 എന്ന നിലയിലായിരുന്നു അദ്ദേഹം. യങ് ജെയ്‌സ്വാളിന് അര്‍ഹതപ്പെട്ട സെഞ്ച്വറിയിലേക്കുള്ള ലാസ്റ്റ് ചാന്‍സ് നിഷേധിക്കാന്‍ സഞ്ജുവെന്ന ക്യാപ്റ്റന്‍ തന്റെ അര്‍ധ സെഞ്ച്വറി പോലും വേണ്ടെന്ന് വെക്കുകയായിരുന്നു.
ജെയ്‌സ്വാളിന് സെഞ്ച്വറി തികയ്ക്കാന്‍ ആറ് റണ്‍സ് കൂടി വേണമെന്നിരിക്കെ അടുത്ത പന്ത് സിക്‌സര്‍ പറത്താന്‍ നായകന്‍ കൂടിയായ സഞ്ജു ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു. കളിക്കളത്തിനകത്ത് സ്വതവെ ശാന്തനായ മലയാളി താരം അതിയായ ആവേശത്തോടെ സഹതാരത്തെ പ്രോത്സാഹിപ്പിക്കുന്നത് ആരാധകരുടെ കണ്ണും മനസും നിറച്ചു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഷര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ പതിനാലാം ഓവറിലെ ആദ്യ പന്ത് വൈഡ് യോര്‍ക്കറായിരുന്നു. ഈ പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് തിരിച്ചുവിട്ട് ബൗണ്ടറിയിലൂടെ ടീമിന്റെ വിജയറണ്‍ നേടാനേ ജെയ്‌സ്വാളിന് കഴിഞ്ഞുള്ളൂ. എന്നാല്‍ താന്‍ കളിച്ചത് സെഞ്ച്വറിക്ക് വേണ്ടിയല്ലെന്നും നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുന്നത് എത്രമാത്രം പ്രധാനമാണെന്ന ഉത്തമബോധ്യമുണ്ടെന്നും താരം മത്സര ശേഷം മനസ് തുറന്നിരുന്നു.
അവസാന ഓവറുകളില്‍ കത്തിക്കയറിയ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് ടീമിന് അത്യാവശ്യമായിരുന്നു. പോയിന്റ് ടേബിളില്‍ മുംബൈയെ (-0.255) മറികടന്ന് മൂന്നാമതെത്താന്‍ പിങ്ക് ആര്‍മിയെ (+0.633) തുണച്ചതും ഉയര്‍ന്ന നെറ്റ് റണ്‍റേറ്റാണ്. സോഷ്യല്‍ മീഡിയയില്‍ ആളാകാനായി മാത്രം സഞ്ജു വെറും സെല്‍ഫിഷാണെന്ന് ചുമ്മാ തള്ളിമറിക്കരുതെന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്.