സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സമനില നേടിയ ഇന്ത്യന്‍ ഗോളിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ. ഒന്നിന് പിറകിലായിരുന്നപ്പോഴാണ് ലാലിയന്‍സുവാല ചാംഗ്‌തേയിലൂടെ ഇന്ത്യ സമനില നേടിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.
38ാം മിനുറ്റിലാണ് ചാംഗ്‌തേയുടെ സൂപ്പര്‍ ഗോള്‍. ടീമിലെ മറ്റൊരു മലയാളി താരം ആശിഖ് കുരുണിയനാണ് ഗോളിന് വഴിയൊരുക്കിയ ആദ്യ നീക്കം നടത്തിയത്. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച പന്ത് മനോഹര നീക്കങ്ങളിലൂടെ ആശിഖ് പന്ത് സുനില്‍ ഛേത്രിക്ക് നല്‍കുകയായിരുന്നു.
ഛേത്രി ഒരു വണ്‍ ടച്ചിലൂടെ ബോക്‌സിനുള്ളിലേക്ക് നല്‍കിയ പന്ത് സഹല്‍ കൃത്യമായ ആന്റിസിപ്പേഷനിലൂടെ കാല്‍വരുതിയിലാക്കി. പിന്നീട് ഫിനിഷ് ചെയ്യാന്‍ പാകത്തിന് ചാംഗ്‌തേയ്ക്ക് നല്‍കുകയായിരുന്നു. ടീം വര്‍ക്കില്‍ പിറന്ന ഈ ഗോളിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം, 14-ാം മിനുറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെയാണ് കുവൈറ്റ് മുന്നിലെത്തിയത്. കളി നിലവില്‍ 90 മിനിട്ടും കഴിഞ്ഞ് അധിക സമയം കളിച്ചുകൊണ്ടിരിക്കുകയാണ്. 4-2-3-1 ശൈലിയിലാണ് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനെ അണിനിരത്തിയത്. 4-3-3 ഫോര്‍മേഷനിലാണ് റൂയി ബെന്റോയുടെ കുവൈറ്റ് കളത്തിലിറങ്ങിയത്.
Content Highlight: Social media applauded the Indian goal that equalized in the SAFF Cup football final