|

എം.എസ്. ധോണിയെ ഹീറോ ആക്കിയത് സോഷ്യല്‍ മീഡിയയും ബ്രോഡ്കാസ്റ്റും; ഗംഭീറിന്റെ പ്രതികരണത്തോട് യോജിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2011ലെ ലോകകപ്പ് വിജയത്തിനുശേഷം എം.എസ്. ധോണിയെ ഹീറോ ആക്കുന്നതില്‍ സോഷ്യല്‍ മീഡിയയെയും ബ്രോഡ്കാസ്റ്റിനെയും ഗൗതം ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ ധോണിയെ മാത്രം ഹീറോ ആയി ചിത്രീകരിക്കുന്നതില്‍ ഗംഭീറിന് അതൃപ്തി ഉണ്ടായിരുന്നു.

കിരീടം നേടിയ ടൂര്‍ണമെന്റില്‍ സഹീര്‍ഖാന്റെയും യുവരാജ് സിങ്ങിന്റെയും സംഭാവനയെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. പേരെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രവീണ്‍ ഒരു മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ആണെന്ന് ഗംഭീര്‍ പറഞ്ഞു.

‘ആരാധന സംസ്‌കാരത്തില്‍ നിന്ന് ഇന്ത്യ പുറത്തുവരേണ്ടതുണ്ട്. അത് ഏത് മേഖലയിലായാലും വലിയ പേരുകളെ ആരാധിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യ എല്ലാവര്‍ക്കും പ്രധാനമുള്ളതായിരിക്കണം. സോഷ്യല്‍ മീഡിയയും പ്രക്ഷേപകരും ചേര്‍ന്നാണ് ഇത്തരത്തിലുള്ള അവസ്ഥ സൃഷ്ടിക്കുന്നത്,’ ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന്റെ അഭിപ്രായത്തോട് പര്‍വീനും യോജിച്ചു.

‘ഗൗതം ഭായ് പറഞ്ഞത് ശരിയാണ്. യുവരാജ് 15 വിക്കറ്റും റണ്‍സും നേടി. സഹീര്‍ ഖാന്‍ 21 വിക്കറ്റ് വീഴ്ത്തിയിരുന്നു. 2007 ടി-20 ലോകകപ്പിലും 2011ലും ഗൗതം ഗംഭീര്‍ റണ്‍സ് നേടിയിരുന്നു.2011ലെ ഫൈനലിലാണ് ധോണി റണ്‍സ് നേടിയത്. ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും സംഭാവനകള്‍ ഉണ്ടായാലേ ടീമിന് ജയിക്കാനാകൂ. ഒരു കളിക്കാരന് മാത്രം ടീമിനായി ട്രോഫി നേടാന്‍ കഴിയില്ല,’ കുമാര്‍ മാധ്യമപ്രവര്‍ത്തകന്‍ ശുഭങ്കര്‍ മിശ്രയോട് പറഞ്ഞു.

Content Highlight: Social media and broadcast made  M.S. Dhoni a hero